Monday, June 13, 2011

കോമാളികള്‍

  ഏകാധിപത്യവും സ്വാര്‍ഥതയും കൈമുതലായവര്‍ക്കെതിരെ സമാധാനത്തിന്റെയും അഹിംസയുടെയും ഭാഷ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്ന് ബാബാ രാംദേവിന്റെ പാളം തെറ്റിയ സത്യാഗ്രഹം വീണ്ടും നമ്മെ പഠിപ്പിച്ചു. 7 ദിവസങ്ങള്‍ അല്ല 70 ദിവസങ്ങള്‍ കഴിഞ്ഞാലും ഒരുപക്ഷെ  ബാബയും കൂടരും മരണം വരിച്ച്ചിരുന്നെങ്കില്‍ പോലും സര്‍ക്കാരിന് പറയാന്‍ ഒട്ടനവധി കാരണങ്ങള്‍ ഉണ്ടാകുമായിരുന്നു.
ആടിനെ പട്ടിയാക്കാന്‍ വിരുതുള്ള പത്ര മാധ്യമങ്ങള്‍ നിയമ വിരുദ്ധമായി സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന 400 ലക്ഷം കൊടിയെ തമസ്കരിച്ചതും നിയമവിധേയമായ രാംദേവിന്റെ ട്രസ്റ്റിന്റെ  സ്വത്തിനു പിറകെ പോയത് വിസ്മയകരം ആയിരുന്നു

പാതിരാത്രിയില്‍ സമരപ്പന്തലില്‍ കേറി പോലിസ് ജാലിയന്‍ വാലാബാഗ്‌ കളിച്ചതും,കോണ്‍ഗ്രസ്സുകാര്‍ അമര്ത്തി മൂളാനും, മുള്ളാനും  പോലും അനുമതി വാങ്ങേണ്ട മേഡം ഇതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞു കൈ കഴുകിയതും (?),കബില്‍ സിബലിന്റെ കിലിക്കിക്കുത്തും,ദിഗ്വിജയന്റെ തോറ്റം പാട്ടും ഒന്നും വെറുതെയായില്ല .
ജനഹൃദയങ്ങളില്‍ ബാബാ രാംദേവ് എന്ന സംന്യാസിയെ വെറും കോമാളിയാക്കി മാറ്റാന്‍ UPA സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും വെറും ഏഴു ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു .
ബാബാ രാംടെവിന്ട ആവശ്യങ്ങളില്‍ അപ്രായോഗികമായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിതന്നെയാണ് (മഹാത്മാ ഗാന്ധിയുടെ പോലും പല അഭിപ്രായങ്ങളും അപ്രായോഗികം ആയിരുന്നു എന്നുള്ളത് വസ്തുതയാണ് )  എന്നാല്‍ പ്രധാന ആവശ്യം അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യമാനെന്നതില്‍ ആര്‍ക്കും തന്നെ രണ്ടഭിപ്രായം ഇല്ല.
ആ ആവശ്യങ്ങള്‍ ആരുടെയൊക്കെ സ്ഥാനം ഇളക്കും എന്നുള്ളത് ഇന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു.
ഇതില്‍ നിന്നും നാം പഠിക്കേണ്ട പാഠങ്ങള്‍ പലതാണ്
അഴിമതിക്കും,കള്ളപ്പണത്തിനും എതിരെ പ്രസംഗിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല, എന്നാല്‍ അതിനെതിരെ നടപടിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍
വാദിയെ പ്രതിയാക്കി മാറ്റാന്‍ കെല്‍പ്പുള്ള അധികാര-മാധ്യമ ശ്രിംഖല സര്‍ക്കാരിനുണ്ട് .
വിദേശ രാജ്യത്തിന്റെ അധിപനായ പോപ്പിനാല്‍ നിയന്ത്രിക്കപ്പെടുന്ന കത്തോലിക്കാ സഭക്കും,മത പരിവര്‍ത്തനം മുതല്‍ നാഗാലാന്റ് അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന പ്രവര്‍ത്തനങ്ങള്‍ വരെ ആസൂത്രണം ചെയ്യാന്‍ കോടികള്‍ ചിലവഴിക്കുന്ന  മറ്റു പല  ക്രൈസ്തവ സഭകള്‍ക്കും, വിഘടനവാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന മതപാഠശാലകള്‍  കെട്ടിപ്പൊക്കാനും, നാനാ തരത്തിലുള്ള ജിഹാടുകള്‍ നടത്താനും പണം ഒഴുക്കുന്ന മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും  എത്ര കോടിയുടെ ആസ്തിയായാലും ചോദിക്കാനോ അലക്കണോ ആരും വരില്ല .
എന്നാല്‍ ഭാരതീയ  സംസ്കാരം പ്രചരിപ്പിക്കാനോ സേവനം ചെയ്യാനോ ഏതെങ്കിലും സംന്യാസിയോ സംഘടനയോ പണം നിയമാനുസൃതമായിത്തന്നെ സമ്പാദിച്ച്ചാലും,ചിലവഴിച്ചാലും  അത് തെറ്റ്.
അഴിമതിക്കും എതിരെ സംസാരിക്കുമ്പോള്‍ നിങ്ങള്‍ സമരം ചെയ്യുന്നത് കേവലം കോണ്‍ഗ്രസ് എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയോടല്ല ഈ രാഷ്ട്രത്തിലെ രാഷ്ട്രീയ മാധ്യമ ശ്രിംഖല യോട് മുഴുവന്‍  ആണ്.
"ഞങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നൊരു നേരിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ വിമാനം ഇറങ്ങുമ്പോള്‍ കാലുകഴുകിച്ച്ച് ആനയിക്കാന്‍ ഞങ്ങളുടെ മന്ത്രിമാര്‍ വരും നക്ഷത്ര ഹോട്ടലില്‍ ചര്‍ച്ചക്ക് ക്ഷണിക്കും വഴങ്ങിയില്ലെങ്കില്‍ ഭീഷണി,അവഹേളനം,മര്‍ദ്ദനം നിങ്ങള്‍ പിന്നെ ഈ രാജ്യത്ത് വെറും ഒരു കോമാളി മാത്രം"
വാല്‍:ഹസാരെ സുക്ഷിക്കുക

Monday, June 6, 2011

കുടുംബ പാര്‍ട്ടിയുടെ വെപ്രാള ലീലകള്‍

    രാം ലീലാ മൈതാനത്ത് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ആശ്ചര്യകരമായിരുന്നു മൈതാനിയില്‍ സമാധാന പൂര്‍വ്വം നടത്തിയ സത്യാഗ്രഹത്തിന്റെ ഇടവേളയില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ തല്ലിച്ചതച്ചുകൊണ്ട് കോണ്‍ഗ്രസ്‌  പാര്‍ട്ടി  ഒരിക്കല്‍ക്കൂടി തങ്ങളുടെ തനിനിറം പ്രകടിപ്പിച്ചിരിക്കുന്നു. എന്താണ് കൊണ്ഗ്രെസ്സിനെ ഇത്ര വെറിളി  പിടിപ്പിക്കാന്‍ പാകത്തിന് രാംലീലാ മൈതാനത്ത്   സംഭവിച്ചത് ?

രാജ്യത്തെ പല ഗ്രാമങ്ങളും അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ അനധികൃതമായി സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന നാനൂറു ലക്ഷം കോടി രൂപ തിരിച്ച് ഇന്ത്യയില്‍ എത്തിക്കണം എന്നും അതിനെ പൊതു  മുതല്‍ ആക്കി മാറ്റണം എന്നും ആവശ്യപ്പെട്ട് ബാബാ രാംദേവ് എന്ന യോഗാ ഗുരുവും അനുയായികളും നടത്തി വന്നിരുന്ന സമരപ്പന്തലില്‍ ജാലിയന്‍ വാലാബാഗിനെ തോല്‍പ്പിക്കുന്ന വിധം മനുഷ്യാവകാശ ലംഘനം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്ത് ?

ആദ്യം ഉന്നത മന്ത്രിമാരെ അയച്ചു സത്യാഗ്രഹത്തില്‍ നിന്നും പിന്മാറാന്‍ അഭ്യര്‍ഥിച്ചു, പിന്നീട് പല തന്ത്രങ്ങളിലൂടെയും തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ പരിശ്രമിച്ചു ,ഒരേ സമയം ദിഗ്വിജയ് സിങ്ങിനെകൊണ്ട് തെറി വിളിപ്പിച്ചും , മന്ത്രിമാരെകൊണ്ട് കാലു പിടിപ്പിച്ചും ഏതുവിധേനയും ഈസമരം അട്ടിമറിക്കാന്‍ മേ
വും കൂട്ടരും ശ്രമിച്ച്ചുകൊണ്ടേ ഇരുന്നു . അതിലൊന്നും വിജയം കാണാതിരുന്ന അവര്‍ ഒടുവില്‍ രാത്രിയുടെ മറവില്‍ സമരപ്പന്തലില്‍ കയറി പൂണ്ടു വിളയാടുകയാരുന്നു.
ഇതില്‍ നിന്നും ഒരു കാര്യം സുവ്യക്തം ആണ് സ്വിസ്സ് ബാങ്ക് അകൌണ്ട് ഇന്ത്യയില്‍ എത്തിച്ചാല്‍ ഏറ്റവും നഷ്ടം കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ക്ക് തന്നെയായിരിക്കാം. അല്ലെങ്കില്‍ ഈകാട്ടിക്കൂട്ടിയതിനൊക്കെ എന്തര്‍ത്ഥം ?
സ്വാതന്ത്ര്യ ഇന്ത്യയില്‍  ജനാധിപത്യത്ത്തിലെ സ്വേച്ഛാധിപത്യ രാജഭരണം എന്ന ആശയത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു കോണ്ഗ്രസ് പാര്‍ട്ടി എന്നും
അടിയന്തിരാവസ്ഥയും, സിഖ് കൂട്ടക്കൊലയും എല്ലാം അതിന്റെ ദ്രിഷ്ടാന്തങ്ങള്‍ തന്നെയാണ് .

പേരിന്റെ വാലായി ഗാന്ധിയും 
ഹൃദയത്തില്‍ മാതൃകയായി മുസ്സോളിനിയും  സ്വീകരിച്ച അഭിനവ ഗാന്ധിമാര്‍ ഇങ്ങനെ ഒക്കെ പെരുമാരിയില്ലെന്കിലെ അത്ഭുതമുള്ളൂ ,
ഈ കുടുംബ പാര്‍ട്ടിയുടെ കിരാത നടപടികള്‍ക്കെതിരെ ഇന്ന് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളും ഉണര്‍ന്നു കഴിഞ്ഞു . വായില്‍ തോന്നുന്നത് പാടി നടക്കുന്ന ദിഗ്വിജയന്മാരും വാക്കിനു വിലയില്ലാത്ത സിബലുമാരും കാണിക്കുന്ന കോപ്രായങ്ങള്‍ ഏറെക്കാലം സഹിക്കാന്‍ ജനങ്ങള്‍ തയാറല്ല എന്നുള്ളത് മനസ്സിലാക്കാന്‍ ഇനിയും തയാരാവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്‌ എന്ന ദുസ്വപ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ജനങ്ങള്‍  നിരബന്ധിതരാകും .



പറയാതെ പറയുന്നത്   : ഞങ്ങള്‍ എന്തും ചെയ്യും കോടികളുടെ അഴിമതിയല്ല ഈ രാജ്യം തന്നെ ഞങ്ങള്‍ വില്‍ക്കും,അജ്മല്‍ ഖസബിനെയും,അഫ്സല്‍ ഗുരുവിനെയും അല്ല ലോകത്തെ എല്ലാ തീവ്രവാദികള്‍ക്കും ബിരിയാണി വച്ചു കൊടുക്കും ഞാങ്ങലെകൊണ്ട് കഴിയുന്ന രീതികളിലോക്കെ ഈ രാജ്യം നശിപ്പിക്കും, ചോദിക്കാന്‍ വന്നാല്‍.......................................

Saturday, June 4, 2011

ഒരു യോഗാ ഗുരുവും കുറെ നൂലാമാലകളും



 
അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ഇതാ ഒരു സന്യാസി വന്നിരിക്കുന്നു.
സ്വിസ്സ് ബാങ്കില്‍ നിന്നും ഇന്ത്യയുടെ മുതല്‍ തിരിച്ചു പിടിക്കണമെന്നും കള്ളപ്പണക്കാരെ ശിക്ഷിക്കണം എന്നതാണത്രേ ആവശ്യം.
ഇവിടെ ന്യായമായും ഉയര്‍ന്നു വരാവുന്ന/വന്ന  ചോദ്യങ്ങള്‍ ഇവയാണ് .
 
ഒരു യോഗ ആചാര്യന് രാഷ്ട്ര കാര്യത്തില്‍ എന്താണ് താത്പര്യം?
അഴിമതിക്കെതിരെ പറയുന്ന ഈ യോഗിക്ക് വലിയ തുകയുടെ ആസ്തി ഇല്ലേ ?
നിരാഹാരം കെടക്കാന്‍ പോണ പന്തലും അതിന്റെ ആര്‍ഭാടം നിറഞ്ഞതല്ലേ ?
ഇവയെക്കുരിച്ച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കട്ടെ
ഒരാള്‍ യോഗ ഗുരുവായാലും സന്യാസിയായാലും അയാള്‍ രാജ്യത്തെ പൌരന്‍ ആണ് ആ നിലക്ക് രാജ്യത്തെ ബാധിക്കുന്ന ഇതു പ്രശ്നത്തിലും ഇടപെടാന്‍ അയാള്‍ക്ക്‌ അവകാശം ഉണ്ട്.
കൂടാതെ ഒരു ജന വിഭാഗത്തെ മുഴുവന്‍ അഴിമതിക്കെതിരെ അണിനിരത്തി സമ്മര്‍ദത്തിലൂടെ സര്‍ക്കാരിനെ കൊണ്ട് ഈ മഹത്തായ ആവശ്യം നേടിയെടുക്കാനുള്ള കഴിവുള്ള ആള്‍ എന്ന നിലയില്‍ അത് അത്യാവശ്യവും ആണ്.
പിന്നെ അദ്ദേഹത്തിന്റെ ആസ്തി അത് നേരായ വഴിയില്‍ സമ്പാദിച്ചതാണോ, അത് തെറ്റായ രീതിയില്‍ (ഉദാ : രാജ്യദ്രോഹം) ചിലവോഴിക്കുന്നുണ്ടോ എന്നും എന്ന് മാത്രം നോക്കിയാ മതി.
പിന്നെ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പന്തലിന്റെ നീളവും വീതിയും കൂടുതലാണെന്നും പറയുന്നതിലും, ഡല്‍ഹിയിലെ കൊടും ചൂടില്‍ (40 ഡിഗ്രീ) കൂളറുകളും ഫാനും വച്ചത് ആഡംബരം ആണ്  എന്ന് പറയുന്നതിലും എന്ത് ഓചിത്യമാണുള്ളത്     എന്നും ചിന്തിച്ചു നൊക്കു. ഇനി ഇത്തിരി പൊടിച്ചാലും 400 ലക്ഷം   കോടി എന്ന വലിയ ഒരു തുക രാജ്യത്തിലേക്ക് എത്തിക്കാനല്ലേ ?
ഞങ്ങള്‍ ഭയക്കുന്നില്ലാ ഭയക്കുന്നില്ലാ എന്ന് അലറിക്കൊണ്ട്‌ ദിഗ്വിജയ് അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പിറുപിറുക്കുകയാണ് .

യോഗാ രാംദേവ് സൌജന്യമായി യോഗ പഠിപ്പിക്കുന്നു എന്നുള്ളത് മറച്ചു വക്കുകയും പതഞ്‌ജലി യോഗ ട്രസ്റ്റിന്റെ 
അഗത്വം എടുക്കുമ്പോള്‍ നല്‍കേണ്ട  സംഭാവനകളെ ഉയര്‍ത്തിക്കാട്ടി പണം വാങ്ങി മാത്രം യോഗ പഠിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു .തങ്ങളുടെ അഴിമതിയും  കഴിവ് കേടിനെയും മറക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുകയാണ് കോണ്ഗ്രസ് .
വാല്‍ക്കഷ്ണം: ഇവിടെ ഞങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്യും ഭീകര വാദിയായ ബിന്‍ ലാദനെ ഞങ്ങള്‍ ലാദന്‍ ജി എന്ന് വിളിക്കും, അഫ്സല്‍ ഗുരുവിനും അജ്മല്‍ കസബിനും നല്ല കോയി ബിരിയാണി വച്ചു കൊടുക്കും, പാക്കിസ്തനീന്നും ബംഗ്ലാടെശീന്നും ഉള്ള നുഴഞ്ഞു കേറ്റക്കാര്‍ക്ക് ഞങ്ങള്‍ Id കാര്‍ഡും പാന്‍ കാര്‍ഡും കൊടുക്കും ,കൊടികളും ,ശതകോടികളും അഴിമതി നടത്തും , അതൊക്കെ ധൈര്യത്തില്‍  ചോദിക്കാന്‍ പ്രതിപക്ഷം പോലും മടിക്കുമ്പോള്‍. ഞങ്ങളെ വെല്ലു വിളിക്കാന്‍ ഒരു ബാബാ രാംദേവോ

Friday, March 18, 2011

ധീരമായ പുഞ്ചിരികള്‍


എട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയിരിക്കുന്നു അതിനുള്ളില്‍ എത്രയോ വസന്തങ്ങളും ശിശിര ഹേമന്തങ്ങളും കൊഴിഞ്ഞു പോയിരിക്കുന്നു എങ്കിലും ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഭഗത് ഒരു ഉണര്‍വുള്ള ഓര്‍മയായി അവശേഷിക്കുന്നു .
തൂക്കുകയറിനുമുന്പില്‍ ചെറു പുഞ്ചിരിയോടെ നിന്ന ആ മൂന്നു ധീരന്മാര്‍ ഭാരതയുവത്വത്ത്തിന്റെ മഹത്വം ലോക ചരിത്രത്തില്‍ തുന്നിപിടിപ്പിക്കുകയായിരുന്നു .
        പടക്കളത്തില്‍ തളര്‍ന്നുവീണ അര്‍ജുനനോടു " ഉത്തിഷ്ഠ കൌന്തയാ  യുദ്ധായ കൃത നിശ്ചയാ " എന്ന് പറഞ്ഞ കേശവ വാണി ഭാരതതീയന്റെ മനസ്സില്‍ നിന്നും താമസ്കരിക്കപ്പെട്ടപ്പോള്‍ , ഭാരതം മുഴുവന്‍ ഘോര തമസ്സില്‍ ആഴ്ന്നുറങ്ങിയപ്പോള്‍. വിശാല വീക്ഷണത്തിന്റെയും സര്‍വ ധര്‍മ സമഭാവനയുടെയും മണ്ണ് നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ വീണു.
 എന്നാല്‍ വീരമാതാ എന്നു പുകള്‍പെറ്റ ഭാരതാംബ അവിടയും ഒരു പിടി വീര പുത്രര്‍ക്ക് ജന്മം നല്‍കി. ശിവാജിയുടെയും, റാണാ പ്രതാപന്റെയും ഒക്കെ വീര ചരിതങ്ങള്‍ അവര്‍ക്ക് പ്രചോതനം ആയി ,
പ്രതികരിക്കാന്‍ അറിയാത്ത ഒരു സമൂഹമായി  ഭാരതത്തെ അധപ്പതിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല.

സിംഹാരൂഡയായ ശ്രീ ദുര്‍ഗയെപ്പോലെ ബ്രിട്ടീഷ്  സാമ്രാജ്യത്തിനു നേരെ കുതിച്ചു ചാടിയ റാണി ലക്ഷ്മീ ബായിയും , "നിങ്ങളിനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം" എന്നു പറഞ്ഞ നേതാജിയും , "ഞാന്‍ സ്വതന്ത്രന്‍"  എന്നു ഉറക്കെ വിളിച്ചു പറഞ്ഞ ചന്ദ്രശേഖര്‍ ആസാദും ,കേരള സിംഹമായ വീര പഴശ്ശി തമ്പുരാനും,വീര സവര്‍ക്കറും,ഭഗത് സിങ്ങും,  ഓരോ ഭാരതീയന്റെ മനസ്സിലും പ്രോജ്വലിക്കുന്നു .ഇവരുടെ നാമങ്ങള്‍ പോലും ഭാരതീയന്റെ ഹൃദയങ്ങളെ പുളകം കൊള്ളിക്കുന്നു ,
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഓരോ സായുധ ഭടന്മാരും നയിച്ച യുദ്ധങ്ങള്‍ക്ക് കഴിഞ്ഞു .
യുവത്വം എല്ലാ അര്‍ത്ഥത്തിലും മനുഷ്യ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് അവിടെ ബാല ചാപല്യങ്ങലോ വൃദ്ധന്റെ ജഡഭാവമോ  ശോഭിക്കുകയില്ല . ആ യുവത്വം സ്വാതന്ത്ര്യ ഭാരതം എന്ന മഹാസങ്കല്പത്തിനായി സസന്തോഷം ബലി അര്‍പ്പിച്ച ഭഗത് സിംഹന്മാര്‍ ,അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ പൂര്‍ണമായും മറന്നു കളഞ്ഞു .കൊലക്കയറിനു മുന്‍പില്‍  നില്‍ക്കുമ്പോള്‍ ആ മുഖങ്ങളില്‍ ഭയമോ ,വിഷമമോ എന്തിനു അവ്യക്തമായ നിര്‍വികാരതയോ അല്ല ഉണ്ടായിരുന്നത് ചുറ്റും നിന്ന ബ്രിട്ടീഷ് പോലീസ്കാരെക്കൂടി അല്‍പ നേരത്തേക്കെങ്കിലും ഭാരത ഭക്തരാക്കി മാറ്റിയ ധീരമായ പുഞ്ചിരിയായിരുന്നു .ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് ആ നാമങ്ങള്‍ ഭാരതീയന്റെ നെഞ്ചില്‍ ചിരപ്രതിഷ്ഠ നേടി. ഒരിക്കല്‍ കൂടി ഭാരതാംബ തന്റെ പുത്രരെ ഓര്‍ത്ത് ആനന്ദ ബാഷ്പം അണിയുകയായിരുന്നു.

                  ഈ വീര സിംഹങ്ങള്‍ നമുക്ക് പ്രചോതനം ആകട്ടെ എന്ത് കണ്ടാലും പ്രതികരിക്കാത്ത ജഡസത്വങ്ങളായി  നമുക്ക് മാറാതിരിക്കാം. ഭഗത് സിംഹന്റെ 80 ആം ബലിദാന ദിനത്തില്‍ . നമ്മുടെ ശിരസ്സുകള്‍ ഒരിക്കലുംപരടെഷികളുടെ മുന്‍പില്‍ താഴരുതെന്നാഗ്രഹിച്ച്ച്ച ആ മഹാ ജ്യോതിസ്സുകല്‍ക്കുമുന്പില്‍ നമ്മുടെ ശിരസ്സുകള്‍ കുനിക്കാം .
വന്ദേ മാതരം

Saturday, February 12, 2011

പ്രണയദിനം






 അങ്ങിനെ മറ്റൊരു ഫെബ്രുവരി 14 ഉം കൂടി കടന്നു വന്നു ,പൂവാലന്‍മാര്‍ക്കും പൂവാലി(?) മാര്‍ക്കും ഒരുദിനം ,പ്രണയത്തിനായ് പ്രാണന്‍ നല്‍കിയ അനശ്വര പ്രണയിതാക്കളുടെ പേരില്‍ നാം വീണ്ടും പ്രണയദിനം ആഘോഷിക്കുന്നു .നഷ്ടസ്വപ്നങ്ങള്‍ സമ്മാനിച്ച കാളരാത്രികളില്‍ വിധിയെ  പഴിച്ചുകൊണ്ട് നഷ്ടപ്രണയത്തിന്റെ ദുഃഖം പേറി കഴിഞ്ഞവര്‍ക്ക് വീണ്ടും ഒരവസരം .പ്രണയമെന്തെന്നു  അറിയാത്തവര്‍ക്കായി   ഹൃദയ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന ദിനം പ്രണയത്തില്‍ ജീവിക്കുന്ന്നവര്‍ക്ക് അതിന്റെ 'ചൂടും ചൂരും ' ആസ്വദിക്കാന്‍ ഒരു ദിനം .ഹോട്ടലുകളിലും , പാര്‍ക്കുകളിലെ കുറ്റിക്കാടുകളിലും ഇന്റര്‍നെറ്റ്‌ കഫെകളിലും ,നഗരത്തിലെ  ഏകാന്തമായ കോണുകളിലും, വിദ്യാലയങ്ങളിലെ ഒഴിഞ്ഞ മുറികളിലും അങ്ങിനെ  എവിടയോക്കയോ ഒളിച്ചു വച്ച  ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദ്രിശ്യങ്ങള്‍ക്കായി ,അതില്‍ മെനഞ്ഞെടുക്കുന്ന കഥകള്‍ക്കായി, കാത്തിരിക്കുന്ന ചില - 'വാലന്‍'മാരുടെ ദിനം
         ഓരോ പ്രണയ ദിനവും കയ്യില്‍ 'ചിക്കിളി' കുറവുള്ള ദരിദ്രവാസി കാമുകന്മാര്‍ക്ക്  ഒരു ഭയപ്പെടുത്തുന്ന ഓര്‍മയാണ് . പഴയകാല  പ്രണയത്തിന്റെ ഓര്‍മകള്‍ക്ക്  നിറം പകര്‍ന്നിരുന്നത് ആകാശം കാണാതെ പുസ്തകത്താളിനിടയില്‍ ഒളിച്ചിരുന്ന മയില്‍പീലിത്തുണ്ടുകളും  ,ചിരിച്ചുടഞ്ഞ വളപ്പൊട്ടുകളും ,പളുങ്കുപാത്രത്തില്‍ ആരുംകാണാതെ കരുതിവച്ച്ച മഞ്ചാടികുരുക്കളും ആയിരുന്നെങ്കില്‍ ഇന്നാസ്ഥാനം കയ്യടക്കിയിരിക്കുന്നത് പ്രണയദിന സമ്മാനമെന്ന ബ്രാന്റില്‍  കമ്പോളങ്ങളില്‍ നിറഞ്ഞാടുന്ന മറ്റു പലതുമാണ് .അതില്‍ ആശംസാ കാര്‍ഡുകളും ചോക്ലേറ്റുകളും മുതല്‍ അങ്ങോട്ട്‌ എന്തുമാകാം
  എന്നാല്‍ പ്രണയദിനത്ത്തിനു ഒരു ശാസ്ത്രമുണ്ട് .ഓരോ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രണയദിനവുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രം.അടിവസ്ത്രങ്ങള്‍ മുതല്‍ അംബരചുമ്പികളായ ഫ്ലാറ്റുകള്‍ വരെ പ്രണയദിനത്തില്‍ വിറ്റഴിക്ക പെടുന്നതും ,ഇന്റര്‍നെറ്റ്‌ കഫെകളും, ഹോട്ടലുകളും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സൌകര്യങ്ങള്‍ നല്‍കുന്നതും,മൊബൈല്‍ കമ്പനികള്‍ SMS ലൂടെയും MMS ലൂടെയും കോടികള്‍ കൊയ്യുന്നതും
മെഡിക്കല്‍ സ്റോറുകള്‍ 'കരുതല്‍' നടപടിക്കുള്ള വസ്തുവഹകള്‍  വന്‍തോതില്‍ വിറ്റുകൂട്ടുന്നതും ഈ ശാസ്ത്ര ത്തിന്റെ വിജയമാണ്
   അമ്മദിനം ,അച്ചന്‍ദിനം,വനിതാ ദിനം തുടങ്ങി എന്ത്തിനും ഏതിനും ദിനമുള്ള ഈ നാട്ടില്‍ ഇതൊക്കെ ഏറ്റവുമധികം ആഘോഷിക്കുന്നത് നമ്മുടെ ചാനലുകള്‍ തന്നെ അവര്‍ ഈ വാലന്റൈന്‍സ് ഡേയും പൂര്‍വാധികം ഭംഗിയായ്‌ ആഘോഷിക്കും ,കരിഞ്ഞ ഉള്ളിവടപോലെ തലമുടിയും കാണേണ്ടത്  കാണേണ്ടതുപോലെ  കാണിക്കുന്ന വത്രധാരണവും ഒറ്റനോട്ടത്തില്‍ അറപ്പുതോന്നുന്ന ആംഗ്യങ്ങളും, കേട്ടാല്‍ മനസ്സിലാവാത്ത മലയാളവും, ഇത്തിരിതോലിക്കട്ടിയും ഉള്ള ഒരു പെണ്ണും ,അവിടെയും ഇവിടെയും അല്പാല്പം രോമം തിങ്ങിയ ബോറന്‍ മോന്തയും(ബോബനും മോളിയിലെ ഹിപ്പിയെപ്പോലെ ) അടിവസ്ത്രത്ത്തിന്റെ ബ്രാന്റ് കാണിക്കുന്ന മേല്‍വസ്ത്രങ്ങളും കുത്താന്‍ പറ്റിയ ഇടമോക്കെ കുത്തി തൂക്കിയ കമ്മലും  ,ഇക്കിളിയാക്കിയാല്‍ പോലും ചിരി വരാത്ത കൊറേ ചളി തമാശകളും കയ്യിലുള്ള ഒരു പയ്യനും ഉണ്ടെങ്കില്‍ പ്രണയദിനത്തില്‍  ചാനലുകള്‍ക്ക് കുശാല്‍. ,പിന്നെ കാമുകീ കാമുകന്മാര്‍ക്കു പാട്ടുകള്‍ ഡഡിക്കേററ് ചെയ്യാം ,പക്ഷെ ചില ചോദ്യങ്ങള്‍ ചോദിക്കുമെന്ന് മാത്രം (അയ്യോ ..............)
     
ആദ്യമായി കണ്ടത് എന്നാണു?,എവിടെ വച്ചാണ് ?,
      ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ എന്താണ് ? ഇഷ്ടപ്പെടാത്തത് എന്താണ് ?
      ആദ്യമായ് സമ്മാനിച്ചത്‌ എന്ത്  ?
       ആദ്യമായ് തൊട്ടതു എപ്പോള്‍  ?
       *
       *
ചോദ്യങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ യുഗ്മഗാനം ഡഡിക്കേററ് ചെയ്യാന്‍ വിളിച്ചവര്‍ വിരഹഗാനം  ഡഡിക്കേററ് ചെയ്യ്തു വിടപറയും ,എന്നാലും ചാനലുകള്‍ ക്ക് കുശാല്‍ തന്നെ .

            പീഡനവും വാണിഭവും തൊഴിലാക്കിയവര്‍ക്കും ,പ്രണയത്തോലണിഞ്ഞ    ലവ് ജിഹാദികള്‍ക്കും,ഇതൊരു സുവര്‍ണ ദിനം തന്നെയാണ് പ്രണയത്തിന്റെ തഴുകലില്‍ ജീവിതം തന്നെ നഷ്ടപ്പെട്ടവര്‍ ഒട്ടും കുറവല്ലാത്ത ഈ  നാട്ടില്‍ അവര്‍ക്കായി ഒരു ദിനം തന്നെ വേണമെന്നും അഭിപ്രായം ഉണ്ട് .

അന്ധമായ പരസ്പര സ്നേഹത്തില്‍ നിന്നും പരസ്പര ഉപഭോഗത്ത്തിലേക്ക് പ്രണയം അധപ്പതിക്കുമ്പോള്‍ പ്രണയദിനവും മറ്റുകൊപ്രായങ്ങളും അര്‍ത്ഥവത്തായി തോന്നപ്പെടുന്നു
പ്രണയിക്കാന്‍ ഒരു ദിനം എന്ന്  പറയുന്നത് നദിക്കു ഒഴുകാനും, മനുഷ്യന് ശ്വസിക്കാനും ഒരു ദിനം എന്നതുപോലെ വിഡ്ഢിത്തമാണ് , ഫെബ്രുവരി 14 ഉണ്ടാകുന്ന ഒരു അത്യപൂര്‍വ ഭാവം അല്ല പ്രണയം അത് ഒരു നദി  പോലെ അനസ്യൂതം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സുന്ദരമായ അനുഭവമാണ് .അതിനൊരു ദിനത്തിന്റെയോ അതിലൂന്നിയ അല്പത്ത പരമായ ആഘോഷങ്ങളുടെയോ ആവശ്യമില്ല എന്ന് മാത്രമല്ല അത് പ്രേമമെന്ന മനോഹരമായ വികാരത്തിന്റെ മനോഹാരിതയെ തച്ച്ച്ചുടയ്ക്കുന്നതുമാണ്‌.
തുമ്പ് : തെരഞ്ഞെടുപ്പൊക്കെ വരാറായില്ലേ   ഇരുമുന്നണികളും കൂടിയലോചിച്ച്  ഈ പ്രണയദിനം സ്ഫോടന -ബസ്കത്തിക്കല്‍പ്രതികളായ ഭാര്യാഭാര്ത്താക്കാന്‍ മാരുടെ പേരില്‍ ആഘോഷിച്ചാല്‍ കുറച്ച്  വോട്ട് കൂടുതല്‍ പിടിക്കാം


Tuesday, January 18, 2011

എന്തുകൊണ്ട് ശബരിമല ?

[ശബരിമല ദുരന്തത്തെക്കുറിച് എല്ലാവരും ധാരാളം ബ്ലോഗ്ഗിയിട്ടുണ്ട് അതിനാല്‍ മറ്റു ചില ശബരിമല വിശേഷങ്ങള്‍ ]





"12 മുതല്‍ 24 മണിക്കൂര്‍ വരെ ഇരിക്കാന്‍ സ്ഥലമോ കുടിക്കാന്‍ വെള്ളമോ പോയിട്ട്
ഒന്ന് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ(ശ്വാസം കിട്ടിയാല്‍ ഫ്രീ ആയി ശ്വസിക്കാം ) ,കൂടെ പലയിടങ്ങളിലായി മൂത്രത്തിന്റെയും മലത്തിന്റെയും അഴുകിയ ഭക്ഷണത്തിന്റെയും ക്ലോറിന്റെയും ചേര്‍ന്ന 'സുഗന്ധം', തിക്കിയും തിരക്കിയും മുന്നോട്ടു പതുക്കെ നീങ്ങാം ഇടയ്ക്കിടക്ക് വഴിമുടക്കികളായി വടമോ, ചങ്ങലയോ കുറുകെ കെട്ടിയിട്ടുണ്ടാകും നിശ്ചിത ഇടവേളകളില്‍ ഈ ബന്ധനം പോലിസ് ഏമാന്മാര്‍ അഴിച്ച്മാറ്റും പിന്നെ വരുന്നത് ഒരു തള്ളാണ്  അതില്‍ ചിലപ്പോള്‍ സര്‍വ അസ്ഥികളും ഒടിഞ്ഞു  നുറുങ്ങാം, തട്ടി വീണാല്‍ മുകളിലൂടെ നൂറുകണക്കിന് ജനങ്ങള്‍ ചവിട്ടി അരക്കാം ,അവിടെ കിടന്നു വിളിച്ചു കൂവിയാലും കേള്‍ക്കാന്‍ ആരും ഉണ്ടാവില്ല ."

           വിവരണം കേട്ടിട്ട് കൂട്ടമായി കൊല്ലാന്‍ കൊണ്ടുപോകുന്ന പോത്തുകലെക്കുരിച്ചാണ് എന്ന് കരുതിയെങ്കില്‍ തെറ്റി .ശബരിമാലയെന്ന കേരളസര്‍ക്കാരിന്റെ കറവപശുവായ ശബരിമല ക്ഷേത്രത്തിലെ ഭക്തര്‍ നേരിടുന്ന  സുന്ദരമായ അനുഭവങ്ങളാണിത്.
പരിമിതികള്‍ വളരെ ഏറെയുണ്ട് എന്നതിനെ മറക്കുന്നില്ല ,അര്‍ത്ഥ ശൂന്യമായി ആരെയും പഴിചാരുന്നുമില്ല എന്നാലും ശബരിമലയില്‍ നാം ഓരോ വര്‍ഷവും ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലങ്ഘനം ആണെന്നതില്‍ സംശയം ഇല്ല .ഓരോ വര്‍ഷവും കോടികള്‍ ലാഭം കൊയ്യുന്ന ശബരിമലയില്‍
അടിസ്ഥാന സൌകര്യങ്ങള്‍  പോലും ഇല്ല എന്നത് ഒരു വട്ടം എങ്കിലും ശബരിമലയില്‍ പോയവര്‍ക്ക് വ്യക്തമാണ് .അടിസ്ഥാന സൗകര്യം എന്ന് പറഞ്ഞാല്‍ കാട് വെട്ടി തെളിച്ചു അവിടെ 3 സ്റ്റാര്‍ ബാറും ,റിസോര്‍ട്ടും ഹേലിപാഡും വേണം എന്നല്ല ,അവിടെ പോകുന്ന അയ്യപ്പന്മാര്‍ക്ക് നേരാംവണ്ണം 'വെളിക്കിരിക്കാന്‍' സൗകര്യം എങ്കിലും ചെയ്തുകൊടുക്കണം
"പമ്പയില്‍ ഒഴിച്ചാല്‍ പിന്നെ സന്നിധാനത് " എന്ന മട്ടിലുള്ള സൌകര്യങ്ങളാണ് ഇപ്പോള്‍ ഉള്ളത് . പമ്പ മുതല്‍ സന്നിധാനം വരെ സര്‍വ മരത്തിലും ആണിയടിച്ചു "അയ്യപ്പന്‍റെ പൂങ്കാവനം വൃത്തിയായി സൂക്ഷിക്കൂ" എന്നെഴുതിയ  പലക കേട്ടിത്തൂക്കിയത് കൊണ്ടൊന്നും പൂങ്കാവനം വൃത്തിയാവില്ല .കോടിക്കണക്കിനു ജനം വരുന്ന ഈ വഴിയില്‍ താത്കാലികമായെങ്കിലും ബാത്ത്റൂം-ടോയലെറ്റ്‌  സൌകര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം ."പ്ലാസ്റിക് ഭീകരനാണ് " എന്ന് കിടന്നു കാരിയിട്ടും ഫലമില്ല കുറഞ്ഞ പക്ഷം കാനന പാതയിലെങ്കിലും പ്ലാസ്റിക് കുപ്പികളുടെ നിരോധനം നടപ്പാക്കണം (റീ സൈക്കിളബില്‍ ആയാലും അതും വനഭൂമിയില്‍ മാലിന്യം നിറയ്ക്കും ) അയ്യപ്പന്മാര്‍ക്ക് എപ്പോളും കുടിവെള്ളം ലഭ്യമാകണം .

                 മകര ജ്യോതി തട്ടിപ്പായാലും വെട്ടിപ്പായാലും അത് കാണുന്നവര്‍ അതിനെ അയ്യപ്പന്‍റെ പ്രതീകമായി കാണുന്നു , അള്ളാഹു അല്ലാതെ മറ്റു ദൈവങ്ങളെ അംഗീകരിക്കില്ലെന്നും ,മുഹമ്മദിനുശേഷം പ്രവാചകന്‍മാര്‍ ഉണ്ടാവില്ലെന്നും  (അയ്യപ്പന്‍ ദൈവമോ ,പ്രവാചകനോ അല്ല എന്ന് ചുരുക്കം )5 നേരം ഉച്ചത്തില്‍ വിളിച്ചു പറയുന്ന പള്ളിയില്‍ ,അയ്യപ്പനെ  തൊഴുന്ന അതേ ഭക്തിയോടെ തന്നെ വാവര്‍ എന്ന അയ്യപ്പ സ്നേഹിതനെ വണങ്ങുന്ന ഭക്തന്‍ അതിന്റെ ചരിത്രമോ ഉദ്ദേശശുദ്ധിയെയോ ചിന്തിക്കുന്നില്ല അതിനെ മതസൌഹാര്‍ദ്ദമായി വാഴ്തുന്നവര്‍ മകര ജ്യോതിയെക്കുരിച്ച്ചു പരിഭ്രാന്തര്‍ ആകുന്നതിലെ യുക്തി മനസ്സിലാകുന്നില്ല .വിശ്വാസങ്ങള്‍ എല്ലാം അന്ധം തന്നെയാണ് അത് യേശു കന്യകാപുത്രന്‍ ആണെന്ന് പറയുന്നതായാലും  ,മുഹമ്മദിന് ദൈവം വെളിപാട് കൊടുത്തു എന്ന് പറയുന്നതായാലും അഴിക്കോട് മാഷ്‌ 'ബുദ്ധി'ജീവി ആണെന്ന് പറയുന്നതായാലും . എന്നാല്‍ ഒരുവന്റെ വിശ്വാസം അവനു സന്തോഷം കൊടുക്കുകയും മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാതിരിക്കുകയും ചെയ്‌താല്‍ അതിനെ നിന്ദിക്കേണ്ട ആവശ്യം എന്താണ് ?
അയ്യപ്പന്‍ ചരിത്ര പുരുഷന്‍ ആയാലും അല്ലെങ്കിലും, മകരജ്യോതി കള്ളത്തീ ആയാലും കാട്ടുതീ ആയാലും അത് കാണാന്‍ എത്തുന്നവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്
വാവര്‍ മസ്ജിത് എരുമേലി
       ഈശ്വരന്‍ ഉണ്ട് എന്നത് യുക്തിരഹിതം ആണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടായിരിക്കാം , ദൈവത്തെ വിഗ്രഹങ്ങളിലൂടെ ആരാധിക്കുന്നത് തെറ്റെന്നു വിശ്വസിക്കുന്നവരുണ്ടാകം എന്നാല്‍ ശബരിമലയില്‍ വര്‍ഷാവര്‍ഷം വന്നു പോകുന്നത് ഇന്നാട്ടിലെ പൌരന്മാരും സര്‍വോപരി മനുഷ്യരും ആണെന്നത് മറക്കാതിരിക്കുക

Tuesday, January 11, 2011

അസ്തമയമില്ലാത്ത മഹാസൂര്യന്‍

ആയിരത്താണ്ടുകളുടെ അടിമത്തം ഭാരതത്തിനും അവളുടെ പുത്രന്മാര്‍ക്കും സമ്മാനിച്ച അലസതയും ആത്മവിശ്വാസമില്ലായ്മയും തട്ടി ദൂരെയെറിഞ്ഞുകൊണ്ട് ആ കാഷായ വസ്ത്രധാരി ഗര്‍ജിച്ചു "ഉത്തിഷ്ട്ടത ജാഗ്രത പ്രാപ്യവരാന്‍ നിബോധത "
പൌരസ്ത്യമായതിനെ ഒക്കെയും  നിന്നിക്കുകയും പാശ്ചാത്യമായതോക്കെയും അന്ധമായി അനുകരിക്കുകയും ചെയ്തിരുന്ന ഇരുളടഞ്ഞ ആ ഭൂതകാലത്ത് ഉജ്വല പ്രഭാതൂകി ആ യുവ സന്യാസി സ്വാഭിമാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഭാരതീയ യുവത്വത്തിനു നല്‍കി .
പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഭാരത സംസ്കാരത്തെ കുറിച്ച് അറിവും ആദരവും വളര്‍ത്തി ലോക മതങ്ങളുടെ മാതാവായ സനാതന ധര്‍മത്തിന്റെ മഹത്തായ സന്ദേശം സര്‍വ ദേശങ്ങളിലും മുഴക്കി , അന്ധ വിശ്വാസങ്ങളുടെയും  അത്യാചാര - അനാചാരങ്ങളുടെ പടുകുഴിയില്‍ നിന്നും ഹൈന്ദവ ജനതയെ ഉദ്ധരിച്ച് ഒരു പുതുവെളിച്ചം  പരത്തിയ ആ കര്‍മ യോഗി യുടെ നാമം കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഭാരതത്തിലെ ഓരോ മണല്‍ത്തരിയും ആലസ്യം വെടിയുന്നു .

മഹാദേവ വരപ്രസാദം കൊണ്ട് വിശ്വനാഥ് ദത്തക്കും, ഭുവനേശ്വരി ദേവിയുടെയും പുത്രനായി 1863 ഒരു മകര സംക്രാന്തി ദിന ത്തിലെ തണുത്ത  പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന  ആ മഹാസൂര്യന്‍ ഉറങ്ങിക്കിടന്ന ഭാരതീയരെ തട്ടിയുണര്‍ത്തി  . യാതൊന്നിനെയും ഭയക്കാത്ത ,സത്യത്തിനുവേണ്ടി  സര്‍വവും ത്യജിക്കുന്ന, ഗുരുഭകതിയുടെയും ത്യാഗത്തിന്റെയും, ഉത്തമവും അനുകരണീയവുമായ ഉദാത്ത മാതൃകയായിരുന്നു സ്വാമി വിവേകാനന്ദന്‍ ,
അലസതയല്ല കര്‍മകുശലതയാണ് ആധ്യാത്മികതയെന്നു ലോകത്തിനു തന്റെ പ്രവത്തനങ്ങളിലൂടെ ആണ് നിമിഷം തെളിയിച്ചു കൊണ്ടേയിരുന്നു .
യുവത്വം എങ്ങിനെ വിനിയോഗിക്കണം എന്നും യുവാക്കള്‍ എങ്ങിനെ ആയിരിക്കണം എന്നും സ്വാമികള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു
വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ കഴിയുന്നതിലും വലിയ ഈശ്വരാരാധന ഇല്ലെന്നു പറഞ്ഞ സ്വാമികള്‍ "മാനവ സേവ മാധവ സേവ " എന്ന് ഉത്ബോധിപ്പിച്ച്ചു .

ഇന്നും അവിടുത്തെ വാക്കുകള്‍ക്കു അനുനിമിഷം പ്രസക്തി വര്‍ത്ധിച്ച്ചുകൊണ്ടിരിക്കുന്നു ,ഇന്നിതാ വീണും ഒരു വിവേകാനന്ദ ജയന്തി വന്നണഞ്ഞിരിക്കുന്നു,

നമുക്ക്
സ്മരിക്കാം ആ മഹാത്ഭുതത്തെ

പകര്‍ത്താം സ്വജീവിതത്തിലാ വാക്കുകള്‍

മുറുകെ പിടിക്കാം ആ മൂല്യങ്ങളെ

നമ്മുടെ കര്‍ണ്ണപുടങ്ങളില്‍ അദ്ദേഹത്തിന്റെ ആ മഹാ വൈഖരി സദാ മുഴങ്ങട്ടെ

"എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ."

"ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത"

Thursday, January 6, 2011

ഒമറിന്റെ പിറുപിറുക്കലുകള്‍


സ്വന്തം ഭുമിയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഭാരതം എത്തിചേര്‍ന്നിരിക്കുന്നു .
സര്‍വ മതസമഭാവന യുടെയും,അമ്തെതരത്വത്തിന്റെയും ശാന്തി ഗീതങ്ങള്‍ മുഴങ്ങുന്ന ഈ നാട്ടില്‍ അതിന്റെ ദേശീയ പതാക ഉയര്‍ത്താന്‍ സാധിക്കാതെ വന്നിരിക്കുന്നു ,
കാശ്മീര്‍  ഭാരത പതാകയെ വെറുക്കുന്നതെന്തേ  ?
ത്യാഗം ,ശാന്തി ,സമൃദ്ധി മുതലായ മഹത്തായ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ത്രിവര്‍ണ പതാകയോട് കാശ്മീരിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക്‌ എന്താണ് ഇത്ര വിരോധം ?
രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തേണ്ട    ഭരണത്തലവന്മാര്‍ , അത്തരം വിഘടന വാദികള്‍ക്ക് ഓശാന പാടുന്നത് ഏത് വികാരത്തിന്റെ പേരിലാണ് ഭയത്തിന്റെയോ ? ,അതോ 'ഞമ്മന്റെ ആള്‍ ' എന്ന സ്നേഹം കൊണ്ടോ ?
        
              B.J.P പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാന്യ മുഖ്യന്‍ ഒമര്‍ അബ്ദുള്ള പറയുന്നത് , അതിനീ B.J.P  ക്കാര് അവിടെ ഉയര്‍ത്താന്‍ പോണത് കാവി ക്കൊടിയോന്നുമാല്ലല്ലോ !!   ഇന്ത്യന്‍ ഭരണഘടനാപ്രകാരം അധികാരമേറ്റ മുഖ്യമന്ത്രി കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ല എന്നാണോ ?
ഒമര്‍ അബ്ദുള്ളക്കു 'ചോറ് ഇവിയും കൂറ്  അവിടയും 'എന്നങ്ങാനും ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ സാധിക്കുമോ ? ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമാണ്‌ അതിന്റെ പതാക . അത് ആ രാജ്യത്തില്‍ ഉയര്ത്തരുത് എന്ന് പറയുന്നത് കടുത്ത രാജ്യദ്രോഹക്കുറ്റം തന്നെയാണ് .
-ഒമര്‍ അബ്ദുള്ള

കാശ്മീരിലും ,നാഗ ലാന്റിലും ഒക്കെ ഭാരതത്തിന്റെ ദേശീയചിഹ്നങ്ങള്‍  അപമാനിക്കപെടുമ്പോള്‍ ഇവിടെ പ്രതികരിക്കാത്ത്തവര്‍ , പാലസ്തീനിന്റെ പരമാധികാരത്തിന്മേലുള്ള  ഇസ്രായേല്‍ കാന്നുകയറ്റത്തെയും, അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തെയും ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുന്നു  
 
   തുമ്പ് : ഭൂരിപക്ഷവര്‍ഗീയവാദം ആണ് ഇന്ത്യ നേരിടുന്നെതെന്നു പറഞ്ഞ രാഹുല്‍ഗാന്ധിയോട്  ഒരു ചോദ്യം :
ഏതെങ്കിലും ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത്  ദേശിയ ചിഹ്നങ്ങള്‍ ഇത്തരുണത്തില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ ?

Monday, January 3, 2011

സമദൂര പണിക്കര്‍

മന്നം ജയന്തിയോടനുബന്ധിച്ച് നാരായണ പണിയ്ക്കര്‍ നടത്തിയ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ സമാജ സ്നേഹം വ്യക്തമാക്കുന്നതത്രേ !, ഇടതന്റെയും വലതന്റെയും തെറ്റായ നയങ്ങള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ സമദൂര സിദ്ധന്തത്തെക്കുറിച്ച് പുനര്‍വിചന്തനം നടത്തും എന്നാണു കാരണവര്‍ വീര വാദം മുഴക്കിയത് .
ഇത് കേട്ട് ചിരിക്കാതിരിക്കാന്‍ 'അരൂപി'ക്ക് കഴിഞ്ഞില്ല , ദയവായി പണിക്കര്‍ ചേട്ടന്‍ ക്ഷമിക്കണം ,

       എല്ലാ തിരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലുള്ള ഭീഷണികള്‍ മുഴക്കാറുള്ളതാണല്ലോ എന്നിട്ട് ഇത് വരെ ആപ്പറഞ്ഞ സമദൂരം ചേട്ടന്‍ കൈവിട്ടില്ലല്ലോ ?, അതുപിന്നെ ഇതൊക്കെ പറയാം എന്നല്ലാതെ പ്രവര്‍ത്തിക്കാന്‍ പറ്റുമോ ,ചേട്ടന്  എല്ലാത്തിനും അതിന്റെതായ രീതിയുണ്ട് .
 പ്രതി വര്ഷം ഏറ്റവും കൂടുതല്‍ തവണ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന ചെയ്ത മുന്നണിയെ നോക്കി ജയിപ്പിക്കണം അത്  കഴിഞ്ഞാല്‍ ,പിന്നേം 'സമദൂര' വിടുവായത്തം പറഞ്ഞു പെരുന്നയില്‍ കഴിയാം
ഇടയ്ക്കിടയ്ക്ക് സൗകര്യം പോലെ ഭൂരിപക്ഷം കഷ്ടപ്പെടുന്നു എന്നോ ,സര്‍ക്കാര്‍ ന്യുന പക്ഷ പ്രീണനം നടത്തുന്നു എന്നോ ,ഹിന്ദു ഐക്ക്യം തകര്‍ത്തത് തങ്ങളല്ലന്നും ഒക്കെ തോന്നുമ്പോളൊക്കെ  വിളിച്ചു കൂവാം ,ഇടയ്ക്കിടക്ക് നാടിന്റെ പലഭാഗങ്ങളില്‍ സാമുദായികാചാര്യന്റെ പ്രതിമ അനാശ്ചാതനം ചെയ്യാന്‍ പോകാം , യാത്രച്ചിലവും ഭക്ഷണവും കരയോഗക്കാര്‍ തരും ,പിന്നെ ഓരോരോ പാര്‍ട്ടിക്കാരെ പെരുന്നയില്‍ വിളിച്ചു നല്ല തറവാടന്‍ കറികളൊക്കെ കൊടുത്തു സല്ക്കരിക്കാം .പിന്നെയും അറിയപ്പെടാത്ത പല മെച്ചങ്ങളും ഈ 'സമദൂരം ' കാരണം വന്നു ചേരും ഇതൊക്കെ തരുന്ന ഈ സിദ്ധാന്തത്തെ മറന്നു   വയസാന്‍ കാലത്ത് റിസ്ക്‌ എടുക്കണോ ?

തുമ്പ് : പെരുന്നയില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള ദൂരവും
              തിരിച്ചുള്ള  ദൂരവും സമമാണോ ?