Sunday, July 15, 2012

ഇതാണ് ക്രൂരത...



കേരളം മുഴുവന്‍ ഒറ്റ മനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകിയ നിമിഷങ്ങളായിരുന്നു സ്വാതിയുടെ ജീവന് തിരിച്ചു കിട്ടാന്‍ അത്യധികം സാഹസികമായ ഒരു ശസ്ത്രക്രിയക്കുള്ള സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി .. അനുമതി കിട്ടിയതും, ശസ്ത്രക്രിയ വിജയകരമായ് പര്യവസാനിച്ചതും സന്തോഷതോടുകൂടിയും പ്രാര്‍ഥനാ പൂര്‍വവും നാം അറിഞ്ഞു, എന്നാല്‍ ഈ സംഭവത്തെ തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ക്ക് വേണ്ടി അപഹാസ്യമായ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതിലും അത് ചെയ്തു ആത്മ നിര്‍വൃതി അണയുകയും ചെയ്യുന്ന ഒരുപറ്റം സൈബര്‍ ജീവികളെ അത്ഭുതത്തോടെയും വേദനയോടും മാത്രമേ എനിക്ക് നോക്കികാണാന്‍ കഴിഞ്ഞുള്ളൂ.
 

ടിന്റുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ ഉള്ള അക്കൌണ്ടില്‍ നിന്നും ഇട്ട ഈ അസ്ലീലത്ത്തിനു ലൈക്കുകളും ഷെയറുകളും ഇരുപതിനായിരത്തിനു മുകളില്‍ കവിഞ്ഞു എന്നു കാണുമ്പോലെ സോഷ്യല്‍ മീഡിയയിലെ യുവാക്കള്‍ക്ക് ബാധ്ച്ച്ചിരിക്കുന്ന രോഗ തീവ്രത നമുക്ക് മനസ്സിലാക്കാന്‍ പറ്റു.
കേരളത്തിലെ മറ്റു പല ആശുപത്രികളും കയ്യൊഴിഞ്ഞ അത്യധികം അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ അത്യാധുനികമായ എല്ലാ സങ്കേതങ്ങളുടെയും സഹായത്തോടെയും പ്രകല്‍ഭന്‍മാരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലും നടത്തുകയും ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ അനുമോദിക്കുന്നതിനു പകരം അതിനെ നിന്നിച്ചു കൊണ്ട് പോസ്റിറക്കുംപോള്‍ മനോരോഗത്തിന്റെ ലക്ഷണമായ് മാത്രമേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ. 


അമൃതാനന്ദമയി എന്ന വ്യക്തിത്വത്തോടുള്ള വിരോധം പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരവും നമ്മള്‍ പാഴാക്കാറില്ല. ഇതിനു മാത്രം എന്ത് തെറ്റാണ് ആ സ്ത്രീ കേരളത്തോട് ചെയ്തത് ? വിദ്യാഭ്യാസമില്ലാത്ത ഒരു ദളിത്‌ സ്ത്രീയായിട്ടും ഇത്രയും ഉയര്‍ന്നു വന്നതോ ? ഈശ്വര പൂജയെക്കാള്‍ ശ്രേഷ്ഠം സേവനമാനെന്നു പഠിപ്പിക്കുകയും അങ്ങനെ തന്റെ അനുയായികളെ സേവനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തതോ ? മത ജാതി ഭേതമന്യേ പതിനായിരകണക്കിന് കുട്ടികള്‍ക്ക്- അഗതികള്‍ക്ക്- വൃദ്ധര്‍ക്ക് പെന്‍ഷന്‍ മുതലായ സഹായങ്ങള്‍ ചെയ്തതോ ?,
കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലിരിക്കുന്ന സര്‍ക്കാര്‍ സര്‍വകലാ ശാലകള്‍ക്കിടയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സര്‍വകലാശാലയും , 
നാറ്റവും അസൌകര്യങ്ങളും കൂടപ്പിറപ്പായ കെടുകാര്യസ്ഥതയുടെയും നിരുത്തരവാദിത്വത്തിന്റെയും കളിയരങ്ങുകളായ ഗവണ്‍മെന്റ് ആശുപത്രികള്‍ക്കിടയില്‍ അത്യാധുനിക ചികിത്സാ സൌകര്യവും പ്രഗത്ഭമതികളുടെ സേവനവുമുള്ള ആശുപത്രികള്‍ സ്ഥാപിച്ച്ചതാണോ ? അതോ ആകാശ ദൈവത്തിനെ അല്ലാതെ ഒരു മനുഷ്യനെ- പ്രത്യേകിച്ചും ഒരു "പെണ്ണിനെ" ജനങ്ങള്‍ ഈശ്വരതുല്യം ആരാധിക്കുന്നത് കണ്ടിട്ടുള്ള അങ്കലാപ്പാണോ ? 

മറ്റേതു ഹോസ്പിറ്റലില്‍ ആയിരുന്നെങ്കിലും ഇത്രയും ശക്തമായ അവഹേളനം ഉണ്ടാവുമായിരുന്നോ എന്നു സ്വയം ചിന്തിച്ചാല്‍ മനസ്സിലാക്കാം, ഇത്രയും സങ്കീര്‍ണമായ ചികിത്സക്ക് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ വേണം, കൂടാതെ നേഴ്സുമാര്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ സര്‍ജ്ജറി ഫീസ്‌ മുതലായവ ഒക്കെ ചേര്‍ത്താണ് 14 ലക്ഷം. ഇതിലും കുറച്ചു പണത്തിനു ഇതേ ശസ്ത്രക്രിയ ചെയ്യുന്ന വേറെ ഏതെങ്കിലും ഒരു സ്ഥാപനത്തെ എടുത്തു പറയാന്‍ സാധിക്കുമോ ? ഒരു പാട് ആശുപത്രികലുമായ് ബന്ധപ്പെട്ടു പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ് ഞാന്‍ എന്റെ അനുഭവ പരിചയത്തില്‍ നിന്നും എനിക്ക് നിസ്സംശയം പറയാം 'അമൃത' ഇന്ന് കേരളത്തിലെ തത്തുല്യ നിലവാരമുള്ള ഏത് ആശുപത്രിയെക്കാളും സേവന മനോഭാവവും, ആത്മാര്‍ഥതയും കാണിക്കുന്നുണ്ട്. 


ഈ കണക്കുകള്‍ തന്നെ നോക്കൂ..51 മില്യണ്‍ യു എസ ഡോളര്‍ ആണ് കഴിഞ്ഞ പത്ത് വര്‍ഷമായ് അമൃത സൌജന്യ ചികിത്സക്കായ്‌ ചിലവാക്കിയത്. കൂടാതെ സൌജന്യ ചികിത്സ നടത്തുന്ന ആശുപത്രികള്‍ ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പിന്നോക്ക- ആദിവാസി മേഖലയായ വയനാട്ടില്‍,ബോഗാദിയില്‍,പറയകടവില്‍,ബോംബയിലെ കാന്‍സര്‍ ഹോസ്പിറ്റല്‍,തിരുവനന്തപുരത്തെ HIV ഹോസ്പിറ്റല്‍, ആണ്ടമാന്‍ നിക്കൊബാറിലെ വനവാസി മേഖലയില്‍, പമ്പയില്‍ ശബരിമല സീസണിലും തൃശ്ശൂരില്‍ പൂരം സീസണിലും പൂര്‍ണ സൌജന്യ അത്യാധുനിക ചികിത്സ, അങ്ങനെ ആരോഗ്യമേഖലയില്‍ വര്‍ഷാവര്‍ഷം ധാരാളം സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റേതു ആശുപത്രിയാണ് കേരളത്തില്‍ ഒരു പക്ഷെ ഭാരതത്തില്‍ ഉള്ളത്. അമൃതാനന്ദമയീ മഠത്തെക്കാള്‍ എത്രയോ അധികം വരുമാനമുള്ള മത സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍ ഒക്കെ കേരളത്തില്‍ ഉണ്ടെന്നതും കൂടി കണക്കുകൂട്ടണം.


സ്വകാര്യ ആശുപത്രികളില്‍ നിന്ന് കിട്ടുന്ന നികുതിപ്പണം മാത്രം മതിയല്ലോ സര്‍ക്കാരിന് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രി തുടങ്ങാന്‍. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ അടക്കമുള്ള ശസ്ത്ര ക്രിയകള്‍ സൌജന്യമായോ സൌജന്യ നിരക്കിലോ ചെയ്തു കൊടുക്കുകയും ചെയ്യാമല്ലോ നികുതി വാങ്ങുന്നവര്‍ എന്നുള്ള നിലക്ക് പൌരന്റെ ആരോഗ്യ പരിപാലനത്തിന് സര്‍ക്കാരിന് ബാധ്യത ഉണ്ടല്ലോ. അമൃതാനന്ദമയിയുടെ പ്രസ്ഥാനം നികുതി പണം കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്, അഭ്യുടെയ കാംക്ഷികളും സന്നദ്ധ സേവകരുമായ വലിയൊരു വിഭാഗം വരുന്ന ജനത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ്. AC യുടെ സുഖ ശീതളിമയില്‍ ഇരുന്നു അതിനെതിരെ ഓണ്‍ലൈന്‍ വിപ്ലവം മുഴക്കുമ്പോള്‍ ഇത്തരം വ്യക്തികള്‍ യുവ തലമുറയെ മുഴുവന്‍ ദോഷൈകദൃക്കുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

തത്വദീക്ഷ ഇല്ലാത്ത പ്രവര്‍ത്തനം ആണ് ഇത്തരം വ്യക്തികളില്‍ നിന്നും ഉണ്ടാവുന്നത് ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും കേരളത്തിന്റെ ആരോഗ്യ രംഗം തകരുകയും ചെയ്യും, അമൃത പോലുള്ള ആശുപത്രികളുടെ അഭാവം കേരളത്തിലെ ജനങ്ങളെ എങ്ങിനെ ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലെ അസൌകര്യങ്ങള്‍ ആയിരിക്കും നമ്മെ കാത്തിരിക്കുക. അമൃതയിലെ ബില്ലിങ്ങിനെക്കുറിച്ചു പലരും പറയുന്നത് കേട്ടു മറ്റനേകം സ്വകാര്യ ആശുപത്രികളുമായ് പലപ്പോഴും ബന്ധപ്പെടെണ്ടി വന്നിട്ടുള്ള ആള്‍ എന്ന നിലയില്‍ അമൃതയുടെ ബില്ലിംഗ് കുറവാണ് എന്ന് എനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും. മിക്കപ്പോളും അവിടെ അത്യാസന്ന നിലയില്‍ വരുന്ന രോഗികള്‍ മറ്റനേകം ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തിട്ട് വരുന്നവരാണ്. അങ്ങിനെ അവിടെ എത്തി ചികിത്സക്കിടയില്‍ രോഗി മരണപ്പെട്ടാല്‍ ബില്‍ അടക്കാന്‍ പലപ്പോഴും രോഗിയുടെ ബന്ധുക്കള്‍ക്ക് കയ്യില്‍ കാശുണ്ടാകാറില്ല, അങ്ങിനെയുള്ളവര്‍ക്ക് ഒരു ബോണ്ട്‌ എഴുതി വച്ചിട്ട് മൃതദേഹം വിട്ടുകൊടുക്കാറാണ് പതിവ്. അങ്ങിനെ ഉള്ള ധാരാളം ബോണ്ടുകള്‍ ഇതുവരെ പണം നല്‍കിയിട്ടില്ല. എന്നാല്‍ മാനുഷിക പരിഗണന നല്‍കി അവ കേസിനോ മറ്റു നടപടികല്‍ക്കോ പോകാതെ ആ ബോണ്ടുകള്‍ എഴുതിത്തള്ളുകയാണ് മാനേജ്മെന്‍റ് ചെയ്തിട്ടുള്ളത്, ഈ ഇനത്തില്‍ അമൃത ചിലവാക്കിയത് 85 ലക്ഷത്തിലധികം രൂപയാണ്. കേരളത്തിലെ 480 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 24 എണ്ണംമാത്രമേ നിയമങ്ങള്‍ പാലിക്കുന്നുള്ളു എന്നാണ് കഴിഞ്ഞ ദിവസം ബഹുമാന്യ തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പറഞ്ഞത്. അങ്ങിനെ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളില്‍ ഒന്നായ അമൃതയെ തകര്‍ക്കാനുള്ള ചില ശ്രമങ്ങളില്‍ കഥയറിയാതെ ആടി തിമിര്‍ക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ആക്ടിവിസ്റ്റുകള്‍ സ്വയം അറിയാതെ ആരുടയോക്കയോ കളിപ്പാവകള്‍ ആയി മാറിയിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും ഉപരിയായി പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപയുടെ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായ് ചെയ്തു കൊടുക്കുന്ന വലിയൊരു വിഭാഗം ദാരിദ്ര്യര്‍ ആശ്രയിക്കുന്ന ഒരു ആശുപത്രിയെ തകര്‍ക്കാനുള്ള ത്വര ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കാനുള്ള ത്വരയാനെന്നു ഇവര്‍ അറിയുന്നില്ല. 


 

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മവരുന്നത്
.

"സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തില്‍ കടന്നു കൂടിയിരിക്കുന്നു അതിനു ഉടന്‍ ചികിത്സ ചെയ്യണം "