Saturday, November 1, 2014

നൂറു ചുവപ്പൻ ചുംബനങ്ങൾ..


ആരെങ്കിലും പരസ്യമായി ചുംബിച്ചാൽ കേരളതിൻറെ പാരമ്പര്യം തകർന്നു പൊവുമെന്നൊ കെട്ടിപ്പിടിച്ചാൽ ഭാരതീയ സംസ്കൃതി ഉതിർന്നു വീഴുമെന്നൊ അഭിപ്രായം ഇല്ലെങ്കിലും കൊച്ചിയിൽ നടക്കാൻ പോകുന്ന "ചുംബന ഉത്സവം" കേവലം പ്രഹസനം മാത്രമാനെന്നതിൽ അരൂപിക്ക് സംശയമൊന്നുമില്ല. ലൈംഗികതയെ നിഷേധിക്കാനും, പാപബോധം അടിച്ചേൽപ്പിക്കാനും ഹിന്ദുമതം ഒരിക്കലും ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല. രതിയും കാമത്തെയും തങ്ങളുടെ ദേവതാഗണങ്ങളുടെ കൂടെ ആരാധിക്കാനും, ആരാധനാലയങ്ങളിൽ മനോഹരമായ രതിശിൽപ്പങ്ങൾ കൊത്തിവയ്ക്കാനും മടിക്കാത്ത അവർ ലൈംഗികതയെയും ശ്രിംഗാരരസത്തെയും അതിൻറെ എല്ലാ മനോഹാരിതയോടും കൂടി തങ്ങളുടെ പുരാണങ്ങളിലും, സാഹിത്യങ്ങളിലും മാത്രമല്ല സ്തോത്ര കൃതികളിൽ പോലും സന്നിവേശിപ്പിച്ചു. അതുകൊണ്ട് തന്നെ ആരെങ്കിലും ചുംബിച്ചാലൊ കേട്ടിപ്പിടിച്ചാലോ ഹിന്ദു മതത്തിൻറെയോ ഭാരതീയ സംസ്കാരത്തിൻറെയോ ആണിക്കല്ല് ഇളകിപ്പോകും  എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവരോടു ആത്മാർത്ഥമായി ഹതപിക്കുക മാത്രമേ അരൂപിക്ക് നിവൃത്തിയുള്ളൂ.

കോഴിക്കോട് യുവമോർച്ചക്കാർ ഹോട്ടൽതല്ലിതകർത്തത് ഇവർ പറയുന്നതുപോലെ അടുത്തിടപഴകിയതിനോ, ചുംബിച്ചതിനൊ അല്ല.
മയക്കുമരുന്ന് അടക്കമുള്ളവ ലഭ്യമാക്കി പ്രായപൂർത്തി അവാത്തവർ അടക്കമുള്ള വിദ്യാർത്ഥികളെ തെറ്റായ വഴിയിലേക്ക് പോകാൻ എല്ലാ ഒത്താശയും ചെയ്തു എന്ന പ്രശ്നത്തിലാണ്. ഈ രാജ്യത്തിൽ ഒരു നിയമവും വ്യവസ്ഥയും ഒക്കെയുള്ളപ്പോൾ കുറ്റവും ശിക്ഷയും ഒക്കെ വിധിക്കാൻ യുവമോർച്ചയ്ക്ക് എന്തധികാരം എന്ന ന്യായമായ പ്രശ്നം ഉള്ളപ്പോൾ തന്നെ പെണ്‍വാണിഭ -മയക്കുമരുന്ന് മാഫിയകൾ ചിലന്യൂജനറേഷൻ ഹോട്ടലുകളിലൂടെയും ചില നിശാക്ലബ്ബുകളിലൂടെയും കേരള സമൂഹത്തിൽ അതിൻറെ നീരാളിക്കൈകൾ ആഴ്തുന്നു എന്നത് നാം മറന്നുകൂട. എന്നാൽ ഗുരുതരമായ ഒരു പ്രശ്നത്തെ കേവലം സദാചാര പോലീസിംഗ് ആയി ബ്രാൻറ് ചെയ്യുന്നതിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു കഴിഞ്ഞു. 

എന്തായാലും നാളെ മറൈൻ ഡ്രൈവിൽ ചുംബനകൂട്ടായ്മ അരങ്ങേറുകയാണ് തലസ്ഥാന നഗരിയെ മുഴുവൻ 'നാറ്റിച്ച' വിപ്ലവപാർട്ടിയുടെ സമരത്തിനു ശേഷം ആദ്യമായായിരിക്കും ഇത്രയും മാദ്ധ്യമശ്രദ്ധ നേടുന്ന ഒരു പ്രഹസനം നടക്കാൻ പോകുന്നത്.
ഇതിനെക്കുറിച്ച് കുട്ടി സഖാക്കളുടെ നേതാവ് പറഞ്ഞത് "പരസ്പരം കുത്തി മരിക്കുന്നതിനേക്കാൾ ഭേദം പരസ്പരം ചുംബിച്ചു പ്രതിഷേധിക്കുന്നതാണ്" എന്നാണു. എത്ര സുന്ദരമായ വാക്കുകൾ, ടി പി ചന്ദ്ര ശേഖരൻറെയും, ജയകൃഷ്ണൻ മാഷുടെയും ഒക്കെ ആത്മാക്കൾ ഇത് കേട്ട് ചിരിക്കുന്നുണ്ടാകും.
എന്തായാലും മൂത്ത സഖാക്കൾ കൃഷിയും കാര്യസ്ഥപണിയും ഒക്കെയായി ഇറങ്ങാൻ പ്ലാനിടുമ്പോൾ കുട്ടി സഖാക്കൾ ഇത്രയെങ്കിലും പുരൊഗമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. മുഷ്ടി ചുരുട്ടി മുകളിലെക്കെരിഞ്ഞു സമരം ചെയ്യുന്നതൊക്കെ പഴഞ്ഞൻ രീതിയായി മാറിയെന്നു അണികൾക്കും തോന്നിത്തുടങ്ങി അപ്പൊ പിന്നെ നമ്മളായിട്ട് ന്യൂ ജനറേഷൻ ആവാതിരിക്കണോ ?

എന്തായാലും ഇന്ത്യൻ യുവത്വം നേരിടുന്ന എറ്റവും വലിയ പ്രശ്നം പുതു നിറത്തിൽ ചുംബിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതാണ് എന്ന് തിരിച്ചറിഞ്ഞു ചുംബിക്കാനെത്തുന്ന എല്ലാവർക്കും അരൂപിയുടെ ചുടു ചുംബനങ്ങൾ . എല്ലാവിധ സദാചാരവും ഇല്ലാതെയായി കന്നിമാസത്തിലെ ശ്വാക്കളെ പോലെ യുവത്വം  സ്വാതന്ത്ര്യമായി വിഹരിക്കുന്ന ആ മനോഹരമായ ഒരു കാലത്തിനു വേണ്ടി പ്രവര്ത്തിക്കാൻ ഈ ചുംബന സമരം പ്രചോദനം നല്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

എല്ലാവർക്കും നൂറു ചുവപ്പൻ ചുംബനങ്ങൾ..