Wednesday, January 14, 2015

പിതാവിനും തിരികെ വരാംഘർവാപ്പസിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടണം എന്ന പവ്വത്തിൽ പിതാവിൻറെ വെളിപാട് മാതൃഭൂമിയിൽ വായിച്ചു.  ന്യൂനപക്ഷങ്ങളുടെ മൊത്തക്കുത്തക ആരെങ്കിലും അദ്ദേഹത്തിനു തീറാധാരം എഴുതിക്കൊടുത്തതായി അറിയില്ല. ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തി വോട്ട് ധ്രുവീകരണം നടത്തുകയും അതുവഴി തങ്ങളുടെ വിശ്വാസചൂഷണം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ്  ഇത്തരം വിലകുറഞ്ഞ ജൽപ്പനങ്ങൾ എന്ന് ഏതെങ്കിലും "വർഗ്ഗീയവാദി" പറഞ്ഞു പോയാൽ അരൂപി കുറ്റം പറയില്ല. 

അറക്കാൻ  കൊണ്ടു പോകുന്ന  ആട്ടിൻപറ്റത്തിൽ നിന്നും ആടുകൾ നഷ്ടപ്പെടുമ്പോൾ ആടിടയന് ഉണ്ടാകുന്ന വിമ്മിഷ്ടം അരൂപിയ്ക്ക് മനസ്സിലാകും. എങ്കിലും മുത്തശ്ശിപ്പത്രത്തിൻറെ  നടുഭാഗം തന്നെ പിതാവ് കലിപ്പ് തീർക്കാൻ തീരഞ്ഞെടുത്തത് കാണുമ്പോൾ ആശങ്കയുടെ വലിപ്പം ഊഹിക്കാവുന്നത്തിനും അപ്പുറമാണ്.

ക്രിസ്ത്യാനികളുടെ എണ്ണം യൂറോപ്പിലും, അമേരിക്കയിലും കുറയുന്നത് കണ്ടു വിരണ്ട സഭ ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ കണ്ണ് വച്ചിരിക്കുന്ന സമയത്താണ് ഇവന്മാർ ഘർവാപ്പസി എന്നും പറഞ്ഞോണ്ട് വരുന്നത്. കേരളവും ഇന്ത്യയുമൊക്കെ വളക്കൂറുള്ള മണ്ണാണെന്ന് വത്തിക്കാനിൽ പിതാവ് പറഞ്ഞു നാവ് അകത്ത്തെക്കിടുന്നതിനു മുൻപേ ഇവന്മാർ ഇവിടെ പണിതുടങ്ങി. 

ഞങ്ങൾ പാല്പ്പോടിയും, പഞ്ചസാരയും കൊടുത്തും, രോഗം മാറ്റാം എന്ന് പറഞ്ഞു പറ്റിച്ചുമൊക്കെ കഷ്ടപ്പെട്ട് മതം മാറ്റിയവരെ ഇങ്ങനെ തിരിച്ചു കൊണ്ടുപോയാൽ ഞങ്ങളുടെ അവസ്ഥ എന്താകും. ഞങ്ങൾക്ക് ആ കുഞ്ഞാടുകളെ ആവശ്യമുണ്ട്  കുഴിമാന്താനും, ഞങ്ങൾക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളുള്ള "അരമന"കൾ  പണിയാനും, ഞങ്ങൾ എഴുതിക്കൊടുക്കുന്ന ഇടയലേഖനങ്ങൾ കേട്ട് തുളളാനും ഞങ്ങൾക്ക് അവരെ ആവശ്യമുണ്ട്. അവരെ വീണ്ടും തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചാൽ ഞങ്ങളെ പോലെയുള്ള ന്യൂനപക്ഷസമുദായത്തിൻറെ അപ്പോസ്തോലൻമാരിൽ അത് ആശങ്കയുണ്ടാക്കും എന്നതാണ് പല ബിഷപ്പന്മാരുടെയും പ്രശ്നം.

സാധാരണ മനുഷ്യർക്കിടയിൽ സാധാരണക്കാരനായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന പക്ഷം പിതാവിനും തിരികെ വരാം എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. എന്തായാലും ഈ വിഷയത്തിൽ അധികമൊന്നും പറയാൻ ഇപ്പോൾ അരൂപി മുതിരുന്നില്ല കർത്താവ് തന്നെ പറഞ്ഞ ഒരു വചനം ഉദ്ധരിച്ച് നിർത്തുന്നു..

"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു."
(മത്തായി 23.14)