Showing posts with label തെരഞ്ഞെടുപ്പ്. Show all posts
Showing posts with label തെരഞ്ഞെടുപ്പ്. Show all posts

Wednesday, February 11, 2015

"ഹിന്ദു പാക്കിസ്ഥാൻ": അറിവില്ലെങ്കിൽ ബലരാമൻ ചരിത്രം പഠിക്കുക


ഇന്ദ്രപ്രസ്ഥത്തിലെ വലിയവിജയത്തിൻറെ ഉത്സവലഹരിയിലാണ് ആം ആദ്മി പാർട്ടി. എന്നാൽ എള്ളുണങ്ങുന്നത് എണ്ണക്ക് കൂടെ ഈ കാട്ടം ഉണങ്ങുന്നതോ എന്ന ചോദിച്ച പോലെ ഈ വിജയത്തിൽ അഹങ്കരിക്കുന്ന മറ്റു രണ്ടുകൂട്ടരുമുണ്ട്. ഒന്നാമത്തേത് ഉള്ള നാല് വോട്ടും കളഞ്ഞു കുളിച്ച വിപ്ലവപാര്ട്ടിയാണ്. മറ്റേത് ഡൽഹിയുടെ അധികാര സിംഹാസനത്തിൽ പതിറ്റാണ്ടുകൾ വിരാചിച്ച് ഇന്ന് ഒരു സീറ്റു പൊലും ലഭിക്കാതെ അപ്രസക്തമായി തീർന്ന അഹിംസാപാർട്ടിയാണ്. മകൻ ചത്തെങ്കിലും മരുമകളുടെ കണ്ണീരുകാണാൻ സാധിച്ച അമ്മായിയമ്മയുടെ ചാരിതാർത്ഥ്യം ഇരു കൂട്ടരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാൻ അരൂപിക്ക് കഴിയുന്നുണ്ട്.

ഇതിൻറെ പ്രതിഫലനമാണ് ഹരിതകുമാരൻ ഇറക്കിയ പുതിയ ഫേസ്ബുക്ക് വിളംബരം. ആം ആദ്മി പാര്ട്ടിയുടെ വിജയം ഹിന്ദുപാക്കിസ്ഥാൻ ഉണ്ടാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് എന്നാണ് വെളിപാട്. ഭാരതം ഹിന്ദുസ്ഥാനും-പാക്കിസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇസ്ലാം മതരാഷ്ട്രമായും, ഹിന്ദുസ്ഥാൻ അല്ലാതെയും  നിന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങൾ ഭൂരിപക്ഷത്തോടൊപ്പം സുഖമായി ജീവിക്കുന്നു. അവർ ഈ രാഷ്ട്രത്തിൻറെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയിൽ വരെ എത്തുന്നു. ഇതിനൊക്കെ സാംസ്കാരികപരമായ കാരണമുണ്ട്. സഹവർത്തിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദു പാരമ്പര്യത്തെ മനസ്സിലാക്കാൻ ബലരാമന്റെ  ഫേസ്ബുക്ക് വിജ്ഞാനം മതിയാവില്ല. 

പിന്നെ കൊണ്ഗ്രസ്സിലൂടെ ഈ നാട് നേടിയ പുരോഗമനാശയങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ബലരാമൻ പറഞ്ഞു പോകുന്നുണ്ട് ആ പുരോഗമന ആശയങ്ങള ഏതെല്ലാമാണെന്ന് വ്യക്തമാകുന്നില്ല. 2ജിയും കല്ക്കരിയും അടക്കമുള്ള ശതകോടികളുടെ അഴിമതികളാണോ, അതോ സിഖ് വംശഹത്യയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയുംപാഠങ്ങളാണോ ? അടിയന്തരാവസ്ഥയും, ഏകാധിപത്യപ്രവണതകളുടെയും കുടുംബവാഴ്ചയുടെയും  ആശയങ്ങളാണോ ?

ബിജെപിക്കെതിരെ തന്നെ മത്സരിച്ച ഓംരാജിനെ സംഘപരിവാർ പ്രഭൃതികളായി എഴുതി പിടിപ്പിച്ചത് വിവരമില്ലായ്മയുടെ  തെളിവാണോ അതോ രാഷ്ട്രീയ നെറികേടിൻറെ തെളിവാണോ എന്ന് മാത്രമേ അരൂപിക്ക് സംശയിക്കാനുള്ളൂ.

Monday, June 17, 2013

മോദിയുടെ ധാടിയും,ചിലരുടെ പേടിയും

                  


ഇന്ദ്രപ്രസ്ഥം അസ്വസ്ഥമാണ് പുരാതന രാജകുടുംബത്തിൽ അമ്മ തമ്പുരാട്ടി യുവരാജാവിനെ മുൻനിർത്തി രാജ തന്ത്രങ്ങൾ മെനയുകയാണ്. "ജനമെന്ന വിഡ്ഢിപ്പരിഷകൾ അങ്ങനെയാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കും, കോലം കത്തിക്കും, അന്തപ്പുരത്തിലെ അപരാധ കഥകൾക്കെതിരെ ആത്മരോഷം മുഴക്കും, അഴിമതിയിൽ മുക്കി ഞങ്ങളെ ഈ സർക്കാർ കൊല്ലുകയാണെന്ന് വിളിച്ചു കൂവും ഒടുവിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ ഇരിപ്പിന്റെയോ സബ്‌സീഡിയുടെയോ പേരിൽ കിട്ടുന്ന നക്കാപ്പിച്ചകൾ കണ്ടു കണ്ണ് മഞ്ഞളിച്ച്, കൂനിയ മുതുകും കൂമ്പിയ കണ്ണുമായ് രാജ ഹസ്തത്തിന് മുകളിൽ വിലയേറിയ സമ്മദിദാനാവകാശത്തിൻറെ പ്രജാ മുദ്ര പതിപ്പിച്ച് രാജാവിനെക്കാൾ വലിയ രാജഭക്തർ ആണ് തങ്ങൾ എന്ന് അവറ്റകൾ തെളീക്കും" കുടുംബ രാഷ്ട്രീയത്തിന്റെ സാമ-ദാന-ഭേത-ദണ്ഡങ്ങളുടെ പാഠങ്ങൾ അമ്മ തമ്പുരാട്ടിയിൽ നിന്നും യുവകോമള അമൂൽ മഹാരാജാവ് തിരുമനസ്സിലേക്കു പ്രവഹിച്ചു. യുദ്ധം ചെയ്യാൻ 'സിംഗ്'ആസനസ്ഥനായ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. എതിരാളി രഥയാത്രാമുത്തശ്ശനല്ല പകരം ഗുജറാത്തിൽ കഴിഞ്ഞ കുറെ ഇലക്ഷനുകളിൽ രാജവംശത്തിന്റെ 'കൈ' തല്ലി ഒടിച്ച ചരിത്രമുള്ള നരേന്ദ്ര മോദി.

ഭാരതത്തിലെ ഏറ്റവും നല്ല ജനാധിപത്യം ബി.ജെ.പി യിൽ ആണെന്നാണ്‌ പറയാറ്. തമ്മിലടിയും പാരവയ്പ്പും ആണ് ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്നാണു മറുപക്ഷത്തിന്റെ വാദം. സംഗതി എന്തായാലും ഈ ജനാധിപത്യം ഒക്കെ നീന്തി കടന്നു മോദി മുകളിൽ വരില്ല എന്ന് തന്നെയാണ് രാജകുടുംബവും, പാദ സേവകരായ മാധ്യമ വൃന്ദവും ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അഥവാ ഉയർന്നു വന്നാൽ തന്നെ അദ്വാനി'ജി'യും സുഷമ'ജി'യും അടക്കം മിക്ക വൻ 'ജി'കളും ഉടക്കി താമരപ്പാർട്ടി തവിട് പൊടിയാകുമെന്നു കരുതിയവർക്ക് ഒന്ന് തെറ്റി. തറവാട്ടു കാരണവർ ആദ്യം ഒന്നിടഞ്ഞെങ്കിലും നാഗ്പൂരിൽ നിന്നും നീട്ടിയൊരു വിസിൽ കേട്ടതും പഴയ കവാത്തും കബടിയും മറന്നിട്ടില്ല എന്ന് തെളീച്ച് മൂപ്പരും ഒതുങ്ങി. പിന്നെ ഒരു ജെ.ഡി. യു, അത്തരം പാർട്ടികളെ ഒക്കെ പെറുക്കികെട്ടി എൻ ഡി എ കെട്ടിപ്പോക്കിയത് കൊണ്ടാണ് (യു പി എ യുടെ ഭരണത്തെക്കാൾ എന്തുകൊണ്ടും ഭേതമെങ്കിലും) കാവി പാർട്ടിയുടെ അണികൾക്കോ നേതാക്കൾക്കോ പോലും തൃപ്തി നേടിക്കൊടുക്കാത്ത ഒരു ഭരണം നടത്തി അടുത്ത 10 വർഷത്തേക്ക് രാജ്യ ഭരണം സിംഗത്തിന്റെ കയ്യിലെത്തിയത്. അത്തരം ഒരു ഭരണം വേണ്ട എന്നത് തന്നെയാണ് കാവി പാർട്ടിയുടെ അണികളും നേതാക്കളും ഒക്കെ ആഗ്രഹിക്കുന്നതും. ജെ ഡി യു വിനെപ്പോലുള്ളവരെ ഒപ്പം നിർത്തി ഭരണ ചക്രം തിരിക്കുന്നതിലും ഭേതം, പ്രതിപക്ഷത്തിരിക്കുന്നതാണ്.

കാവിപാർട്ടിക്കാരും, ദേശീയ വാദികളും മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വികാരം ഇന്ത്യയുടെ ഭരണം ശേഷിയും ശേമുഷിയും ഉള്ള ആരെങ്കിലും കയ്യാളണം എന്നാണ്. നിവർന്നു നിൽക്കുന്ന നട്ടെല്ലും നട്ടെല്ല് മുട്ടെ നേരും നെറിയും ഉള്ള ഒരാളെ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖജനാവ് ചോര്ത്തി സ്വിസ്സ് ബാങ്ക് നിരക്കുന്ന കള്ളന്മാരെയും, മുണ്ടാപ്പൂച്ചകളായ നൂൽപ്പാവകളേയും കണ്ടു ഇന്ത്യ മടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി ഉയർന്നു വരുന്നത്. പാരമ്പര്യത്തിന്റെ ജാഡകളോ, പണക്കൊഴുപ്പിന്റെ ഗന്ധമോ ഇല്ലാത്ത ഒരു മുഖ്യ മന്ത്രി. ലോക പൊലീസായ അമേരിക്കയും അവരുടെ സാമന്ത രാജ്യങ്ങളും വിസ നിഷേധിച്ചിട്ടും, പത്ര മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞു നാട് മുഴുവൻ പാടിയിട്ടും, ജനങ്ങള് അദ്ദേഹത്തെ കൈവിട്ടില്ല. കലാപങ്ങളിൽ നിന്നും കലാപരഹിത ഗുജറാത്തിലെക്കുള്ള ദൂരം 'നമോ' എന്നരണ്ടക്ഷരം ആണെന്ന് ഗുജറാത്തികൾ പറയാതെ പറഞ്ഞു.

അന്ധമായ മത വാദത്തിൻറെ തോഗാഡിയൻ ഉത്പന്നമല്ല മോദി. മതത്തിന്റെ പേരില് ജനത്തെ ഇളക്കിവിടാത്ത നേതാവ് എന്ന വിശേഷണം താമരപ്പാർട്ടിയിൽ നരേന്ദ്ര മോദിക്കായിരിക്കും ഏറ്റവും യോജിക്കുക. അയോദ്ധ്യയിലെ ശ്രീ രാമന്റെ മന്ദിരത്തെക്കുറിച്ചല്ല മോദി സംസാരിക്കുന്നത് തന്റെ നാട്ടിലെ ദരിദ്ര രാമന്മാരുടെ കൂരകളേക്കുറിച്ചാണ്. താമരപാർട്ടിയിലെ വൻ 'ജി'മാരുടെ പാദ സേവകനോ വിനീത വിധേയനോ അല്ല മോദി, നാഗ്പൂരിലെ നീണ്ട വിസിലിനൊഴികെ മോദിയെ അനുസരിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന തിരിച്ചറിവ് താമരപ്പാർട്ടിയിൽ വൻ' ജി' കൾക്ക് വ്യക്തമായ് അറിയുകയും ചെയ്യാം എന്നിട്ടും മോദി ഒരു ജനതയുടെ വികാരമായ് തീർന്നു. ഭരണ പക്ഷത്തിന്റെ കൊള്ളരുതായ്മകൾ കാണുമ്പോൾ ജനം ചെവി കൂർപ്പിച്ചത് പ്രതിപക്ഷ നേതാവിലെക്കോ പ്രതിപക്ഷ പാര്ട്ടിയുടെ ദേശീയ നേതാക്കളിലെക്കോ അല്ല. ഗുജറാത്തിൻറെ മുഖ്യമന്ത്രിയുടെ ശബ്ദത്തിനായാണ്. ലോക പരിചയമില്ലാത്ത ഐ.ടി യുവ ജനതയുടെ പാതിരാ സ്വപ്നമല്ല മോദി, ഇന്ത്യൻ ഗ്രാമങ്ങളിലെ അന്ധമായ വീരാരാധനയുടെ ഉൽപ്പന്നവുമല്ല. മറിച്ച് സ്വപ്രയത്നത്തിലൂടെ ജനങ്ങളുടെ വിശ്വാസവും, സ്നേഹവും ആർജ്ജിച്ച ഭാരതത്തിന്റെ നേതാവാണ്‌.. രാജാവായ നേതാവല്ല. പ്രജയായ നേതാവ്.

മോദി എന്ന നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ആരൊക്കെ മറുകണ്ടം ചാടും എന്ന വ്യക്തമായ കണക്കുകൂട്ടൽ ഡൽഹിയിലെ 'തല'ക്കും, നാഗ്പൂരിലെ 'മസ്തിഷ്ക'ത്തിനും ഉണ്ടായിരുന്നിരിക്കണം. തരാതരം പയറ്റു മാറ്റുന്ന പ്രാദേശിക കക്ഷികൾ കാലും കൂറും മാറാം, പിന്നെ 'വർഗ്ഗീയ ശക്തികൾ' അധികാരത്തിൽ വരാതിരിക്കാൻ വിപ്ലവ പാർട്ടി ബൂർഷ്വാ മേഡത്തിനു പാദ സേവചെയ്യാം, എങ്കിലും നിധീഷ് എന്ന ഭാരം പേറി ഭരണത്തിന്റെ മുകളിളിരിക്കുകയും അതൃപ്ത തീരുമാനങ്ങൾ ഒരു നെടുവീർപ്പോടെ എടുക്കുകയും ചെയ്യുന്ന ഒരു അൽപ ജീവനായ എൻ ഡി എയെ മസ്തിഷ്കം ആഗ്രഹിക്കുന്നില്ല ഉണ്ടെങ്കിൽ നല്ലൊരു ഭരണം ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷം. അത് കൊണ്ട് തന്നെ കളിക്ക് പുതിയ രൂപവും ഭാവവും കൈവരുന്നു. ഇന്ദ്ര പ്രസ്ഥത്തിലെ ജനപഥങ്ങൾ ഇനി ഉറങ്ങില്ല. ശക്തനായ ഒരു ഭരണാധികാരിക്കായ് രാജവീഥി ഒരുങ്ങുമോ ?

അറിയില്ല ഇത് ഇന്ത്യയാണ്, സ്ഥിതിഗതികൾ മാറുവാനും മറിയുവാനും നിമിഷാർത്ഥങ്ങൾ പോലും ആവശ്യമില്ലാത്ത ഇന്ത്യ..

Friday, April 20, 2012

നെയ്യാറ്റിന്‍കരയിലെ ത്രികോണപ്പോരും പാണക്കാട്ടെ നെയ്പ്പത്തിരിയും,



അങ്ങിനെ മാധ്യമങ്ങള്‍ പുതിയൊരു വെണ്ടയ്ക്ക നിരത്തിയിരിക്കുന്നു നെയ്യാറ്റിന്‍കരയില്‍ ത്രികോണ മത്സരം..
ത്രികോണവും ചതുഷ്കോണവും  ഒക്കെയായുള്ള മത്സരങ്ങള്‍  കാസര്‍കോട്ടും പാലക്കാട്ടും അനന്ത പുരിയിലും ഇടക്കൊക്കെ അരങ്ങേറിയിട്ടുണ്ടെങ്കിലും കേരളമണ്ണിനു ഇപ്പോളും സുപരിചിതമായിട്ടില്ല . 
ത്രികോണ മത്സരങ്ങളില്‍  ശക്തമായ അടി ഒഴുക്കുകള്‍ മൂലം മിക്കപ്പോഴും മൂന്നാം മുനമ്പ്‌ ഓടിയുകയാണ് പതിവ് .എന്നാല്‍ ഇത്തവണ പതിവ് തെറ്റും എന്നാണ് രാഷ്ട്രീയ നിരീക്ഷണ പുരകളില്‍ നിന്നും കേള്‍ക്കുന്ന അടക്കം പറച്ചിലുകള്‍.
അധികാരത്തിന്റെ കോട്ട മുകളില്‍ നിന്നും കോണി ഒടിഞ്ഞു വീഴാതിരിക്കാന്‍ വലതന്മാര്‍ ആടിയ അപഹാസ്യമായ  നപുംസക  നാടകം സൃഷ്‌ടിച്ച  അഭിപ്രായ ഭിന്നതയും മുറു മുറുക്കലും  ജനങ്ങളുടെ ഇടയിലും, അണികളുടെ ഇടയിലും എന്നല്ല കേരള  കൈപ്പത്തിയുടെ വിരലുകള്‍ക്കിടയില്‍ തന്നെ  പ്രശ്നങ്ങള്‍ പിന്നയും പിന്നയും   ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഒരു പക്ഷെ കേരള കൈപത്തിയുടെ പത്തി താഴ്ത്താന്‍ പോകുന്നത് ഇടതു പക്ഷമോ ബി ജെ പിയോ ആയിരിക്കില്ല  കൊണ്ഗ്രസ്സിലെ ശക്തമായ ഈ വിഭാഗീയത തന്നെയായിരിക്കും..കോണ്ഗ്രസ്  ഉണ്ടായ കാലം മുതല്‍ക്കേ വിഭാഗീയതയും ഗ്രൂപ്പിസവും ഒക്കെയുണ്ടെങ്കിലും നേതാക്കള്‍ മുതല്‍ ഏറ്റവും താഴെയുള്ള പ്രവര്‍ത്തകര്‍ വരെ ഇത്രയേറെ അസ്വസ്ഥരായ മറ്റൊരു അവസരം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്

ജയിച്ച ഉടനെ കേരളാ കൊണ്ഗ്രസ്സുകാരന്‍ ഓടിയത് പാണക്കാട്ടെക്കാണ്‌. ചാണ്ടിച്ചായന്റെ വീട്ടിലെ പിടീം കൊഴുക്കട്ടേം തിന്നുന്നതിനേക്കാള്‍ കാര്യം പാണക്കാട്ടെ  നെയ്പ്പത്തിരി തിന്നുന്നതിലാണെന്നു മനസ്സിലാക്കാനുള്ള വകതിരിവെങ്കിലും ഇല്ലെങ്കില്‍ പിന്നൊരു കേരളാ കൊണ്ഗ്രസ്സുകാരനാണെന്ന്  പറയാനൊക്കുമോ  ?
കേരള ഭരണ ചക്രം തിരിയുന്നത്  പാണക്കാട്ടെ വരിക്ക പ്ലാവിന്റെ ചോട്ടില്‍ ആണെന്ന കാര്യം മനസ്സിലാക്കിയത് കൊണ്ട് അനൂപിനും കേരളാ കൊണ്ഗ്രസ്സിനും കിട്ടേണ്ടത് കിട്ടി. കേപ്പിസിസി പ്രസിഡന്റിനെ വീട്ടില്‍ ചെന്നാല്‍ അവിയലും പപ്പടോം  കൂട്ടി നല്ലൊരു ഊണ് കിട്ടുമായിരിക്കിയം അധികാരം വേണോ പാണക്കാട്ടു തന്നെ ചെല്ലണം.

കേരള കൊണ്ഗ്രസ്സും മുസ്ലീം ലീഗും കത്തോലിക്ക കൊണ്ഗ്രസ്സും ഉണ്ട് കഴിഞ്ഞതിന്റെ ശിഷ്ടം മാത്രം സമുദായങ്ങള്‍ക്ക് നീക്കി വക്കുമ്പോള്‍ പിറവത്ത് പിന്തുണ നല്‍കി വിജയിപ്പിച്ച സാമുദായിക സംഘടനകള്‍ നെയ്യാറ്റിന്‍ കരയില്‍ രക്ഷക്കെത്തുമെന്ന പ്രശ്നം പോലും ഉദിക്കുന്നില്ല, പ്രബലമായ ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകള്‍ ഇരു മുന്നണികള്‍ക്കുമായ്  വിഭജിച്ചു പോകുമെങ്കിലും ഹിന്ദു നാടാര്‍- നായര്‍ വോട്ടുകള്‍ ഇത്തവണ ബി ജെ പി യുടെ ബാലറ്റില്‍ വീഴും എന്നു തന്നെ വേണം കരുതാന്‍, ഭൂരിപക്ഷത്തിന്റെ അധികാരങ്ങള്‍ കവര്ന്നെടുത്തതിലുള്ള അമര്‍ഷം പ്രകടിപ്പിക്കാനും ഉള്ള അവസരമായ് തന്നെ എസ എന്‍ ഡി പി യും ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ സാധ്യത കൂടുതലാണ്. കേരള നിയമ സഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടി ശബ്ദിക്കാന്‍ ആരെങ്കിലും വേണം എന്ന ചിന്ത നമ്പൂരി മുതല്‍ നായാടി വരെ ഉള്ളവരുടെ വിശാല ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടാവില്ല എന്നു കരുതാന്‍ കഴിയില്ല.

അഴിമതി, വിലക്കയറ്റം, ന്യൂന പക്ഷ പ്രീണനം, ഇറ്റലി കപ്പല്‍ പ്രശ്നം,  മുതലായ പ്രശ്നങ്ങള്‍ ജനങ്ങളില്‍ ഉണര്ത്തിയിരിക്കുന്ന കോണ്ഗ്രസ് വിരുദ്ധ മനോഭാവം ബി ജെ പിക്കും ഇടതിനും ഒരുപോലെ ഗുണം ചെയ്യും, ഓ രാജഗോപാലിന്റെ വ്യക്തി പ്രഭാവവും പിന്തുണയും ബി ജെ പിക്ക് വലിയൊരു ബലമായിരിക്കും എന്നതും തീര്‍ച്ചയാണ്.. 
ത്രികോണ മത്സരത്തിനടിയിലൂടെ ഒരു കോ-മാ-ലീ  ത്രികോണ കൈകൊര്‍ക്കല്‍  ഉണ്ടാവാനുള്ള സാധ്യത കാസര്‍ഗോട്, കണ്ണൂര്‍ ജില്ലകളിലെ ലീഗ്- മാര്‍ക്കിസ്റ്റ് പോരുകളുടെ പശ്ചാത്തലത്തില്‍ കുറവാണെങ്കിലും, ഒട്ടും സാധ്യതയില്ല എന്നും പറയാന്‍ സാധിക്കില്ല.