Saturday, February 22, 2014

അമൃതാനന്ദമയി വിമർശിക്കപ്പെടുമ്പോൾ



അമൃതാനന്ദമയി വിമർശനത്തിനങ്ങൾക്ക് അതീതയാണെന്നോ, നിയമങ്ങൾക്ക് അപ്പുറമാണെന്നൊ അവരുടെ എറ്റവും വലിയ ഭക്തനു പോലും അഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ ബുക്കിലും ചില മാദ്ധ്യമങ്ങളിലും കണ്ടത് ഭൂതാവേശിതരേപ്പോലെ പെരുമാറുന്ന ഒരു കൂട്ടം ജനങ്ങളെയാണ്. ഒരു മഞ്ഞപ്പത്രക്കാരനെ വിളിച്ച് അഭിമുഖം എടുത്താണ് റിപ്പോർട്ടർ ചാനൽ മാദ്ധ്യമ ധർമം നിറവേറ്റിയത്. അമൃതാനന്ദമയി മഠത്തിൽ മയക്കു മരുന്ന് നല്കി ഉറക്കി കിടത്തി പലപുരുഷന്മാർ രാത്രി മുഴുവൻ ബന്ധപ്പെട്ട് രാവിലെ മയക്കം വിട്ടു പോകുന്ന സ്ത്രീ ഇതൊന്നും അറിയാതെ കുറെ നാൾ കഴിയുമ്പോൾ ഗർഭിണി ആകുന്നു ഇത് പിന്നീട് അത്ഭുതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് ആ മഞ്ഞപ്പത്രക്കാരൻ തന്മയത്വത്തോടു കൂടി പറയുന്നത് കേട്ടപ്പോൾ ഒരു പക്ഷെ അദ്ദേഹത്തിന്റെ മാതാവിനോ സഹോദരിക്കോ ഉണ്ടായ അനുഭവമാണോ എന്ന് പോലും അരൂപി സംശയിച്ചുപോയി. അവിടെ ഉണ്ടായിരുന്ന യുക്തിവാദി നേതാവാകട്ടെ ധൃതംഗപുളകിതനായി ഗെയിലിന്റെ ആത്മകഥയിലെ 'മസാല' ഭാഗങ്ങൾ ആവശ്യമായ വ്യാക്ഷേപക ശബ്ദങ്ങളുടെ അകമ്പടിയോടെ രസാവഹമായി അവതരിപ്പിക്കുകയായിരുന്നു.

മറ്റൊരു ചാനലിൽ ആകട്ടെ യുക്തിവാദിനേതാവ് ഏതാണ്ട് ഗ്രഹണിപ്പിള്ളാര് ചക്കക്കൂട്ടാൻ കണ്ട സ്ഥിതിയിലായിരുന്നു. അമൃതാനന്ദമയിയുടെ സമ്പത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ കലാബോധം ഒട്ടുമില്ലാതെ യുക്തൻ ഒരു സംഖ്യയങ്ങു കാച്ചി '333330000000000000'ചാനൽ അവതാരകൻ അടക്കം സകലരുടെയും കണ്ണ് നിറഞ്ഞു പോയി. ഈ സമയത്ത് തന്നെ പ്രധാന ചാനലിലും രംഗം കൊഴുക്കുകയായിരുന്നു. അമൃതാനന്ദമയി മഠം പറ്റിയാൽ ഇന്ന് രാത്രി തന്നെ പൂട്ടിക്കും എന്ന മട്ടിൽ ഇടതനും, വലതനും, യുക്തിവാദിയും, മൗദൂദിയനും ഒക്കെ കൈകോർത്ത് പിടിച്ച് നിൽക്കുന്നത് കാണാൻ തന്നെ ഒരഴകായിരുന്നു.

തങ്ങളാൽ ആവും വിധം ചെയ്യണമെന്നാണല്ലോ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും വിട്ടില്ല. കുറ്റം പറയരുതല്ലോ ഒരു പറ്റം ആൾക്കാർ വളരെ കൃത്യമായ മാർഗനിർദ്ദേശം ലഭിച്ചതുപോലെ ഒന്നിനു പിൻപേ ഒന്നായി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു. ആശ്രമത്തിന്റെ മുന്പിലൂടെ പണ്ടെങ്ങോ വഴിനടന്നവൻ മുതൽ സകലരുടെയും മരണങ്ങൾക്ക് അമൃതാനന്ദമയി ഉത്തരം പറയണം എന്ന് ആവഷ്യപ്പെട്ട് വളരെ മനോഹരമായ് ഡിസൈൻ ചെയ്ത പൊസ്റ്ററുകൾ ഷെയർ ചെയ്തു സത്യം പറഞ്ഞാൽ പൊസ്റ്റരിന്റെ ഭംഗി കണ്ടപ്പോൾ അരൂപിക്ക് പോലും ഒന്ന് ഷെയർ ചെയ്യാൻ തോന്നി.
മറ്റു ചിലരാകട്ടെ അറിയാവുന്ന തെറികളൊക്കെ അമൃതാനന്ദമയിക്കും അവരുടെ ഭക്തന്മാർക്കും എതിരെ എഴുതി.  അത്തരം ചില പോസ്റ്റുകൾക്കെതിരെ ഏതൊക്കെയോ അമൃതാനന്ദമയി ഭക്തര കേസ് കൊടുത്തു. അടുത്ത നിമിഷം അത്തരം പോസ്റ്റുകൾ ചുമരിൽ നിന്നും ഇളക്കി മാറ്റിയെങ്കിലും ജയിലിൽ പോവേണ്ടി വന്നാലും വിമർശനം തുടരും എന്ന് പ്രഖ്യാപിച്ചു. 

പിന്നീട് ചർച്ചകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനും, വിമർശന അസഹിഷ്ണുതയ്ക്കും വഴിമാറി. തെറിഎഴുതുകയും വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തതിനെതിരെ കേസ് എടുത്തത് വായ്‌മൂടിക്കെട്ടൽ ആയി വ്യാഖ്യാനിക്കപ്പെട്ടു. ചാനൽത്രയങ്ങളിൽ ഒന്ന് അടുത്ത എക്സ്ക്ലൂസീവിനായ് ഗൃഹപാഠം ചെയ്യുമ്പോൾ സഹോദര ചാനലുകൾ  വീണ്ടും ചര്ച്ചയും അഭിപ്രായ പ്രകടനങ്ങളും തുടർന്നു. അമൃതാനന്ദമയിയെ തെറി വിളിക്കുകയോ തേജോവധം ചെയ്യുകയോ ചെയ്താലും വാക്കയ്യ് പൊത്തി തൊഴുതു നിൽക്കാനേ ഭക്തർക്ക് അവകാശമുള്ളൂ എന്ന് ഉത്തരാധുനിക മാധ്യമങ്ങൾ പറയാതെ പറഞ്ഞു. 

എറ്റവും രസകരമായത് യുക്തിവാദികളിലെ ബാബാകക്ഷിയും, മെത്രാൻകക്ഷിയും മത്സരിച്ച് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അമൃതാനന്ദമയിയെ തെറി വിളിച്ചു നിർവൃതി പൂണ്ടു. മദാമ്മ കണ്‍കണ്ട ദൈവവും, മാനവികതയുടെ മാതാവുമായി.
ഈ സഹസ്രാബ്ദത്തിലെ എറ്റവും മഹത്തായ കൃതിയായ് വിശുദ്ധനരകത്തെ വാഴ്ത്തിയ സക്കറിയ ഗെയിൽ എഴുതാതിരുന്നെങ്കിൽ ഒരു നഷ്ടമായേനെ എന്ന് കൂടി പറഞ്ഞെ നിർത്തിയുള്ളൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിനായ് കൈവെട്ട് സംഘടന ഘോര ഘോരം പോസ്റ്റുകൾ പടച്ചു വിട്ടു.

വാർത്താ അവതാരകയ്ക്ക് വരെ ഹിജാബ് തുന്നിക്കൊടുത്ത സദാചാരചാനൽ ഗെയിലിന്റെ ബുക്കിലെ 'ഇക്കിളി' ഭാഗങ്ങൾ മുഴുവൻ തർജ്ജിമ ചെയ്ത് മലയാളിയുടെ അകത്തളങ്ങളിലെത്തിച്ചു കൂറ് കാട്ടി. അഹിംസാ പാർട്ടിയുടെ ഹരിതൻ തന്റെ മതേതരത്വവും പുരോഗമന ചിന്തയും ഉയർത്തിപ്പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടു.
വിപ്ലവപാർട്ടിയുടെ നേതാവാകട്ടെ അന്വേഷണം ആവശ്യപ്പെട്ടു മുഖം രക്ഷിച്ചു. മുടി വിവാദത്തിലും സമാന നിലപാടെടുത്ത വിജയേട്ടന്റെ ധൈര്യത്തെക്കുറിച്ച് വിപ്ലവ വാദികൾ രോമാഞ്ചമണിഞ്ഞു. എന്നാൽ ഈ ധൈര്യം പോട്ടയിലും, താമരശ്ശേരിയിലും കാണിച്ചില്ലല്ലോ എന്ന് ചില ദോഷൈകദൃക്കുകൾ ആരോപിച്ചു. കാന്തപുരം ഗ്രൂപ്പ് അരിവാൾ സുന്നിഎന്നാണ് തൊട്ടു മുന്പത്തെ ഇലക്ഷൻവരെ അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞു ഉസ്തദിനൊദൊപ്പവും, പോട്ടയിലും ഒക്കെ സഖാവ് വിനയാന്വിതനായ് നില്ക്കുന്ന ചിത്രവും പ്രദർശിപ്പിച്ചു. മാനസിക നില തെറ്റിയയുവാവിനെ ശാന്തനാക്കാൻ കഴിയാത്ത അമൃതാനന്ദമയി സന്യാസിനിപോലുമല്ലെന്ന് ഡിഫി സ്വാമി അഭിപ്രായപ്പെട്ടു. ഡിഫി സ്വാമിയുടെ കഴുത്തിനു പിടിക്കാൻ വന്ന ആർ എസ് എസ്സുകാരന്റെ മനസ്സ് അന്ന് അങ്ങനെ മാറിയിരുന്നോ എന്ന് ചില താന്തൊന്നികൾ തിരിച്ചു ചോദിച്ചു. 

ഗെയിൽ ട്രേഡ്വെലിന്റെ ഫെസ് ബുക്ക് പേജ് മുഴുവൻ "ശാന്തിയുടെ മത"ത്തിലേക്കുള്ള ക്ഷണം കൊണ്ട് നിറഞ്ഞു. ഹിജാബിന്റെ സുരക്ഷയെക്കുറിച്ചും, ആകാശ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും വാചാലരായ്. അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തി, മതം മാറി വരൂ.. ഞങ്ങൾ നിനക്ക് വേണ്ടതെല്ലാം തരാം എന്ന് വാഗ്ദാന പെരുമഴ. തിരിച്ച് "സത്യവേദ"ത്തിന്റെ ഓരോ കോപ്പി ഗെയിൽ അയച്ചു കൊടുത്തു എന്നും കിംവദന്തി പരക്കുന്നുണ്ട്.

ചുരുക്കത്തിൽ മാധ്യമത്രയങ്ങളും, കീബോർഡ്  ആക്റ്റിവിസ്റ്റുകലും പറയാതെ പറയുന്നത് ഇതാണ്"ഞങ്ങൾ ഞങ്ങളുടെ പ്രത്യാ ശാസ്ത്രത്തിനു വിരുദ്ധമായ് നടക്കുന്ന ആർക്കെതിരെയും വ്യക്തിഹത്യ നടത്തും, അപവാദങ്ങൾ പ്രചരിപ്പിക്കും "

Tuesday, February 11, 2014

ബലക്ഷയം


ശംഖുമുഖം കടപ്പുറത്ത് ഒത്തുചേർന്ന ജനലക്ഷങ്ങളെ കണ്ടതിന്റെ കൊതിക്കെറുവാണോ അതോ രാഷ്ട്രീയ  'ബല' ക്ഷയം കൊണ്ടാണോ എന്നറിയില്ല ഹരിതൻ വീണ്ടും ഫേസ്ബുക്ക്‌ വിപ്ലവം തുടങ്ങി.

"എന്തുകൊണ്ടാണു തങ്ങളുടെ നീതിപൂർവ്വകമായ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ ദലിതർക്കും പിന്നാക്കക്കാർക്കും വരും ദശകം വരെ (അഥവാ മോഡിയവതാരം വരുന്നതുവരെ) കാത്തിരിക്കേണ്ടി വന്നത്‌? "
എന്ന് ചോദിച്ചാണ് സഖാവ് ഓഫ് ദി കോണ്ഗ്രസ് കത്തിക്കയറുന്നത്.
ദളിതൻ ഇന്നും ഈ ദുരവസ്ഥയിൽ കഴിയാൻ കാരണം എന്തെന്ന് മോദിയോടും, വെള്ളാപ്പള്ളിയോടും അല്ല ചോദിക്കേണ്ടത്. കഴിഞ്ഞ 6 ദശകങ്ങൾ ഇന്ത്യയിൽ ഭരിച്ച സ്വന്തം പാർട്ടിക്കാരോടാണ്. ജാതി വ്യവസ്ഥയെക്കുറിച്ച് ആർ എസ്‌ എസിന്റെ നിലപാടെന്താണു എന്ന് ചോദിക്കുമ്പോൾ


"ഞാൻ നിങ്ങളുടെ കേന്ദ്രം സന്ദർശിച്ചപ്പോൾ നിങ്ങളുടെ അച്ചടക്കവും തോട്ടുകൂടായിമ ഇല്ലാത്തതും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു."
എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളിൽ കൂടുതൽ ഈ വിഷയത്തെക്കുറിച്ച് അരൂപിക്കറിയില്ല എന്ന് തുറന്നു സമ്മതിക്കട്ടെ.

"ഞാൻ ആദ്യമായാണ്‌ സംഘപ്രവർത്തകരുടെ ഒരു കേന്ദ്രം സന്ദർശിക്കുന്നത്. ഇവിടെ സവർണ്ണ ജാതിയെന്നോ അവർണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വത്യാസത്തിനു നിലനിൽപ്പുണ്ട് എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദർശിച്ചതിൽ ഞാൻ സന്തോഷവാനാണ്."
എന്ന ഡോ. അംബേദ്ക്കറുടെ വാക്കുകളും കൂടി ഒർമിപ്പിക്കട്ടെ.

ഹിന്ദു ഐക്യം സാധ്യമായാൽ ദളിതൻ ബ്രാഹ്മണിസ്റ്റ് സംസ്കാരം സ്വീകരിക്കേണ്ടി വരും എന്ന പഴയ ജമാഅത്ത, തീവ്ര ഇടത് വ്യസനം തന്നെയാണ് തുടർന്നുള്ള വാക്കുകളിൽ ഹരിതൻ ഉന്നയിക്കുന്നത്.ഈ വിഡ്ഢിത്തം ഒന്നും ഇനിയും ഇവിടെ ചിലവാകില്ല. പിന്നാക്കക്കാരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ തകരുന്നതിൽ യദാർത്ഥത്തിൽ വ്യസനമുണ്ടെങ്കിൽ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും മതപരിവര്ത്ത്തനം നടത്തി അവരുടെ ബഹുസ്വര സംസ്കാരത്തെ നശിപ്പിക്കുന്നവര്ക്കെതിരെ ആണ് സംസാരിക്കേണ്ടത്. ആദിവാസികളുടെയും ഹരി- ഗിരി ജനങ്ങളുടെയും പൂജാ വിഗ്രഹങ്ങളും, വിശ്വാസങ്ങളും തകർത്തെറിയുന്ന മതപ്രചാരകർക്കെതിരെയാണ് സംസാരിക്കേണ്ടത്, അല്ലാതെ അതിനെ എതിർക്കുന്നവർക്ക് എതിരെയല്ല.

ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ട യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ഭാരതീയ വിചാര കേന്ദ്രവും ആർ എസ് എസും നടത്തുന്നു എന്നതാണ് ഹരിതൻറെ മറ്റൊരാരോപണം . RSS യാഗം നടത്തുന്നത് ഇതുവരെ കണ്ടിട്ടില്ല ഇനി കാണുമ്പോൾ അറിയിക്കുക അരൂപിക്കും കാണാൻ ആഗ്രഹമുണ്ട്. യാഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാൽ ഒരു നിയമം കൊണ്ടുവരുന്നതിനെ പറ്റിയും ആലോചിക്കേണ്ടതാണ്.

യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ടവയാണെന്നു പറയാൻ കാണിച്ച ആർജ്ജവം ബലിപെരുന്നാളിന്റെയും മറ്റും കാര്യത്തിലും കാണിക്കുമോ ? എന്ന് അങ്ങയോടു ചോദിക്കുന്നില്ല പേരിലെ ബലം നട്ടെല്ലിനു പ്രതീക്ഷിക്കുന്നില്ല.

അടിസ്ഥാന വർഗ്ഗ പ്രതിനിധിയായ അസുരരാജാവ്‌ മഹാബലിയുടെ ഓണം ബ്രാഹ്മണനായ വാമന ജയന്തിയാക്കി മാറ്റുമോ എന്നുള്ള ഭയം ഹരിതൻ മറച്ചു വയ്ക്കുന്നില്ല. തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുന്നത് ബ്രാഹ്മണ ചടങ്ങാണെന്നും അത് തുടങ്ങിയത് ശശികല ടീച്ചർ ആണെന്നും കൂടി പറഞ്ഞാൽ പൂർണമായേനെ.

എന്നാൽ അരൂപിയുടെ സംശയം അതല്ല മഹാബലി എങ്ങിനെയാണ് അടിസ്ഥാന വർഗ്ഗ പ്രതിനിധിയാകുന്നത് ?
മഹാബലി ലോകം മുഴുവൻ കീഴടക്കിയ രാജാവായിരുന്നു.
ജാതി പറഞ്ഞാൽ ബ്രാഹ്മണൻ: കശ്യപ പ്രജാപതിയുടെ പുത്രൻ- ഹിരണ്യകശിപു , അദ്ദേഹത്തിന്റെ മകൻ പ്രഹ്ലാദൻ, അദ്ദേഹത്തിന്റെ മകൻ വിരോചനൻ, അദ്ദേഹത്തിന്റെ മകനാണ് മഹാബലി എന്ന് പുരാണങ്ങൾ ('ബാലരാമ'പുരാണം അടിയൻ വായിച്ചിട്ടില്ല അതിൽ ചിലപ്പോള ജാതി വേറെയായിരിക്കും )

രാജഭരണത്തിന്റെ ഫ്യൂഡൽ മൂല്ല്യങ്ങളേ തള്ളിക്കളഞ്ഞാൽ മാത്രമേ ജനാധിപത്യവൽക്കരണത്തെ ശക്തിപ്പെടുത്താൻ പറ്റൂ എന്ന് പ്രസ്താവിക്കുന്ന ഹരിതൻ ജനാധിപത്യ ഇന്ത്യയിൽ ഒരു കുടുംബത്തിൽ പിറന്നു എന്ന ഒറ്റക്കാരണത്താൽ തന്റെ പാർട്ടിയുടെ തലപ്പത്ത് ഒരു യുവ കോമള രാജകുമാരാൻ വാണരുളുമ്പോൾ പഞ്ചപുച്ഛം അടക്കി നിന്ന് റാൻ മൂളുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.


ഇത്തരം ഉമ്മാക്കികൾ കാണിച്ചു കഴിഞ്ഞ ദശകങ്ങൾ നിങ്ങൾ എല്ലാവരെയും വഞ്ചിച്ചു. രാഷ്ട്രീയത്തിനപ്പുറം ദളിത സ്നേഹവും അടിസ്ഥാന വർഗ മുന്നേറ്റവും ഒക്കെ അജണ്ടയിൽ ഉണ്ടെങ്കിൽ ഉരിയരിക്കും, നാഴി കഞ്ഞിക്കും വേണ്ടി പട്ടികജാതിക്കാരനു അവന്റെ "പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ" ഉപേക്ഷിച്ച് മതം മാറേണ്ടി വരില്ലായിരുന്നു. മുത്തങ്ങയിലും, ചെങ്ങറയിലും, അരിപ്പയിലും ഒന്നും കുടിൽ കെട്ടി സമരം ചെയ്യേണ്ടി വരില്ലായിരുന്നു.

മാറാട് ജീവൻ പൊലിഞ്ഞത് ബ്രാഹ്മണരുടെയൊ സംഘ പരിവാര് കാരുടെയൊ ആയിരുന്നില്ല അവിടെ ഹരിതനെയൊ ഹരിതന്റെ പാർട്ടിക്കാരെയൊ കണ്ടില്ല. ഭരണം അങ്ങയുടെ പാർട്ടിക്കാരുടെയാണല്ലോ സി.ബി.ഐ അന്വേഷണത്തിന് സ്വാധീനം ചെലുത്തുമോ ?

മോഡിയുടെ മാജിക്കിനെ വിശ്വസിച്ചിരിക്കുന്ന കുറച്ചു വിഡ്ഢികളെ അങ്ങ് കണക്കിലെടുക്കേണ്ട.ഭരണ കക്ഷിയിലെ നിയമസഭാസാമാജികത്വം ഉപയോഗപ്പെടുത്തി ദളിത്‌ ആദിവാസി വിഭാഗങ്ങൽക്കിടയിൽ വ്യാപകമായ പ്രശ്നങ്ങള്ക്ക് പരിഹാരം അങ്ങ് തന്നെ കാണണം. അങ്ങിനെ ചെയ്‌താൽ ദളിത്‌ പിന്നോക്ക വിഭാഗങ്ങളെയും അവരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങളേയും മോദിയിൽ നിന്നും രക്ഷിക്കാൻ സാധിക്കും എന്നെ അരൂപിക്ക് പറയാനുള്ളൂ.

ഇനി അതല്ല മേല്പ്പറഞ്ഞത്‌ പോലെ മോദിയെ കണ്ടുണ്ടായ ആധി ആണ് വ്യാധി എങ്കിൽബലാഹഠാദിധാര കോരുന്നത് നല്ലതാണ്. ബലാഗുളിച്യാദിയും പ്രയോഗിക്കാം .