പുരോഗമന കലാ സാഹിത്യം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്നാണ് പ്രമാണം. എന്താണ് പുരോഗമന കല എന്നൊന്നും ചോദിക്കരുത്. കാരണം പുരോഗമനത്തിന് ഓരോ സമയത്തും ഓരോന്നാണ് നിർവ്വചനം ചിലപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം ആയിരിക്കും പുരോഗമനം, ചിലപ്പോൾ മനുഷ്യാവകാശം ആയിരിക്കും, മറ്റു ചിലപ്പോൾ മതേതരത്വം വേറെ ചിലപ്പോൾ മതപ്രീണനം ആയിരിക്കും ഇതിനെ അവസരവാദം എന്ന് വിളിക്കരുത് ഇതാണ് സ്വത്വ വാദ പുരോഗമനം.
ഉന്മൂലന നാശ സിദ്ധാന്തത്തിന്റെ ബൗദ്ധിക രൂപമാണ് പുകസ എന്ന് പറയുന്നവരുണ്ട്. തങ്ങൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സിദ്ധാന്തങ്ങൾ പറയുകയും ന്യായീകരിക്കുകയും ചെയ്യുന്നവരുടെ ഏത് തെമ്മാടിത്തരവും അനുകൂലിക്കുക, മറ്റുള്ളവരുടെ ഏത് പ്രവൃത്തിയേയും അവഹേളിക്കുക, കള്ള് കാഞ്ചനം, കാമിനി എന്നീ 'കാ'ത്രയങ്ങൾക്കായ് എന്തും ചെയ്യുക എന്നീ ലക്ഷണങ്ങൾ തിഅഞ്ഞ ബുദ്ധി ജീവികൾ ആണ് അതിൽ ഉള്ളവരിൽ പലരും എന്നും പറയുന്നവരുണ്ട് എന്നാൽ അരൂപി ആ അഭിപ്രായത്തോട് തീരെ യോചിക്കുന്നില്ല. സാമൂഹിക വിഷയങ്ങളെ വിമര്ശിച്ച് പുരോഗമന ആശയങ്ങളിലേക്ക് സാഹിത്യകാരന്മാരെ നടത്താൻ പുകസക്ക് കഴിഞ്ഞിട്ടുണ്ട്. പൂന്താനം, കുഞ്ഞൻ നമ്പ്യാർ മുതലായവരൊക്കെ സാമൂഹ്യ വിമർശനം തുടങ്ങിയത് പുകസയുടെ കളരിയിൽ ആയിരിക്കും എന്നാണു അരൂപിയുടെ പക്ഷം. അല്ലാതെ ഇത്രയും സാമൂഹിക വിമർശനമോക്കെ ആർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ ?
വത്സല 'നെല്ല്' എഴുതിയത് കൊണ്ടോ ഗോതമ്പ് എഴുതിയത് കൊണ്ടോ ഒന്നുമല്ല സാഹിത്യകാരിയായത്. പുകസയുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അത് കൊണ്ട് തന്നെ വത്സല എന്ത് പറയണം ആരെ പിന്താങ്ങണം എന്നൊക്കെ പുകസ തീരുമാനിക്കുകയും ചെയ്യും. അമൃതാനന്ദമയി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയല്ല അവരെ വിലയിരുത്തേണ്ടത്. അവരെ പുകസ എങ്ങനെ കാണുന്നു എന്ന് നോക്കിയാണ്. അമൃതാനന്ദമയി സമൂഹത്തിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ടാകാം എന്നാൽ ഒരിക്കലും വിപ്ലവങ്ങളേക്കുറിച്ചു പ്രസംഗിച്ചിട്ടില്ല. അവർ സ്ത്രീയായിരിക്കാം പക്ഷെ പെണ്ണെഴുത്തിനെയും, ദളിത് എഴുത്തിനെയും പറ്റി വാചാടോപം നടത്തിയിട്ടില്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും ദാസ് കാപിറ്റലും പഠിച്ചിട്ടില്ല. അവർ യദാർത്ഥത്തിൽ ലോക നന്മ ആഗ്രഹിചിരുന്നുവെങ്കിൽ പുകസയിൽ അങ്കമാകണം, കുറഞ്ഞ പക്ഷം ഇടതു പക്ഷത്തെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിൽ അതല്ലാത്തിടത്തോളം അവർ എന്ത് തന്നെ ചെയ്താലും അവരെ അംഗീകരിക്കാൻ സാധിക്കില്ല. ജി സുധാകരനും,,ബാലനും അങ്ങനെ കമ്മൂണിസ്റ്റ് നേതാക്കൾ അവരെ സന്ദർശിച്ച് ബഹുമാനിച്ച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടോ, സാക്ഷാൽ വി എസ് തന്നെ ആദരവ് പ്രകടിപ്പിച്ച് കത്തയച്ചു എന്നത് കൊണ്ടോ, ചൈനയും റഷ്യയും ബഹുമാനിച്ചു എന്നത് കൊണ്ടോ പുകസയുടെ സമീപനം മാറില്ല.'തേവരേക്കാൾ വലിയ ശാന്തി' എന്നത് പോലെ പുകസ ഇതിനൊക്കെ മുകളിലാണ്. അത് കൊണ്ട് തന്നെ ഇടതുപക്ഷമെന്നത് മനുഷ്യ പക്ഷമാണെന്നും ആ മനുഷ്യ പക്ഷത്താണ് അമൃതാനന്ദമയി നില്ക്കുന്നതെന്നും വത്സല പറഞ്ഞത് അപലപനീയം തന്നെയാണ്.
സാഹിത്യകാരൻ സാഹിത്യകാരൻ ആകുന്നത് തന്റെ സ്വന്തം അധ്വാനം കൊണ്ടാണെന്നും, പിന്നീട് അവരുടെ പ്രശസ്തിയുടെ പേരില് തിന്നു കൊഴുക്കൽ ആണ് പുകസയിലെ ബുദ്ധി ജീവികളുടെ പണി എന്ന് പറയുന്നവർ നന്ദി ഇല്ലാത്തവരാണ്. ടോൾസ്റ്റൊയിയും, നെരൂദയും, അടക്കം ഇന്ന് അറിയപ്പെടുന്ന വത്സല അടക്കമുള്ളവരെ സാഹിത്യ ലോകത്ത് ഉയർത്തി കൊണ്ട് വന്നത് പുകസയാണ്. അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി ബുദ്ധിജീവി സമൂഹത്തിന്റെ വാഴ്തുപാട്ടിനു വിധേയയാവാൻ വത്സല തയാറാകണം എന്ന് അരൂപി അപേക്ഷിക്കുന്നു.
പിന്നെ അമൃതാനന്ദമയിയുടെ സേവനം യദാർത്ഥത്തിൽ ഇടതു പക്ഷ സാഹിത്യത്തിനു ഒരു ഭീഷണിയാണ്. പാവങ്ങളെ സഹായിച്ച് അവരെ ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലെക്ക് പരിവര്ത്തനം ചെയ്യുകയാണ് അവർ ചെയ്യുന്നത്. ഇല്ലാത്തവനും അവന്റെ കണ്ണീരും ഇല്ലാത്ത ഒരു ലോകത്തിൽ വര്ഗ്ഗ സമരത്തിനും അതിന്റെ കട്ട പു ക സാഹിത്യത്തിനും പിന്നെ എന്ത് സ്ഥാനം.