Saturday, April 26, 2014

പ്രതികരണത്തിൻറെ മതം



ഒൻപത് വയസ്സുകാരിയെ വൈദികൻ പീഡിപ്പിച്ചു എന്നവാർത്ത  പലരെയും ഞെട്ടിച്ചിരിക്കണം. ക്രൂരമായ മതദ്രാഹവിചാരണകളേയെയും(inquisition), തിരുസഭയുടെ 'ഫത്വ'കളായ പേപ്പൽബുള്ളിനെയും(Papal bull) ഒക്കെ കേട്ടതുകൊണ്ടാകണം തിരുവസ്ത്രത്തെയും അതിനുള്ളിലെ തിരുമേനിമാരെയും കാണുമ്പോൾ നട്ടെല്ല് വളയുന്ന അസ്കിത അരൂപിയ്ക്ക് പണ്ടേ ഇല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയതുമില്ല, എന്നാൽ ഈ വിഷയത്തിൽ കേരളത്തിന്റെ പ്രതികരണം അരൂപിയെ ഞെട്ടിച്ചു കളഞ്ഞു.

കുറെ നാളുകൾക്ക് മുൻപ് സന്തോഷ്‌ മാധവൻ എന്നൊരു പൂജാരിയെ(?) ഇതുപോലെ ചില വിഷയങ്ങളുടെ പേരില് അറസ്റ്റ് ചെയ്തിരുന്നു. താൻ ഒരു സന്ന്യാസി അല്ല എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള സന്തോഷ്‌ മാധവൻ അറസ്റ്റിലായപ്പൊൾ കേരള ജനത എങ്ങിനെയായിരുന്നു പ്രതികരിച്ചത് എന്നോർമ്മയുണ്ടോ ? നാട് മുഴുവൻ സന്യാസിമാർക്കും, ആചാര്യന്മാർക്കും എതിരെ ഫ്ലക്സ് ബോർഡുകൾ നിരത്തി, കുട്ടി സഖാക്കൾ നാട് നീളെ നടന്നു സന്ന്യാസി മാരുടെ താടി വടിച്ചും പൂട പറിച്ചും വിപ്ലവത്തിന്റെ കാഹളം മുഴക്കി. ഇത്തരക്കാരുടെ ആസനത്തിലൂടെ കുന്തം കേറ്റുന്നതിനേക്കുറിച്ച് മന്ത്രി പുങ്കവൻ ഗീർവാണം മുഴക്കി. 'ആൾദൈവ' സംസ്കാരത്തിനെതിരെ ബുദ്ധിജീവികൾ ലേഘന മാലിന്യങ്ങൾ ശർദ്ദിച്ചു. ഇതിന്റെ ചുവടു പിടിച്ചു കൊണ്ട് സന്യാസിമാരെ അവഹേളിച്ചുകൊണ്ട് സിനിമകളും മറ്റു ടെലിവിഷൻ പരിപാടികളും ഇറങ്ങി.

എന്നാൽ ഈ വൈദികന്റെ വിഷയത്തിൽ ഇതൊന്നും കണ്ടില്ല കേവലം ഒരു വ്യക്തിയുടെ മാത്രം കുറ്റമായി വിഷയം ഒതുങ്ങുകയാണ് എന്നാൽ ഇവിടെ നാം കണക്കിലെടുക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. സന്തോഷ്‌ മാധവനോ, തോക്ക് സ്വാമിയോഒന്നും വ്യവസ്ഥാപിതമായ ഒരു സന്യാസി പാരമ്പര്യത്തിന്റെ ഭാഗമല്ല. ഒന്നോ രണ്ടോ രൂപ വിലവരുന്ന കാഷായം വാങ്ങി മുക്കിയാൽ ആർക്കും സന്ന്യാസി വേഷം കെട്ടാം. എന്നാൽ അത്തരക്കാരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അത് മൊത്തം സന്യാസി സമൂഹത്തിനെയും ആചാര്യന്മാരെയും, ഹിന്ദു മതത്തെ തന്നെയും നിന്ദിക്കാനായ് ഉപയോഗിക്കുന്നു. കൃത്യമായ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ ഔദ്യൊഗികമായ് സഭയുടെ അംഗമായ പള്ളീലച്ചൻറെ ചെയ്തിയെ കേവലം ഒരു വ്യക്തിയുടെ മാത്രം ദോഷമായി ചുരുക്കികാണുകയും ചെയ്യുന്നു. 

പള്ളീലച്ചന്റെ സ്ഥാനത്ത് ഏതെങ്കിലും ഹിന്ദു ആശ്രമത്തിലെ സന്യാസി പോകട്ടെ പാചകക്കാരനോ, വിറകുവെട്ടുകാരനോ  ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇപ്രകാരം ആകുമായിരുന്നോ എന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഹിന്ദു ആചാര്യന്മാർ നടത്തുന്ന സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നത്തിനും അതുമായി നേരിടു ബന്ധം ഇല്ലെങ്കിൽ പോലും ആചാര്യന്മാരെ പോലും അവഹേളിക്കുന്ന സോഷ്യൽ നെറ്റ്വർക്ക് ധാർമ്മികരോഷം എന്നാൽ ഈ വിഷയത്തിൽ കാണുന്നില്ല. ഈ വികാരിയുടെ വികാര പ്രകടനത്തിന്റെ പേരിൽ യേശുകൃസ്തുവോ, വത്തിക്കാനിലെ പരമ പിതാവോ പോകട്ടെ അരമനയിലെ മെത്രാന്മാരെ പോലുംവിമർശനത്തിനോ അവഹേളനത്തിനോ പാത്രമാകുകയില്ല. 
നമ്മുടെ ചലച്ചിത്രങ്ങളിൽ ഇതൊരു വിഷയം ആവുകയില്ല കാമഭ്രാന്തന്മാരായ സന്ന്യാസിമാരും, പൂജാരിമാരും, സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകകളായ വികാരിമാരും ഇനിയും നമ്മുടെ സിനിമകളിൽ ഉണ്ടാകും.

സന്തോഷ്‌ മാധവൻ പ്രശ്നത്തിന്റെ പേരിൽ ആശ്രമങ്ങളെ കല്ലെറിഞ്ഞ  മുടിവെട്ട് കുട്ടി സഖാക്കളോ തലവെട്ട് സഖാക്കാളോ ഈ വിഷയത്തിൽ ഉരിയാടില്ല. തൃത്താലയിലെ ഹരിതൻ മുന്കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തടികെടാകുന്ന പണിക്കിറങ്ങില്ല. മലയാളത്തിൻറെ മഹാ മാദ്ധ്യമങ്ങൾക്ക് ഇത് ചർച്ചാ വിഷയമാകില്ല. വിവാദത്തിൽ മുക്കെണ്ടതും ചെളിവാരി എറിയേണ്ടതും ആരെയാണെന്ന ബോദ്ധ്യം പ്രതികരണക്കാർക്കുണ്ട്. 

അതെ പ്രതികരണത്തിനും ധാർമ്മികരോഷത്തിനും ഒക്കെ  മതവും ജാതിയും ഉണ്ട്

No comments:

Post a Comment