Monday, June 23, 2014

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശ്രീ നാരായണ ദർശനങ്ങളിൽ പിതൃത്വം തേടുമ്പോൾ




ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അവകാശം വെള്ളാപ്പള്ളിക്കില്ലെന്നും നാരായണ ഗുരുവിന്റെ നേരവകാശം യഥാര്‍ത്ഥ സിപിഐഎമ്മുകാര്‍ക്കാണെന്നുമുള്ള എം വി ഗോവിന്ദൻ മാഷുടെ പുതിയ വെളിപാടിനെ എട്ടുകാലി മമ്മൂഞ്ഞിസം എന്ന് പുച്ഛിച്ചു തള്ളാൻ അരൂപി ആളല്ല. കമ്മ്യൂണിസം ലോകവ്യാപകമായി നേരിടുന്ന ആശയപരമായ അസ്തിത്വ വെല്ലുവിളികളെ നേരിടാൻ കേരളത്തിലെ ബുദ്ധിജീവി സമൂഹത്തിനും സാധിക്കുന്നില്ല. പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ സംഘടിത മത വിഭാഗങ്ങളുടെയും, കച്ചവട ഭീമൻ മാരുടയും  പ്രതിനിധികൾ വിരാജിച്ചരുളുമ്പോൾ ആരോപണത്തിൻറെയും, സമരങ്ങളുടെയും കുന്തമുനകൾ ഭൂരിപക്ഷ സമുദായത്തിനും, അവർക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കും 
നേരയാകുന്നത് സ്വാഭാവികം മാത്രമാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളി നടേശൻ കോളേജിനെതിരെ നടത്തിയ സമരാഭാസത്തെയും അത്തരത്തിലുള്ള ഒന്നായ് മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ സമരത്തോടനുബന്ധിച്ച് വിപ്ലവ പാർട്ടിയുടെ നേതാവ് ഉറക്കെ ഗർജ്ജിച്ചത് നാരായണ ഗുരുവിൻറെ പേര് പറയാൻ വെള്ളാപ്പള്ളി നടേശനും, മോനും യോഗ്യതയില്ലെന്നും, നാരായണ ഗുരുവിൻറെ ആശയങ്ങളും ദർശനങ്ങളും നടപ്പാക്കിയത് വിപ്ലവപാർട്ടിയാണെന്നുമാണ് സഖാവ് തഞ്ചത്തിൽ തട്ടിവിട്ടത്.

നാരായണ ഗുരുവും അയ്യാവും, ചട്ടമ്പി സ്വാമിയും, അയ്യങ്കാളിയും, കറുപ്പനും ഒക്കെ പകർന്ന വിപ്ലവ വീര്യവും തത്ഫലമായി കേരളത്തിലുണ്ടായ നവൊത്ഥാനത്തിന്റേയും പിതൃത്വം എട്ടുകാലി മമ്മൂഞ്ഞിസത്തിലൂടെ പിടിച്ചെടുക്കാൻ വിപ്ലവപാർട്ടിയ്ക്ക് കഴിഞ്ഞു എന്നതിൽ അരൂപിയ്ക്ക് സന്ദേഹമേതുമില്ല. എന്നാൽ ഗുരുദേവ ദർശനങ്ങളുടെ മൊത്തക്കുത്തക വിപ്ലവപാർട്ടി എറ്റെടുക്കാൻ ശ്രമിച്ചാൽ ആനയിൽ പിതൃത്വം ആരോപിക്കുന്ന ശ്വാവിൻറെ ഗതികേടായി മാത്രമേ കാണാൻ സാധിക്കൂ.  

"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുദേവ വാക്യവും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കമ്മ്യുണിസ്റ്റ് ചിന്തയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആദ്ധ്യാത്മികതയിൽ ഊന്നി ഭാരതത്തിൻറെ ദാർശനിക പാരമ്പര്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഗുരുടെവാൻ സാമൂഹ്യ വിപ്ലവം നടപ്പിലാക്കിയത്. അത് കൊണ്ട് തന്നെ അത് സമൂഹത്തിലേയ്ക്ക് ആഴ്ന്നിറങ്ങാൻ കാരണമായി. എന്നാൽ പാരമ്പര്യങ്ങളെ മുഴുവൻ തള്ളിക്കളഞ്ഞു കൊണ്ട് നിഷേധാത്മകമായ രീതിയിൽ രക്തരുഷിത വിപ്ലവം ലക്ഷ്യമാക്കി, വർഗ്ഗ സമരമെന്ന കാഴ്ച്ചപ്പാടിലൂന്നി ഒരു സാമൂഹിക പരിത സ്ഥിതി കെട്ടിപ്പടുക്കുവാൻ ശ്രമിക്കുകയായിരുന്നു വിപ്ലവ പാർട്ടി ചെയ്തത്. അത് കൊണ്ട് തന്നെയാണ് പാർട്ടിയുടെ താത്വികാചാര്യന്മാരുടെ പോലും പേരുകൾക്ക് പുറകിലെ ജാതി വാല് മുറിഞ്ഞു പോകാതിരുന്നതും. 

"വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക" എന്ന ഗുരുവരുൾ അനുസരിച്ച് അവശ സമുദായങ്ങൾ ശക്തി നേടാൻ തുടങ്ങുമ്പോഴൊക്കെ വല്ല വിധേനെയും അവയുടെ കടക്കൽ കത്തി വയ്ക്കാനാണ് വിപ്ലവ പാർട്ടി ശ്രമിച്ചിട്ടുള്ളത്. ക്രൈസ്തവ ഇസ്ലാമിക സ്വത്വങ്ങളെ ബഹുമാനിക്കുന്ന പാർട്ടി സൈദ്ധാന്തികരൊ, നേതാക്കളോ ഇത്തരം സമുദായങ്ങളുടെ സ്വത്വങ്ങളെ ബഹുമാനിക്കുക പോയിട്ട് അവമതിക്കാതിരിക്കുക പോലും ചെയ്തിട്ടില്ല. വിദ്യാഭ്യാസപരമായി അവകാശങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോഴും ഇത്തരം സമുദായാംഗങ്ങളെ പ്രകടനം നടത്താനും, മനുഷ്യക്കൊട്ടകൾ കെട്ടാനും ഒക്കെയുള്ള പാർട്ടി ഭക്തരാക്കി ഒതുക്കി നിർത്തുന്നതിൽ വിപ്ലവപാർട്ടി ഒരു പരിധിവരെ വിജയിച്ചു. അവശ സമുദായങ്ങളെ സംബന്ധിച്ച് പഴയ തമ്പ്രാന് പകരം പുതിയ തമ്പ്രാൻ എന്നതിൽ കവിഞ്ഞ് പ്രത്യേക നേട്ടമൊന്നും ഉണ്ടായില്ല.

അനുകമ്പാദശകത്തിലൂടെ ഗുരു എഴുതി..
"ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും."

സായുധ വിപ്ലവവത്തിലും, ഉന്മൂലന സിദ്ധാന്തത്തിലും വിശ്വസിക്കുന്ന വിപ്ലവ പാർട്ടിയ്ക്ക് ഈ വരികളുടെ അർത്ഥ വ്യാപ്തി മനസ്സിലാവുകയില്ല.
താമരശ്ശേരിയിലും, അൻവാറശേരിയിലും ചെന്ന് പഞ്ചപുച്ഛമടക്കി നില്ക്കുന്ന പാർട്ടി ജമീന്തർമാറും അവരുടെ ഏറാന്മൂളികളും നാരായണ ദർശനങ്ങളിൽ പിതൃത്വം തേടേണ്ട. വോട്ടു ചോർന്നതിന്റെ കൊതിക്കെറുവ് സമുദായത്തോടല്ല സ്വന്തം നയങ്ങളോടാണ് കാണിക്കേണ്ടത് എന്ന് മാത്രം പറയട്ടെ. 



Saturday, June 14, 2014

തെറിവിളി വിപ്ലവം


ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ എറ്റവും വലിയ വെല്ലുവിളി  കൊണ്ടിരിക്കുകയാണ്. അപരിഷ്കൃത സമൂഹത്തിൻറെ പ്രത്യയശാസ്ത്രം ഒരു പരിഷ്കൃത സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഏതു സംഘടനയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇന്ന് പാർട്ടിയും നേരിടേണ്ടി വരുന്നത്. വിലയേറിയ ആഡംബര കാറുകളിൽ വന്നിറങ്ങി 'അടിസ്ഥാന വർഗ്ഗത്തിൻറെ ആവശ്യങ്ങളെ പറ്റി വാചകമടിച്ച് പാർട്ടി റിസോട്ടിലെയ്ക്ക് പോകുന്ന നേതാക്കളും, ശീതീകരിച്ച മദ്യശാലകളിരുന്നു  വിപ്ലവം വിഴുങ്ങുന്ന ബുദ്ധിജീവികളും, ജീനി കെട്ടിയ കുതിരകളായ അണികളും ആധുനിക കാലഘട്ടത്തെ ആയിരത്താണ്ടുകൾ പിന്നോട്ട് നയിക്കുന്നു. സോഷ്യൽ മീഡിയകളുടെയും, ഇൻറർനെറ്റിന്റെയും   സാദ്ധ്യതകൾ എറ്റവും അധികം പിന്നോട്ട് നയിച്ചത് കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ആയിരുന്നു. "ചൈനയിൽ എന്ത് നടന്നു ഉഗാണ്ടയിൽ എന്ത് നടന്നു" എന്നാ മട്ടിലുള്ള പാർട്ടി സൈദ്ധാന്തിക വിശകലനങ്ങളെയും, വാദങ്ങളെയും തൊണ്ട തൊടാതെ വിഴുങ്ങിയിരുന്നവർ അവയുടെയെല്ലാം കൃത്യത പരിശോദ്ധിച്ചു. ഗുജറാത്തിലെ 'ഗര്ഭവും ഭ്രൂണവും ശൂലവും' ഒക്കെ സഖാവിന്റെ ഭാവനയിൽ കിളിർത്ത നട്ടാൽ മുളയ്ക്കാത്ത നുണകളാണെന്നു ജനം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിയലിൻറെ പ്രതിഫലനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സങ്കോജത്തിനു കാരണം. 
ഭാ. ജ. പാ യെ ഗർഭം  ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു മുൻപേ ഇന്ത്യൻ മണ്ണിൽ കമ്മൂണിസ്റ്റ് പാർട്ടി മൊട്ടിട്ടു കഴിഞ്ഞിരുന്നു എന്നാൽ ഒരു പ്രാദേശിക പാർട്ടിയായി ഒതുങ്ങേണ്ടി വന്ന ഗതികേടിലെയ്ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പാർട്ടിയെ എഴുതി തള്ളിയത്.

എന്നാൽ ഇത് കൊണ്ടൊന്നും പഠിക്കാൻ തങ്ങൾ തയാറല്ല എന്ന പ്രഖ്യാപനം ആണ് നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി നമുക്ക് കേൾക്കാൻ കഴിയുന്നത്. എതിർക്കുന്നവരെ ആശയപരമായി നേരിടാനോ സംവദിക്കാനോ ഉള്ള പക്വത ഭാരതീയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൈവന്നിട്ടില്ല. ഇരുട്ടിൽ പതിയിരുന്നു ശത്രുഗോത്രത്തിൻറെ കുടിലുകൾക്ക് തീയിടുന്ന പ്രാകൃത സംസ്കാരത്തിൽ നിന്നും ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതിന്റെ തെളിവാണ്. ഇരുട്ടിന്റെ മറവിൽ പ്രേമചന്ദ്രന്റെ വീടാക്രമിച്ച സംഭവം. പരാജയങ്ങളെ ഇത്രയും അസഹിഷ്ണുതയോടെ കാണുന്ന മറ്റൊരു പ്രസ്ഥാനം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. മുൻ നേതാവിനെ 51 വെട്ടിനു കൊല്ലാൻ കൊട്ടേഷൻ കൊടുത്തവരിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ.
എതിർപ്പ് ഉള്ളവരെയൊക്കെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികൊണ്ട് മൂടലാണ് പാർട്ടിയുടെ ഏക ബൗദ്ധിക പരിപാടി. കുലംകുത്തി, പരനാറി, അഭിസാരിക മുതലായ വാക്കുകൾ പോലും പാർട്ടിയിലെ നേതാക്കന്മാരുടെ സംഭാവനയാണ് എന്ന് പറയേണ്ടി വരും. മൂത്ത സഖാക്കൾ കുന്നോളം വിസർജ്ജിക്കുമ്പൊൾ കുട്ടി സഖാക്കൾ കുന്നിയോളം എങ്കിലും ചെയ്യണ്ടേ എന്ന തിരിച്ചറിവിലാണ് പാർട്ടി വിദ്യാർത്ഥി പ്രസ്ഥാനം 'മാഗസീൻ വിപ്ലവ'വുമായി മുന്നോട്ടു വന്നത്. കേരളത്തിലെ വിദ്യാർത്ഥികളുടെയും വിദ്യാലയങ്ങളുടെയും പുരോഗതിയെ തടയുകയും, പഠിപ്പുമുടക്കൽ, പാഠപുസ്തകം കത്തിക്കൽ, കോളേജ് അടിച്ചു പൊളിക്കൽ മുതലായ കലാ പരിപാടികളിലൂടെ നാളത്തെ നേതാക്കളെ വളർത്തിയെടുക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിലെ യുവാക്കൾക്ക് നാളെ വേറെ തൊഴിലൊന്നും കിട്ടിയില്ലെങ്കിലും മാ വാരികകളിൽ തുടരാനുള്ള യോഗ്യത മാഗസീൻ വിപ്ലവത്തിലൂടെ കൈവന്നിരിക്കുകയാണ്.
കരഞ്ഞു കാമം തീർക്കുന്ന കുട്ടി സഖാക്കൾ നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനോ പറ്റില്ല എന്നാപ്പിന്നെ  നാല് തെറിയെങ്കിലും എഴുതിക്കളയാം എന്ന് വിചാരിച്ചതിൽ തെറ്റുണ്ടോ ? പണ്ട് ബാത്ത്റൂമിന്റെ ചുവരിലും ബസ്റ്റൊപ്പിലെ മതിലിലും ഒക്കെ എഴുതി നല്ല ശീലമുള്ള സഖാക്കളെ തന്നെ മാഗസിൻ എഡിറ്റർമാരാക്കി.  നരേന്ദ്ര മോഡിയും, മാതാ അമൃതാനന്ദമയി ദേവിയും ഒക്കെപറ്റി തെറിവിളിച്ചുകൊണ്ട് മാഗസീൻ ഇറക്കി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനിൽ നിന്ന് 

ഉമ്മയും അമ്മയെയും ഒക്കെ തിരിച്ചരിയാനുള്ള വിവേകം വിപ്ലവ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കെണ്ടതില്ലെന്നറിയാം. പാർട്ടി മന്ദിരത്തിൽ വച്ച്  അണികളുടെ ഭാര്യയോടു മോശമായി പെരുമാറിയതിന് പുറത്താക്കപ്പെടുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്ത നേതാക്കന്മാരെ കൊണ്ട് ശോഭിക്കുന്ന ഒരു സംഘടനയുടെ സദാചാരവും മറ്റും പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ അമൃതാനന്ദമയിയെ അവഹേളിക്കുന്നത് പോലെ തങ്ങളേയോ, പരിശുദ്ധ "തിരുമേനി" മാരേയോ അവഹേളിക്കാൻ കുട്ടി സഖാക്കൾക്ക് മുട്ട് വിറക്കും എന്നുള്ള കാര്യവും കൂടി ഇവിടെ അനുഭാവ പൂർവ്വം പരിഗണിക്കേണ്ടതായിട്ടുണ്ട്. എന്തായാലും ഇത്തരം മാഗസീനുകളിലൂടെ വിപ്ലവം വരുത്തുക തന്നെ ചെയ്യും എന്നാ നിലപാടിലാണ് പാർട്ടി യുവത്വം. വിപ്ലവം വന്നില്ലെങ്കിലും ഇത് തുടർന്നാൽ വീട്ടിലേയ്ക്ക് നാട്ടുകാർ കേറി വരുമെന്ന് കുട്ടി സഖാക്കളുടെ വീട്ടിലെ രക്ഷകർത്താക്കൾ എങ്കിലും ഓർത്താൽ നല്ലത്.

വാല്: മറ്റൊരു മാഗസിനിൽ ഭാരതത്തെ തേവിടിച്ചിയായി വർണ്ണിച്ചിരിക്കുന്നു. ഭാരതം എല്ലാവർക്കും സ്വന്തം അമ്മയുടെ ഓർമ്മ നല്കുന്നു എന്ന ആപ്തവാക്യത്തിന് സ്തുതി.