Wednesday, February 11, 2015

"ഹിന്ദു പാക്കിസ്ഥാൻ": അറിവില്ലെങ്കിൽ ബലരാമൻ ചരിത്രം പഠിക്കുക


ഇന്ദ്രപ്രസ്ഥത്തിലെ വലിയവിജയത്തിൻറെ ഉത്സവലഹരിയിലാണ് ആം ആദ്മി പാർട്ടി. എന്നാൽ എള്ളുണങ്ങുന്നത് എണ്ണക്ക് കൂടെ ഈ കാട്ടം ഉണങ്ങുന്നതോ എന്ന ചോദിച്ച പോലെ ഈ വിജയത്തിൽ അഹങ്കരിക്കുന്ന മറ്റു രണ്ടുകൂട്ടരുമുണ്ട്. ഒന്നാമത്തേത് ഉള്ള നാല് വോട്ടും കളഞ്ഞു കുളിച്ച വിപ്ലവപാര്ട്ടിയാണ്. മറ്റേത് ഡൽഹിയുടെ അധികാര സിംഹാസനത്തിൽ പതിറ്റാണ്ടുകൾ വിരാചിച്ച് ഇന്ന് ഒരു സീറ്റു പൊലും ലഭിക്കാതെ അപ്രസക്തമായി തീർന്ന അഹിംസാപാർട്ടിയാണ്. മകൻ ചത്തെങ്കിലും മരുമകളുടെ കണ്ണീരുകാണാൻ സാധിച്ച അമ്മായിയമ്മയുടെ ചാരിതാർത്ഥ്യം ഇരു കൂട്ടരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാൻ അരൂപിക്ക് കഴിയുന്നുണ്ട്.

ഇതിൻറെ പ്രതിഫലനമാണ് ഹരിതകുമാരൻ ഇറക്കിയ പുതിയ ഫേസ്ബുക്ക് വിളംബരം. ആം ആദ്മി പാര്ട്ടിയുടെ വിജയം ഹിന്ദുപാക്കിസ്ഥാൻ ഉണ്ടാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് എന്നാണ് വെളിപാട്. ഭാരതം ഹിന്ദുസ്ഥാനും-പാക്കിസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇസ്ലാം മതരാഷ്ട്രമായും, ഹിന്ദുസ്ഥാൻ അല്ലാതെയും  നിന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങൾ ഭൂരിപക്ഷത്തോടൊപ്പം സുഖമായി ജീവിക്കുന്നു. അവർ ഈ രാഷ്ട്രത്തിൻറെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയിൽ വരെ എത്തുന്നു. ഇതിനൊക്കെ സാംസ്കാരികപരമായ കാരണമുണ്ട്. സഹവർത്തിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദു പാരമ്പര്യത്തെ മനസ്സിലാക്കാൻ ബലരാമന്റെ  ഫേസ്ബുക്ക് വിജ്ഞാനം മതിയാവില്ല. 

പിന്നെ കൊണ്ഗ്രസ്സിലൂടെ ഈ നാട് നേടിയ പുരോഗമനാശയങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ബലരാമൻ പറഞ്ഞു പോകുന്നുണ്ട് ആ പുരോഗമന ആശയങ്ങള ഏതെല്ലാമാണെന്ന് വ്യക്തമാകുന്നില്ല. 2ജിയും കല്ക്കരിയും അടക്കമുള്ള ശതകോടികളുടെ അഴിമതികളാണോ, അതോ സിഖ് വംശഹത്യയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയുംപാഠങ്ങളാണോ ? അടിയന്തരാവസ്ഥയും, ഏകാധിപത്യപ്രവണതകളുടെയും കുടുംബവാഴ്ചയുടെയും  ആശയങ്ങളാണോ ?

ബിജെപിക്കെതിരെ തന്നെ മത്സരിച്ച ഓംരാജിനെ സംഘപരിവാർ പ്രഭൃതികളായി എഴുതി പിടിപ്പിച്ചത് വിവരമില്ലായ്മയുടെ  തെളിവാണോ അതോ രാഷ്ട്രീയ നെറികേടിൻറെ തെളിവാണോ എന്ന് മാത്രമേ അരൂപിക്ക് സംശയിക്കാനുള്ളൂ.

No comments:

Post a Comment