Monday, April 22, 2013

മതേതര ഗുരു..




     ശ്രീ നാരായണ ഗുരു ഒരു മതേതര ഗുരുവും ശിവഗിരി ഒരു മതേതര മഠവും ആണെന്ന് മാത്രമല്ല അവയെ ഹൈന്ദവവത്കരിക്കാൻ 'കുത്സിത' ശ്രമം നടക്കുന്നതായും ആണ് പിണറായി സഖാവിന്റെ നിരീക്ഷണം. സഖാവ് പറഞ്ഞത് തിരുത്തി പറയാൻ അരൂപി ആളല്ല. പ്രത്യേകിച്ചും ഇതിൽ പറഞ്ഞ രണ്ടു വാക്കുകളും അരൂപിക്ക് ഇനിയും വ്യക്തമായ് മനസ്സിലാക്കാൻ കഴിയാത്തവയാണ്: മതേതരത്വവും ഹൈന്ദവവും. മതേതരത്വം എന്നാൽ മതം ഇല്ലാത്ത അവസ്ഥയാണോ ? അതോ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന അവസ്ഥയാണോ ? നാരായണ ഗുരുദേവൻ ഇതിൽ എന്തായാലും ഒന്നാമത്തേതല്ല തീർച്ച. "ശങ്കരൻറെയും നമ്മുടെയും മതം ഒന്നുതന്നെ" എന്ന് പ്രഖ്യാപിച്ച ആളാണ്‌ നാരായണ ഗുരുദേവൻ(മേല്പ്പറഞ്ഞ ശങ്കരൻ സാക്ഷാൽ ശങ്കരാചാര്യർ തന്നെ അല്ലാതെ ഏലംകുളം മനക്കലെ ശങ്കരനല്ല)
അപ്പോൾ ഗുരുദേവൻ അദ്വൈത മതത്തെ തന്റെ മതമായി സ്വീകരിച്ചിരുന്നു എന്ന് ചുരുക്കം. പിന്നെ മതങ്ങളെ എല്ലാം തുല്യമായ് കാണ്ട് ബഹുമാനിക്കുന്ന മതേതരത്വം ആണെങ്കിൽ മറ്റെല്ലാ 'ഹൈന്ദവ' ആചാര്യന്മാരെയും പോലെ നാരായണ ഗുരുവും അങ്ങനെ ഉള്ള മതേതരൻ ആയിരുന്നു. ഇനി ഇത് രണ്ടുമല്ല അഭിനവ സത്വബോധ പാർട്ടി പ്രവർത്തനം പോലെ 'മതം' കൊണ്ട് വല്ലതും 'തരം' ആക്കുന്നതാണ് മതേതരത്വം എങ്കിൽ ഗുരുസ്വാമിയും അവിടുത്തെ മഠവും അതല്ല എന്ന് നിസ്സംശയം പറയാം.

     പിന്നെ രണ്ടാമത്തെ വാക്ക് 'ഹൈന്ദവം' ഈ കാവി നിറവും, ഭഗവത് ഗീതയും. സംന്യാസ പാരമ്പര്യവും, ക്ഷേത്രവും, സംസ്കൃതവും, വേദാന്തവും ഒക്കെയാണ് ഹൈന്ദവം എന്ന പദം കൊണ്ട് അഭിവന്ദ്യ സഘാവ് ഉദ്ദേശിച്ചതെങ്കിൽ ഹിന്ദു ദൈവതങ്ങളെക്കുറിച്ച് സംസ്കൃത കീർത്തനങ്ങളെഴുതുകയും, ക്ഷേത്രങ്ങളിൽ വിഗ്രഹ പ്രതിഷ്ഠ ചെയ്യുകയും, എല്ലാ മതങ്ങളും ഹിന്ദു ധർമത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് പറയുകയും ചെയ്ത നാരായണ ഗുരുവും, ഭാരതീയ സംന്യാസി പാരമ്പര്യവും, കാവിയും സമാധിയും, ദേവീപൂജയും ഒക്കെ പിന്തുടരുന്ന ശിവഗിരി മഠവും നല്ല ഒന്നാന്തരം ഹൈന്ദവ ബിംബങ്ങൾ തന്നെയാണ്.

"നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും"

     എന്ന് ദൈവദശകത്തിലൂടെ ഗുരുദേവൻ പാടിയത് ആ ആർഷ ദർശനം തന്നെയായിരുന്നു. ഇത് മതെതരമല്ല. ഇസ്ലാമിന്റെയൊ ക്രിസ്തുമതത്തിൻറെയോ, ഇടതുപക്ഷ തത്വ ചിന്തയുടെയോ ദര്ശനം ഇതല്ല. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് പറയുന്നത് മഹാപാപമായും ദൈവ നിന്ദയായും ആണ് ഇസ്ലാമും ക്രിസ്തുമതവും വീക്ഷിക്കുന്നത്. ഇടതുപക്ഷ തത്വ ചിന്ത സൃഷ്ടിയും സ്രഷ്ടാവും എന്നാ സങ്കല്പത്തിനെ തന്നെ എതിര്ക്കുന്നു. ഇത് തികച്ചും വേദാന്ത തത്വ ചിന്തയാണ്. ശങ്കരന്റെ, മധുസൂദന സരസ്വതിയുടെ, ചട്ടമ്പിസ്വാമികളുടെ, വിവേകാനന്ദന്റെ, അരവിന്ദരുടെ തത്വ ചിന്ത.
ഈ തത്വ ചിന്ത മതേതരമെങ്കിൽ വേദാന്തവും, സനാതന ധർമവും മതേതരമാണ് എന്ന് സമ്മതിക്കാതെ നിവൃത്തി ഉണ്ടാവില്ല.

     മാത്രമല്ല 'ഹിന്ദുത്വ-കാവി' അജണ്ട എന്ന് മൂത്ത സഖാക്കൾ ആക്ഷേപിക്കുന്ന, ഗോസംരക്ഷണവും, സസ്യാഹാരവും ഒക്കെ ഗുരുദേവന് നല്ല പഥ്യമുള്ള സംഗതികൾ തന്നെയായിരുന്നു. നിരീശ്വര വാദത്തിനെതിരെ പരിഹാസ ചിരി തോടുക്കാനും സ്വാമി തൃപ്പാദങ്ങൾ മറന്നിട്ടില്ല. കൂടാതെ മതപരിവര്ത്തന രസവാദം എഴുതിയത് ഗുരു തൃപ്പാദങ്ങളുടെ അനുഗ്രഹത്തോടെ ആയിരുന്നു എന്നതും വസ്തുതയാണ്.

     പിന്നെ മോഡി വരുന്ന കാര്യം, മറ്റാരെക്കാൾ അവിടെ ചെല്ലാൻ യോഗ്യൻ മോഡി തന്നെയാണ്.പല ഹിന്ദു സംഘടനകളും എതിര്ത്തിട്ടും ക്ഷേത്രങ്ങൾ അടക്കമുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയ മോഡി മതം അല്ല നോക്കിയത് ധര്മം ആണ്. അഴിമതി പുരളാത്ത കൈകളും, മത-സാമുദായിക നേതാക്കളെ കാണുമ്പോൾ കൂട്ടിയിടിക്കാത്ത്ത കാല്മുട്ടുകളും ഉള്ള മോഡി തന്നെയാണ് അറിവിപ്പുറത്തിന്റെ മണ്ണിൽ ഈഴവ ശിവനെ പ്രതിഷ്ടിച്ച തൻറേടിയായ ഗുരുദേവന്റെ സമാധി ഭൂമിയിൽ കടന്നു ചെല്ലാൻ യോഗ്യൻ.

     ശിവഗിരി മഠം, മതേതരം അല്ല ഹൈന്ദവം ആയി എന്ന് കരുതി വരാത്തവർ വരണ്ട. കാന്തപുരത്തും,അൻവാറശ്ശെരിയിലും, പോട്ടയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലും ഒക്കെ സഖാവ് പോയത് അതൊക്കെ മതേതരത്വത്തിന്റെയും, സാർവ ലൌകിക സ്നേഹത്തിന്റെയും അൾത്താരകൾ ആയതു കൊണ്ടല്ലല്ലോ ? ക്രൈസ്തവ മഹാരാജ്യത്തിന്റെ രാജകുമാരനായ് അഭിഷിക്തനായ കർദ്ദിനാൾ തിരുമേനിയുടെ വലം കൈ മുത്താൻ, പുരോഹിത- മുതലാളി വർഗ വിരുദ്ധ പാര്ട്ടിയുടെ അമ്പിനും വില്ലിനും അടുക്കാത്ത സമാരാധ്യരായ രണ്ടു നേതാക്കൾ ഒരേ മനമോടെ നട്ടെല്ല് കുനിച്ചു നിന്ന ആ കാഴ്ച ഇപ്പോളും കേരള ജനതയുടെ മനസ്സിൽ നിന്നുംമാറിയിട്ടില്ല. കത്തോലിക്കാ സഭയും ഇനി മതേതരം ആയോ എന്ന് അരൂപി പോലും സംശയിച്ചു പോയി

     ശിവഗിരി ഗുരുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും ശരീര ത്യാഗത്തിനു സാക്ഷിയായ ഭൂമിയാണ്, ശ്രീ ശാരദയെ പ്രതിഷ്ടിച്ച പുണ്യ ഭൂമി. കാവിയുടുത്ത തപോധനൻമാർ വൈദിക മന്ത്രങ്ങളാൽ പവിത്രമാക്കിയ ഭൂമി, ഗുരുവിനെ ഈശ്വരനായ് കണ്ടു ആരാധിക്കുന്ന ഭൂമി, അവിടം ആർഷ സംസ്കൃതിയുടെ, സനാതന ധർമത്തിൻറെ പുണ്യ ശ്രീ കോവിലാണ്. അയോധ്യയും ദ്വാരകയും പോലെ കാശിയും ഗയയും പോലെ, കന്യാകുമാരിയും കൈലാസവും പോലെ സനാതന ധർമത്തിന്റെ പുണ്യ തീർത്ഥാടന കേന്ദ്രം. അവിടെ ആരെങ്കിലും വരാതിരുന്നത് കൊണ്ട് ശിവഗിരി കണ്ണീർ പോഴിക്കില്ല. ആരെങ്കിലും വന്നത് കൊണ്ട് ഹർഷാരവം മുഴക്കുകയുമില്ല. ചെന്നവന്റെ ഭാഗ്യത്തിനും ചെല്ലാത്തവൻറെ ഭാഗ്യക്കെടിനെയും നോക്കി അർത്ഥ ഗർഭമായ് ഒന്ന് ചിരിച്ച് ശിവഗിരി തന്റെ മൌന തപസ്സു തുടരും..











3 comments:

  1. വളരെ അർധവത്തായി പറഞ്ഞിരിക്കുന്നു. ഒരു അഭിപ്രായമുന്ദു. കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു.

    ReplyDelete
  2. ഹിന്ദു വിനോടുള്ള നിഴല് യുദ്ധം ചെയ്തു ചെയ്തു ഒടുവില് തളര്ന്നു വീഴുമ്പോള് മാത്രമേ സ്വന്തം ശക്തിചോര്ന്നു പോയത് പലരും തിരിച്ചറിയുന്നുള്ളൂ ഒടുവില് ഹിന്ദു നവോഥാന നായകന്മാരെ ബാനറിലാക്കി പാര്ടി കൊടിയോട് കുട്ടി കെട്ടിയിട്ടു എന്ത് ഫലം ..!പോയ ബുദ്ധി ആന പിടിച്ചാല് കിട്ടുമോ ?!

    ReplyDelete