ഇന്ദ്രപ്രസ്ഥം അസ്വസ്ഥമാണ് പുരാതന രാജകുടുംബത്തിൽ അമ്മ തമ്പുരാട്ടി യുവരാജാവിനെ മുൻനിർത്തി രാജ തന്ത്രങ്ങൾ മെനയുകയാണ്. "ജനമെന്ന വിഡ്ഢിപ്പരിഷകൾ അങ്ങനെയാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കും, കോലം കത്തിക്കും, അന്തപ്പുരത്തിലെ അപരാധ കഥകൾക്കെതിരെ ആത്മരോഷം മുഴക്കും, അഴിമതിയിൽ മുക്കി ഞങ്ങളെ ഈ സർക്കാർ കൊല്ലുകയാണെന്ന് വിളിച്ചു കൂവും ഒടുവിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ ഇരിപ്പിന്റെയോ സബ്‌സീഡിയുടെയോ പേരിൽ കിട്ടുന്ന നക്കാപ്പിച്ചകൾ കണ്ടു കണ്ണ് മഞ്ഞളിച്ച്, കൂനിയ മുതുകും കൂമ്പിയ കണ്ണുമായ് രാജ ഹസ്തത്തിന് മുകളിൽ വിലയേറിയ സമ്മദിദാനാവകാശത്തിൻറെ പ്രജാ മുദ്ര പതിപ്പിച്ച് രാജാവിനെക്കാൾ വലിയ രാജഭക്തർ ആണ് തങ്ങൾ എന്ന് അവറ്റകൾ തെളീക്കും" കുടുംബ രാഷ്ട്രീയത്തിന്റെ സാമ-ദാന-ഭേത-ദണ്ഡങ്ങളുടെ പാഠങ്ങൾ അമ്മ തമ്പുരാട്ടിയിൽ നിന്നും യുവകോമള അമൂൽ മഹാരാജാവ് തിരുമനസ്സിലേക്കു പ്രവഹിച്ചു. യുദ്ധം ചെയ്യാൻ 'സിംഗ്'ആസനസ്ഥനായ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. എതിരാളി രഥയാത്രാമുത്തശ്ശനല്ല പകരം ഗുജറാത്തിൽ കഴിഞ്ഞ കുറെ ഇലക്ഷനുകളിൽ രാജവംശത്തിന്റെ 'കൈ' തല്ലി ഒടിച്ച ചരിത്രമുള്ള നരേന്ദ്ര മോദി.
ഭാരതത്തിലെ ഏറ്റവും നല്ല ജനാധിപത്യം ബി.ജെ.പി യിൽ ആണെന്നാണ് പറയാറ്. തമ്മിലടിയും പാരവയ്പ്പും ആണ് ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്നാണു മറുപക്ഷത്തിന്റെ വാദം. സംഗതി എന്തായാലും ഈ ജനാധിപത്യം ഒക്കെ നീന്തി കടന്നു മോദി മുകളിൽ വരില്ല എന്ന് തന്നെയാണ് രാജകുടുംബവും, പാദ സേവകരായ മാധ്യമ വൃന്ദവും ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അഥവാ ഉയർന്നു വന്നാൽ തന്നെ അദ്വാനി'ജി'യും സുഷമ'ജി'യും അടക്കം മിക്ക വൻ 'ജി'കളും ഉടക്കി താമരപ്പാർട്ടി തവിട് പൊടിയാകുമെന്നു കരുതിയവർക്ക് ഒന്ന് തെറ്റി. തറവാട്ടു കാരണവർ ആദ്യം ഒന്നിടഞ്ഞെങ്കിലും നാഗ്പൂരിൽ നിന്നും നീട്ടിയൊരു വിസിൽ കേട്ടതും പഴയ കവാത്തും കബടിയും മറന്നിട്ടില്ല എന്ന് തെളീച്ച് മൂപ്പരും ഒതുങ്ങി. പിന്നെ ഒരു ജെ.ഡി. യു, അത്തരം പാർട്ടികളെ ഒക്കെ പെറുക്കികെട്ടി എൻ ഡി എ കെട്ടിപ്പോക്കിയത് കൊണ്ടാണ് (യു പി എ യുടെ ഭരണത്തെക്കാൾ എന്തുകൊണ്ടും ഭേതമെങ്കിലും) കാവി പാർട്ടിയുടെ അണികൾക്കോ നേതാക്കൾക്കോ പോലും തൃപ്തി നേടിക്കൊടുക്കാത്ത ഒരു ഭരണം നടത്തി അടുത്ത 10 വർഷത്തേക്ക് രാജ്യ ഭരണം സിംഗത്തിന്റെ കയ്യിലെത്തിയത്. അത്തരം ഒരു ഭരണം വേണ്ട എന്നത് തന്നെയാണ് കാവി പാർട്ടിയുടെ അണികളും നേതാക്കളും ഒക്കെ ആഗ്രഹിക്കുന്നതും. ജെ ഡി യു വിനെപ്പോലുള്ളവരെ ഒപ്പം നിർത്തി ഭരണ ചക്രം തിരിക്കുന്നതിലും ഭേതം, പ്രതിപക്ഷത്തിരിക്കുന്നതാണ്.
കാവിപാർട്ടിക്കാരും, ദേശീയ വാദികളും മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വികാരം ഇന്ത്യയുടെ ഭരണം ശേഷിയും ശേമുഷിയും ഉള്ള ആരെങ്കിലും കയ്യാളണം എന്നാണ്. നിവർന്നു നിൽക്കുന്ന നട്ടെല്ലും നട്ടെല്ല് മുട്ടെ നേരും നെറിയും ഉള്ള ഒരാളെ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖജനാവ് ചോര്ത്തി സ്വിസ്സ് ബാങ്ക് നിരക്കുന്ന കള്ളന്മാരെയും, മുണ്ടാപ്പൂച്ചകളായ നൂൽപ്പാവകളേയും കണ്ടു ഇന്ത്യ മടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി ഉയർന്നു വരുന്നത്. പാരമ്പര്യത്തിന്റെ ജാഡകളോ, പണക്കൊഴുപ്പിന്റെ ഗന്ധമോ ഇല്ലാത്ത ഒരു മുഖ്യ മന്ത്രി. ലോക പൊലീസായ അമേരിക്കയും അവരുടെ സാമന്ത രാജ്യങ്ങളും വിസ നിഷേധിച്ചിട്ടും, പത്ര മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞു നാട് മുഴുവൻ പാടിയിട്ടും, ജനങ്ങള് അദ്ദേഹത്തെ കൈവിട്ടില്ല. കലാപങ്ങളിൽ നിന്നും കലാപരഹിത ഗുജറാത്തിലെക്കുള്ള ദൂരം 'നമോ' എന്നരണ്ടക്ഷരം ആണെന്ന് ഗുജറാത്തികൾ പറയാതെ പറഞ്ഞു.
അന്ധമായ മത വാദത്തിൻറെ തോഗാഡിയൻ ഉത്പന്നമല്ല മോദി. മതത്തിന്റെ പേരില് ജനത്തെ ഇളക്കിവിടാത്ത നേതാവ് എന്ന വിശേഷണം താമരപ്പാർട്ടിയിൽ നരേന്ദ്ര മോദിക്കായിരിക്കും ഏറ്റവും യോജിക്കുക. അയോദ്ധ്യയിലെ ശ്രീ രാമന്റെ മന്ദിരത്തെക്കുറിച്ചല്ല മോദി സംസാരിക്കുന്നത് തന്റെ നാട്ടിലെ ദരിദ്ര രാമന്മാരുടെ കൂരകളേക്കുറിച്ചാണ്. താമരപാർട്ടിയിലെ വൻ 'ജി'മാരുടെ പാദ സേവകനോ വിനീത വിധേയനോ അല്ല മോദി, നാഗ്പൂരിലെ നീണ്ട വിസിലിനൊഴികെ മോദിയെ അനുസരിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന തിരിച്ചറിവ് താമരപ്പാർട്ടിയിൽ വൻ' ജി' കൾക്ക് വ്യക്തമായ് അറിയുകയും ചെയ്യാം എന്നിട്ടും മോദി ഒരു ജനതയുടെ വികാരമായ് തീർന്നു. ഭരണ പക്ഷത്തിന്റെ കൊള്ളരുതായ്മകൾ കാണുമ്പോൾ ജനം ചെവി കൂർപ്പിച്ചത് പ്രതിപക്ഷ നേതാവിലെക്കോ പ്രതിപക്ഷ പാര്ട്ടിയുടെ ദേശീയ നേതാക്കളിലെക്കോ അല്ല. ഗുജറാത്തിൻറെ മുഖ്യമന്ത്രിയുടെ ശബ്ദത്തിനായാണ്. ലോക പരിചയമില്ലാത്ത ഐ.ടി യുവ ജനതയുടെ പാതിരാ സ്വപ്നമല്ല മോദി, ഇന്ത്യൻ ഗ്രാമങ്ങളിലെ അന്ധമായ വീരാരാധനയുടെ ഉൽപ്പന്നവുമല്ല. മറിച്ച് സ്വപ്രയത്നത്തിലൂടെ ജനങ്ങളുടെ വിശ്വാസവും, സ്നേഹവും ആർജ്ജിച്ച ഭാരതത്തിന്റെ നേതാവാണ്.. രാജാവായ നേതാവല്ല. പ്രജയായ നേതാവ്.
മോദി എന്ന നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ആരൊക്കെ മറുകണ്ടം ചാടും എന്ന വ്യക്തമായ കണക്കുകൂട്ടൽ ഡൽഹിയിലെ 'തല'ക്കും, നാഗ്പൂരിലെ 'മസ്തിഷ്ക'ത്തിനും ഉണ്ടായിരുന്നിരിക്കണം. തരാതരം പയറ്റു മാറ്റുന്ന പ്രാദേശിക കക്ഷികൾ കാലും കൂറും മാറാം, പിന്നെ 'വർഗ്ഗീയ ശക്തികൾ' അധികാരത്തിൽ വരാതിരിക്കാൻ വിപ്ലവ പാർട്ടി ബൂർഷ്വാ മേഡത്തിനു പാദ സേവചെയ്യാം, എങ്കിലും നിധീഷ് എന്ന ഭാരം പേറി ഭരണത്തിന്റെ മുകളിളിരിക്കുകയും അതൃപ്ത തീരുമാനങ്ങൾ ഒരു നെടുവീർപ്പോടെ എടുക്കുകയും ചെയ്യുന്ന ഒരു അൽപ ജീവനായ എൻ ഡി എയെ മസ്തിഷ്കം ആഗ്രഹിക്കുന്നില്ല ഉണ്ടെങ്കിൽ നല്ലൊരു ഭരണം ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷം. അത് കൊണ്ട് തന്നെ കളിക്ക് പുതിയ രൂപവും ഭാവവും കൈവരുന്നു. ഇന്ദ്ര പ്രസ്ഥത്തിലെ ജനപഥങ്ങൾ ഇനി ഉറങ്ങില്ല. ശക്തനായ ഒരു ഭരണാധികാരിക്കായ് രാജവീഥി ഒരുങ്ങുമോ ?
അറിയില്ല ഇത് ഇന്ത്യയാണ്, സ്ഥിതിഗതികൾ മാറുവാനും മറിയുവാനും നിമിഷാർത്ഥങ്ങൾ പോലും ആവശ്യമില്ലാത്ത ഇന്ത്യ..
No comments:
Post a Comment