അമൃതാനന്ദമയി വിമർശനത്തിനങ്ങൾക്ക് അതീതയാണെന്നോ, നിയമങ്ങൾക്ക് അപ്പുറമാണെന്നൊ അവരുടെ എറ്റവും വലിയ ഭക്തനു പോലും അഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഫേസ് ബുക്കിലും ചില മാദ്ധ്യമങ്ങളിലും കണ്ടത് ഭൂതാവേശിതരേപ്പോലെ പെരുമാറുന്ന ഒരു കൂട്ടം ജനങ്ങളെയാണ്. ഒരു മഞ്ഞപ്പത്രക്കാരനെ വിളിച്ച് അഭിമുഖം എടുത്താണ് റിപ്പോർട്ടർ ചാനൽ മാദ്ധ്യമ ധർമം നിറവേറ്റിയത്. അമൃതാനന്ദമയി മഠത്തിൽ മയക്കു മരുന്ന് നല്കി ഉറക്കി കിടത്തി പലപുരുഷന്മാർ രാത്രി മുഴുവൻ ബന്ധപ്പെട്ട് രാവിലെ മയക്കം വിട്ടു പോകുന്ന സ്ത്രീ ഇതൊന്നും അറിയാതെ കുറെ നാൾ കഴിയുമ്പോൾ ഗർഭിണി ആകുന്നു ഇത് പിന്നീട് അത്ഭുതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് ആ മഞ്ഞപ്പത്രക്കാരൻ തന്മയത്വത്തോടു കൂടി പറയുന്നത് കേട്ടപ്പോൾ ഒരു പക്ഷെ അദ്ദേഹത്തിന്റെ മാതാവിനോ സഹോദരിക്കോ ഉണ്ടായ അനുഭവമാണോ എന്ന് പോലും അരൂപി സംശയിച്ചുപോയി. അവിടെ ഉണ്ടായിരുന്ന യുക്തിവാദി നേതാവാകട്ടെ ധൃതംഗപുളകിതനായി ഗെയിലിന്റെ ആത്മകഥയിലെ 'മസാല' ഭാഗങ്ങൾ ആവശ്യമായ വ്യാക്ഷേപക ശബ്ദങ്ങളുടെ അകമ്പടിയോടെ രസാവഹമായി അവതരിപ്പിക്കുകയായിരുന്നു.
മറ്റൊരു ചാനലിൽ ആകട്ടെ യുക്തിവാദിനേതാവ് ഏതാണ്ട് ഗ്രഹണിപ്പിള്ളാര് ചക്കക്കൂട്ടാൻ കണ്ട സ്ഥിതിയിലായിരുന്നു. അമൃതാനന്ദമയിയുടെ സമ്പത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ കലാബോധം ഒട്ടുമില്ലാതെ യുക്തൻ ഒരു സംഖ്യയങ്ങു കാച്ചി '333330000000000000'ചാനൽ അവതാരകൻ അടക്കം സകലരുടെയും കണ്ണ് നിറഞ്ഞു പോയി. ഈ സമയത്ത് തന്നെ പ്രധാന ചാനലിലും രംഗം കൊഴുക്കുകയായിരുന്നു. അമൃതാനന്ദമയി മഠം പറ്റിയാൽ ഇന്ന് രാത്രി തന്നെ പൂട്ടിക്കും എന്ന മട്ടിൽ ഇടതനും, വലതനും, യുക്തിവാദിയും, മൗദൂദിയനും ഒക്കെ കൈകോർത്ത് പിടിച്ച് നിൽക്കുന്നത് കാണാൻ തന്നെ ഒരഴകായിരുന്നു.
തങ്ങളാൽ ആവും വിധം ചെയ്യണമെന്നാണല്ലോ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും വിട്ടില്ല. കുറ്റം പറയരുതല്ലോ ഒരു പറ്റം ആൾക്കാർ വളരെ കൃത്യമായ മാർഗനിർദ്ദേശം ലഭിച്ചതുപോലെ ഒന്നിനു പിൻപേ ഒന്നായി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു. ആശ്രമത്തിന്റെ മുന്പിലൂടെ പണ്ടെങ്ങോ വഴിനടന്നവൻ മുതൽ സകലരുടെയും മരണങ്ങൾക്ക് അമൃതാനന്ദമയി ഉത്തരം പറയണം എന്ന് ആവഷ്യപ്പെട്ട് വളരെ മനോഹരമായ് ഡിസൈൻ ചെയ്ത പൊസ്റ്ററുകൾ ഷെയർ ചെയ്തു സത്യം പറഞ്ഞാൽ പൊസ്റ്റരിന്റെ ഭംഗി കണ്ടപ്പോൾ അരൂപിക്ക് പോലും ഒന്ന് ഷെയർ ചെയ്യാൻ തോന്നി.
മറ്റു ചിലരാകട്ടെ അറിയാവുന്ന തെറികളൊക്കെ അമൃതാനന്ദമയിക്കും അവരുടെ ഭക്തന്മാർക്കും എതിരെ എഴുതി. അത്തരം ചില പോസ്റ്റുകൾക്കെതിരെ ഏതൊക്കെയോ അമൃതാനന്ദമയി ഭക്തര കേസ് കൊടുത്തു. അടുത്ത നിമിഷം അത്തരം പോസ്റ്റുകൾ ചുമരിൽ നിന്നും ഇളക്കി മാറ്റിയെങ്കിലും ജയിലിൽ പോവേണ്ടി വന്നാലും വിമർശനം തുടരും എന്ന് പ്രഖ്യാപിച്ചു.
പിന്നീട് ചർച്ചകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനും, വിമർശന അസഹിഷ്ണുതയ്ക്കും വഴിമാറി. തെറിഎഴുതുകയും വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തതിനെതിരെ കേസ് എടുത്തത് വായ്‌മൂടിക്കെട്ടൽ ആയി വ്യാഖ്യാനിക്കപ്പെട്ടു. ചാനൽത്രയങ്ങളിൽ ഒന്ന് അടുത്ത എക്സ്ക്ലൂസീവിനായ് ഗൃഹപാഠം ചെയ്യുമ്പോൾ സഹോദര ചാനലുകൾ വീണ്ടും ചര്ച്ചയും അഭിപ്രായ പ്രകടനങ്ങളും തുടർന്നു. അമൃതാനന്ദമയിയെ തെറി വിളിക്കുകയോ തേജോവധം ചെയ്യുകയോ ചെയ്താലും വാക്കയ്യ് പൊത്തി തൊഴുതു നിൽക്കാനേ ഭക്തർക്ക് അവകാശമുള്ളൂ എന്ന് ഉത്തരാധുനിക മാധ്യമങ്ങൾ പറയാതെ പറഞ്ഞു.
എറ്റവും രസകരമായത് യുക്തിവാദികളിലെ ബാബാകക്ഷിയും, മെത്രാൻകക്ഷിയും മത്സരിച്ച് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അമൃതാനന്ദമയിയെ തെറി വിളിച്ചു നിർവൃതി പൂണ്ടു. മദാമ്മ കണ്‍കണ്ട ദൈവവും, മാനവികതയുടെ മാതാവുമായി.
ഈ സഹസ്രാബ്ദത്തിലെ എറ്റവും മഹത്തായ കൃതിയായ് വിശുദ്ധനരകത്തെ വാഴ്ത്തിയ സക്കറിയ ഗെയിൽ എഴുതാതിരുന്നെങ്കിൽ ഒരു നഷ്ടമായേനെ എന്ന് കൂടി പറഞ്ഞെ നിർത്തിയുള്ളൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിനായ് കൈവെട്ട് സംഘടന ഘോര ഘോരം പോസ്റ്റുകൾ പടച്ചു വിട്ടു.
വാർത്താ അവതാരകയ്ക്ക് വരെ ഹിജാബ് തുന്നിക്കൊടുത്ത സദാചാരചാനൽ ഗെയിലിന്റെ ബുക്കിലെ 'ഇക്കിളി' ഭാഗങ്ങൾ മുഴുവൻ തർജ്ജിമ ചെയ്ത് മലയാളിയുടെ അകത്തളങ്ങളിലെത്തിച്ചു കൂറ് കാട്ടി. അഹിംസാ പാർട്ടിയുടെ ഹരിതൻ തന്റെ മതേതരത്വവും പുരോഗമന ചിന്തയും ഉയർത്തിപ്പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു.
വിപ്ലവപാർട്ടിയുടെ നേതാവാകട്ടെ അന്വേഷണം ആവശ്യപ്പെട്ടു മുഖം രക്ഷിച്ചു. മുടി വിവാദത്തിലും സമാന നിലപാടെടുത്ത വിജയേട്ടന്റെ ധൈര്യത്തെക്കുറിച്ച് വിപ്ലവ വാദികൾ രോമാഞ്ചമണിഞ്ഞു. എന്നാൽ ഈ ധൈര്യം പോട്ടയിലും, താമരശ്ശേരിയിലും കാണിച്ചില്ലല്ലോ എന്ന് ചില ദോഷൈകദൃക്കുകൾ ആരോപിച്ചു. കാന്തപുരം ഗ്രൂപ്പ് അരിവാൾ സുന്നിഎന്നാണ് തൊട്ടു മുന്പത്തെ ഇലക്ഷൻവരെ അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞു ഉസ്തദിനൊദൊപ്പവും, പോട്ടയിലും ഒക്കെ സഖാവ് വിനയാന്വിതനായ് നില്ക്കുന്ന ചിത്രവും പ്രദർശിപ്പിച്ചു. മാനസിക നില തെറ്റിയയുവാവിനെ ശാന്തനാക്കാൻ കഴിയാത്ത അമൃതാനന്ദമയി സന്യാസിനിപോലുമല്ലെന്ന് ഡിഫി സ്വാമി അഭിപ്രായപ്പെട്ടു. ഡിഫി സ്വാമിയുടെ കഴുത്തിനു പിടിക്കാൻ വന്ന ആർ എസ് എസ്സുകാരന്റെ മനസ്സ് അന്ന് അങ്ങനെ മാറിയിരുന്നോ എന്ന് ചില താന്തൊന്നികൾ തിരിച്ചു ചോദിച്ചു.
ഗെയിൽ ട്രേഡ്വെലിന്റെ ഫെസ് ബുക്ക് പേജ് മുഴുവൻ "ശാന്തിയുടെ മത"ത്തിലേക്കുള്ള ക്ഷണം കൊണ്ട് നിറഞ്ഞു. ഹിജാബിന്റെ സുരക്ഷയെക്കുറിച്ചും, ആകാശ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും വാചാലരായ്. അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തി, മതം മാറി വരൂ.. ഞങ്ങൾ നിനക്ക് വേണ്ടതെല്ലാം തരാം എന്ന് വാഗ്ദാന പെരുമഴ. തിരിച്ച് "സത്യവേദ"ത്തിന്റെ ഓരോ കോപ്പി ഗെയിൽ അയച്ചു കൊടുത്തു എന്നും കിംവദന്തി പരക്കുന്നുണ്ട്.
ചുരുക്കത്തിൽ മാധ്യമത്രയങ്ങളും, കീബോർഡ് ആക്റ്റിവിസ്റ്റുകലും പറയാതെ പറയുന്നത് ഇതാണ്"ഞങ്ങൾ ഞങ്ങളുടെ പ്രത്യാ ശാസ്ത്രത്തിനു വിരുദ്ധമായ് നടക്കുന്ന ആർക്കെതിരെയും വ്യക്തിഹത്യ നടത്തും, അപവാദങ്ങൾ പ്രചരിപ്പിക്കും "