Saturday, October 5, 2013

വത്സലയും സുജയും പിന്നെ പു.ക.സയും

സുജ സൂസൻ ജോർജ്ജ്
ഇന്ത്യാവിഷൻറെ ഓണ്‍ലൈൻ പോർട്ടലിൽ ശ്രീമതി സുജ സൂസൻ ജോർജ്ജ് എഴുതിയ 'മാത അമൃതാനന്ദമയിയും പി വത്സലയും' എന്ന ലേഘനമാണ് ഈ കുറിപ്പിനാധാരം. അമൃതാനന്ദമയിയുടെ 60ആം ജന്മ ദിനത്തിൽ മാതൃഭൂമിയിൽ പി വത്സല എഴുതിയ 'തൊട്ടുണർത്താൻ ഒരു ചെറു വിരൽ' എന്ന അമൃതാനന്ദമയിയെ പറ്റിയുള്ള  ലേഘനവും തുടർന്നുണ്ടായ പുകസയുടെ പ്രതികരണവും അതിന് വത്സല ടീച്ചറുടെ മറുപടിയുമാണ് പ്രതിപാത്യ വിഷയം. വത്സല ടീച്ചറുടെ മറുപടി അസഹിഷ്ണുത നിറഞ്ഞതാണെന്നാണ് സുജ ഈ ലേഘനത്തിൽ ആരോപിക്കുന്നത്. പു.ക.സ യുടെ നേതൃസ്ഥാനം വഹിക്കുന്ന ആളെന്ന് നിലയിൽ പുകസയെ പിന്താങ്ങേണ്ടത് സുജയുടെ കർത്തവ്യം ആണെന്നത് നിസ്തർക്കമാണ് എന്നാൽ അസഹിഷ്ണുതയോടെയുള്ള സംസാരവും ലേഘനങ്ങളും പുകസയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായത് എന്നതാണ് സത്യം. അമൃതാനന്ദമയിയോടുള്ള അസഹിഷ്ണുതയും അസ്പൃശ്യതയും ലെഘനത്തിലുടനീളം പ്രദർശിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ ആദരണീയയായ സെക്രട്ടറിയും ഒരു അപവാദമായ് മാറാതിരിക്കാൻ ശ്രദ്ധിച്ചു.

അമൃതാനന്ദമയിയുടെ ജന്മദിനം മോദിയാണ് ഉദ്ഘാടനം ചെയ്തതെന്ന് പറഞ്ഞു അമൃതാനന്ദമയി മഠത്തിന്റെ നിലപാടിനെ വിമര്ശിക്കുന്ന ആദരണീയയായ  പുകസ സെക്രട്ടറി, ഇല്ലാത്ത കഥ കൊട്ടിപ്പാടുകയാണ് ചെയ്യുന്നത്. അമൃതാനന്ദമയിയുടെ 60 ആം ജന്മദിനം ഉദ്ഘാടനം ചെയ്തത് മുൻ രാഷ്ട്രപതി അബ്ദുൾ കലാം ആയിരുന്നു. കേരള, ഉത്തരാഖണ്ഡ് മുഖ്യ മന്ത്രിമാര് ഒക്കെ ചടങ്ങിൽ പങ്കെടുക്കുകയും വിവിധ പദ്ധതികൾ ഉത്ഘാടനം ചെയ്യുകയും ഒക്കെ ചെയ്തു.കൂടാതെ നാഗൂർ മുസ്ലീം ദർഗ്ഗമേധാവി, മാർത്തോമാ  സഭ വലിയ മെത്രാ പോലീത്ത, അകാലിദൾ പ്രതിനിധി, കാഞ്ചി ശങ്കരാചാര്യരുടെ പ്രതിനിധി, ചട്ടമ്പി സ്വാമിയുടെയും,നാരായണ ഗുരുവിന്റെയും ആശ്രമങ്ങളിലെ മഠാധിപതിമാർ അങ്ങനെ വിവിധ മതങ്ങളുടെ പ്രതിനിധികളും  ചടങ്ങിനെത്തിയിരുന്നു അക്കൂട്ടത്തിൽ ഒരു ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. അതിനെ മാത്രം പർവതീകരിച്ചു കാണിക്കാൻ ഉള്ള ശ്രമം ആണ് അപലപനീയം.
പി വത്സല
അമൃതാനന്ദമയി മഠത്തെ സംഘ പരിവാരത്തിന്റെ വിഹാരരംഗമായ് ആരോപിക്കുന്ന പുകസ സെക്രട്ടറി, സ. വി എസ് അച്ചുതാനന്ദൻ അമൃതവർഷം60 നു അയച്ച ആശംസയെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. സ.ജി സുധാകരനും, സ. ബാലനും, സ.ദിവാകരനും, സ. സുജാത, സ. മാത്യു ടി തോമസ്‌ തുടങ്ങിയവരൊക്കെ അമൃതാനന്ദമയിയുടെ പരിപാടികളിൽ സ്ഥിരമായി സംബന്ധിക്കുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലേ ? 

പിന്നെ ബിസിനസ് സാമ്രാജ്യത്തിൻറെ യദാർത്ഥ ഉടമകളുടെ കയ്യിലെ കളിപ്പാവയെന്നു അമൃതാനന്ദമയിയെ, സുജ ആക്ഷേപിക്കുന്നതിലെ പുരോഗമനവും കലയും സാഹിത്യവും മനസ്സിലാകുന്നില്ല. ഇന്നത്തേത് ജീർണ്ണ കേരളമാണെന്ന് പരിതപിക്കുന്ന പു.ക.സ സെക്രട്ടറി, താൻ അടക്കമുള്ളവർ വിശ്വസിക്കുന്ന ചിന്താധാര ഊണിലും ഉറക്കത്തിലും നാലുനേരം കലക്കി കുടിച്ച ഒരു നാട് ഇന്ന് 'ജീർണ്ണം' ആയി മാറി എന്ന് പറയാതെ പറയുകയല്ലേ ചെയ്തത്? പരാജയ ഭീതിനിറഞ്ഞ മനസ്സോടെ ഭാഗ്യം കാത്തു കേട്ടിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളെ അമൃതാനന്ദമയി മഠത്തിൽ കാണില്ല(പുകസകളുടെ പിൻ വാതിൽക്കൽ ഒന്നോ രണ്ടോ എണ്ണത്തിനെ ചിലപ്പോൾ  കണ്ടേക്കാം ). മാർഗ്ഗവും ലക്ഷ്യവും തിരിച്ചറിഞ്ഞു ഊർജ്ജസ്വലരായ് കർമം ചെയ്യുന്നവരെ അവിടെക്കാണാം. അങ്ങനെ അധ്വാനിച്ചും കഷ്ടപ്പെട്ടും തന്നെയാണ് അമൃതാനന്ദമയിയുടെ സേവാ പ്രവർത്തനങ്ങളും, അതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും ഉണ്ടായത്. 

'അമ്മ എന്ന ദ്രാവിഡ സങ്കല്പം' എന്ന വരി തന്നെ പുരോഗമന കലാ സാഹിത്യത്തിന്റെ ഗാംഭീര്യം ദ്യോതിപ്പിച്ചു.ദ്രാവിടന്  മാത്രമേ അമ്മയും അമ്മ ദൈവങ്ങളും ഉള്ളൂ എന്നാ വികലമായ ചരിത്ര ബോധമാണോ പുകസയുടെ അമരക്കാർക്ക് പോലും ഉള്ളതെന്ന ആശ്ചര്യവും! പോട്ടെ വിഷയം അതല്ലല്ലോ.

പിന്നെ സത്നാം സിംഗ് എന്ന യുവാവിന്റെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ചുള്ള മരണത്തെ അമൃതാനന്ദമയി മഠവുമായ് കൂട്ടിക്കെട്ടാനുള്ള പഴയ സോളിഡാരിറ്റി വായ്ത്താരിയും.  സത്നാമിന് മുൻപും പിൻപും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് മാനസിക രോഗികള് അതി ദാരുണമായ രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരൊന്നും അമൃതാനന്ദമയിയെ കണ്ടിട്ട് പോലും ഇല്ലാത്തതു കൊണ്ടായിരിക്കാം പു.ക.സക്കും സുജക്കും ഒന്നും അവയെക്കുറിച്ച് അന്വേഷിക്കാൻ നേരം കിട്ടാതെ പോയത്. അമൃതയിലെ 3 ഷിഫ്റ്റിൽ മിനിമം ശമ്പളത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരുടെ സങ്കടം കാണാൻ കഴിഞ്ഞ സുജ, 2 ഷിഫ്റ്റുകളിൽ മിനിമം ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്ന സഹകരണ ആശുപത്രികളിലെ നഴ്സുമാരെക്കുറിച്ച് അറിഞ്ഞതെ ഇല്ല. ഇല്ലാതെ പോയ നട്ടെല്ലിനെക്കുറിച്ചുള്ള പരിവേദനം സത്നാമിൻറെ കാര്യത്തിൽ മാത്രമല്ല രാഷ്ട്രീയത്തിന്റെ പേരില് കേരളത്തിലെ യുവാക്കളെ തമ്മിൽ തല്ലിച്ച് കൊന്നപ്പോൾ, ശരീരം മുഴുവൻ വെട്ടുകളുമായ് ക്ലാസ് മുറികളിലും, നടു റോട്ടിലും ശവങ്ങൾ നിരത്തി പുരോഗമന രാഷ്ട്രീയം അരങ്ങു തകർത്തപ്പോളും, പുരോഗമനക്കാർ പോട്ടയിലും, കാന്തപുരത്തും, മൈനാഗപ്പള്ളിയിലും ഓഛാനിച്ച് നിന്നപ്പോഴും, മത സമ്മേളനങ്ങൾ വിളിച്ചു ചെർത്തപ്പോഴും ഒന്നും ഈ നട്ടെല്ല് കേരളം കണ്ടിട്ടില്ല.
കേരളം പണ്ടേ മറന്ന സേവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാതൃകകൾ പുനസ്ഥാപിച്ചും, ദൈവത്തിനും, പ്രത്യയശാസ്ത്രങ്ങൾക്കും വേണ്ടി കൊല്ലാനും ചാവാനും നടന്ന ഒരു ജനതയെ മനുഷ്യന് വേണ്ടി ജീവിക്കാനും ജീവിപ്പിക്കാനും പഠിപ്പിച്ചും അമൃതാനന്ദമയി ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു, കേരള ജനതയും.
 'പു.ക.സേതര'ലോകം എന്നൊന്നുണ്ട് എന്നും  
'ചിന്തക്കും''പുകസക്കും' ഉപരി സ്വതന്ത്രമായ് ചിന്തിക്കുവാനും പാകത്തിന് മലയാളി വളർന്നു കഴിഞ്ഞു എന്നും  ഓർത്താൽ നന്ന്.

Tuesday, October 1, 2013

കട്ടപ്പുക.സ





പുരോഗമന കലാ സാഹിത്യം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്നാണ് പ്രമാണം. എന്താണ് പുരോഗമന കല എന്നൊന്നും ചോദിക്കരുത്. കാരണം പുരോഗമനത്തിന് ഓരോ സമയത്തും ഓരോന്നാണ് നിർവ്വചനം ചിലപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം ആയിരിക്കും പുരോഗമനം, ചിലപ്പോൾ മനുഷ്യാവകാശം ആയിരിക്കും, മറ്റു ചിലപ്പോൾ മതേതരത്വം വേറെ ചിലപ്പോൾ മതപ്രീണനം ആയിരിക്കും ഇതിനെ അവസരവാദം എന്ന് വിളിക്കരുത് ഇതാണ് സ്വത്വ വാദ പുരോഗമനം.

ഉന്മൂലന നാശ സിദ്ധാന്തത്തിന്റെ ബൗദ്ധിക രൂപമാണ് പുകസ എന്ന് പറയുന്നവരുണ്ട്. തങ്ങൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സിദ്ധാന്തങ്ങൾ പറയുകയും ന്യായീകരിക്കുകയും ചെയ്യുന്നവരുടെ ഏത് തെമ്മാടിത്തരവും അനുകൂലിക്കുക, മറ്റുള്ളവരുടെ ഏത് പ്രവൃത്തിയേയും അവഹേളിക്കുക, കള്ള് കാഞ്ചനം, കാമിനി എന്നീ 'കാ'ത്രയങ്ങൾക്കായ് എന്തും ചെയ്യുക എന്നീ ലക്ഷണങ്ങൾ തിഅഞ്ഞ ബുദ്ധി ജീവികൾ ആണ് അതിൽ ഉള്ളവരിൽ പലരും എന്നും പറയുന്നവരുണ്ട് എന്നാൽ അരൂപി ആ അഭിപ്രായത്തോട് തീരെ യോചിക്കുന്നില്ല. സാമൂഹിക വിഷയങ്ങളെ വിമര്ശിച്ച് പുരോഗമന ആശയങ്ങളിലേക്ക് സാഹിത്യകാരന്മാരെ നടത്താൻ പുകസക്ക് കഴിഞ്ഞിട്ടുണ്ട്. പൂന്താനം, കുഞ്ഞൻ നമ്പ്യാർ മുതലായവരൊക്കെ സാമൂഹ്യ വിമർശനം തുടങ്ങിയത് പുകസയുടെ കളരിയിൽ ആയിരിക്കും എന്നാണു അരൂപിയുടെ പക്ഷം. അല്ലാതെ ഇത്രയും സാമൂഹിക വിമർശനമോക്കെ ആർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ ?

വത്സല 'നെല്ല്' എഴുതിയത് കൊണ്ടോ ഗോതമ്പ് എഴുതിയത് കൊണ്ടോ ഒന്നുമല്ല സാഹിത്യകാരിയായത്. പുകസയുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അത് കൊണ്ട് തന്നെ വത്സല എന്ത് പറയണം ആരെ പിന്താങ്ങണം എന്നൊക്കെ പുകസ തീരുമാനിക്കുകയും ചെയ്യും. അമൃതാനന്ദമയി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയല്ല അവരെ വിലയിരുത്തേണ്ടത്. അവരെ പുകസ എങ്ങനെ കാണുന്നു എന്ന് നോക്കിയാണ്. അമൃതാനന്ദമയി സമൂഹത്തിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ടാകാം എന്നാൽ ഒരിക്കലും വിപ്ലവങ്ങളേക്കുറിച്ചു പ്രസംഗിച്ചിട്ടില്ല. അവർ സ്ത്രീയായിരിക്കാം പക്ഷെ പെണ്ണെഴുത്തിനെയും, ദളിത്‌ എഴുത്തിനെയും പറ്റി വാചാടോപം നടത്തിയിട്ടില്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും ദാസ് കാപിറ്റലും പഠിച്ചിട്ടില്ല. അവർ യദാർത്ഥത്തിൽ ലോക നന്മ ആഗ്രഹിചിരുന്നുവെങ്കിൽ പുകസയിൽ അങ്കമാകണം, കുറഞ്ഞ പക്ഷം ഇടതു പക്ഷത്തെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിൽ അതല്ലാത്തിടത്തോളം അവർ എന്ത് തന്നെ ചെയ്താലും അവരെ അംഗീകരിക്കാൻ സാധിക്കില്ല. ജി സുധാകരനും,,ബാലനും അങ്ങനെ കമ്മൂണിസ്റ്റ് നേതാക്കൾ അവരെ സന്ദർശിച്ച് ബഹുമാനിച്ച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടോ, സാക്ഷാൽ വി എസ് തന്നെ ആദരവ് പ്രകടിപ്പിച്ച് കത്തയച്ചു എന്നത് കൊണ്ടോ, ചൈനയും റഷ്യയും ബഹുമാനിച്ചു എന്നത് കൊണ്ടോ പുകസയുടെ സമീപനം മാറില്ല.'തേവരേക്കാൾ വലിയ ശാന്തി' എന്നത് പോലെ പുകസ ഇതിനൊക്കെ മുകളിലാണ്. അത് കൊണ്ട് തന്നെ ഇടതുപക്ഷമെന്നത് മനുഷ്യ പക്ഷമാണെന്നും ആ മനുഷ്യ പക്ഷത്താണ് അമൃതാനന്ദമയി നില്ക്കുന്നതെന്നും വത്സല പറഞ്ഞത് അപലപനീയം തന്നെയാണ്.

സാഹിത്യകാരൻ സാഹിത്യകാരൻ ആകുന്നത്  തന്റെ സ്വന്തം അധ്വാനം കൊണ്ടാണെന്നും, പിന്നീട് അവരുടെ പ്രശസ്തിയുടെ പേരില് തിന്നു കൊഴുക്കൽ ആണ് പുകസയിലെ ബുദ്ധി ജീവികളുടെ പണി എന്ന് പറയുന്നവർ നന്ദി ഇല്ലാത്തവരാണ്. ടോൾസ്റ്റൊയിയും, നെരൂദയും, അടക്കം ഇന്ന് അറിയപ്പെടുന്ന വത്സല അടക്കമുള്ളവരെ സാഹിത്യ ലോകത്ത് ഉയർത്തി കൊണ്ട് വന്നത് പുകസയാണ്. അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി ബുദ്ധിജീവി സമൂഹത്തിന്റെ വാഴ്തുപാട്ടിനു വിധേയയാവാൻ വത്സല തയാറാകണം എന്ന് അരൂപി അപേക്ഷിക്കുന്നു.

പിന്നെ അമൃതാനന്ദമയിയുടെ സേവനം യദാർത്ഥത്തിൽ ഇടതു പക്ഷ സാഹിത്യത്തിനു ഒരു ഭീഷണിയാണ്. പാവങ്ങളെ സഹായിച്ച് അവരെ ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലെക്ക് പരിവര്ത്തനം ചെയ്യുകയാണ് അവർ ചെയ്യുന്നത്. ഇല്ലാത്തവനും അവന്റെ കണ്ണീരും ഇല്ലാത്ത ഒരു ലോകത്തിൽ വര്ഗ്ഗ സമരത്തിനും അതിന്റെ കട്ട പു ക സാഹിത്യത്തിനും പിന്നെ എന്ത് സ്ഥാനം.

Monday, June 17, 2013

മോദിയുടെ ധാടിയും,ചിലരുടെ പേടിയും

                  


ഇന്ദ്രപ്രസ്ഥം അസ്വസ്ഥമാണ് പുരാതന രാജകുടുംബത്തിൽ അമ്മ തമ്പുരാട്ടി യുവരാജാവിനെ മുൻനിർത്തി രാജ തന്ത്രങ്ങൾ മെനയുകയാണ്. "ജനമെന്ന വിഡ്ഢിപ്പരിഷകൾ അങ്ങനെയാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കും, കോലം കത്തിക്കും, അന്തപ്പുരത്തിലെ അപരാധ കഥകൾക്കെതിരെ ആത്മരോഷം മുഴക്കും, അഴിമതിയിൽ മുക്കി ഞങ്ങളെ ഈ സർക്കാർ കൊല്ലുകയാണെന്ന് വിളിച്ചു കൂവും ഒടുവിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ ഇരിപ്പിന്റെയോ സബ്‌സീഡിയുടെയോ പേരിൽ കിട്ടുന്ന നക്കാപ്പിച്ചകൾ കണ്ടു കണ്ണ് മഞ്ഞളിച്ച്, കൂനിയ മുതുകും കൂമ്പിയ കണ്ണുമായ് രാജ ഹസ്തത്തിന് മുകളിൽ വിലയേറിയ സമ്മദിദാനാവകാശത്തിൻറെ പ്രജാ മുദ്ര പതിപ്പിച്ച് രാജാവിനെക്കാൾ വലിയ രാജഭക്തർ ആണ് തങ്ങൾ എന്ന് അവറ്റകൾ തെളീക്കും" കുടുംബ രാഷ്ട്രീയത്തിന്റെ സാമ-ദാന-ഭേത-ദണ്ഡങ്ങളുടെ പാഠങ്ങൾ അമ്മ തമ്പുരാട്ടിയിൽ നിന്നും യുവകോമള അമൂൽ മഹാരാജാവ് തിരുമനസ്സിലേക്കു പ്രവഹിച്ചു. യുദ്ധം ചെയ്യാൻ 'സിംഗ്'ആസനസ്ഥനായ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. എതിരാളി രഥയാത്രാമുത്തശ്ശനല്ല പകരം ഗുജറാത്തിൽ കഴിഞ്ഞ കുറെ ഇലക്ഷനുകളിൽ രാജവംശത്തിന്റെ 'കൈ' തല്ലി ഒടിച്ച ചരിത്രമുള്ള നരേന്ദ്ര മോദി.

ഭാരതത്തിലെ ഏറ്റവും നല്ല ജനാധിപത്യം ബി.ജെ.പി യിൽ ആണെന്നാണ്‌ പറയാറ്. തമ്മിലടിയും പാരവയ്പ്പും ആണ് ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്നാണു മറുപക്ഷത്തിന്റെ വാദം. സംഗതി എന്തായാലും ഈ ജനാധിപത്യം ഒക്കെ നീന്തി കടന്നു മോദി മുകളിൽ വരില്ല എന്ന് തന്നെയാണ് രാജകുടുംബവും, പാദ സേവകരായ മാധ്യമ വൃന്ദവും ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അഥവാ ഉയർന്നു വന്നാൽ തന്നെ അദ്വാനി'ജി'യും സുഷമ'ജി'യും അടക്കം മിക്ക വൻ 'ജി'കളും ഉടക്കി താമരപ്പാർട്ടി തവിട് പൊടിയാകുമെന്നു കരുതിയവർക്ക് ഒന്ന് തെറ്റി. തറവാട്ടു കാരണവർ ആദ്യം ഒന്നിടഞ്ഞെങ്കിലും നാഗ്പൂരിൽ നിന്നും നീട്ടിയൊരു വിസിൽ കേട്ടതും പഴയ കവാത്തും കബടിയും മറന്നിട്ടില്ല എന്ന് തെളീച്ച് മൂപ്പരും ഒതുങ്ങി. പിന്നെ ഒരു ജെ.ഡി. യു, അത്തരം പാർട്ടികളെ ഒക്കെ പെറുക്കികെട്ടി എൻ ഡി എ കെട്ടിപ്പോക്കിയത് കൊണ്ടാണ് (യു പി എ യുടെ ഭരണത്തെക്കാൾ എന്തുകൊണ്ടും ഭേതമെങ്കിലും) കാവി പാർട്ടിയുടെ അണികൾക്കോ നേതാക്കൾക്കോ പോലും തൃപ്തി നേടിക്കൊടുക്കാത്ത ഒരു ഭരണം നടത്തി അടുത്ത 10 വർഷത്തേക്ക് രാജ്യ ഭരണം സിംഗത്തിന്റെ കയ്യിലെത്തിയത്. അത്തരം ഒരു ഭരണം വേണ്ട എന്നത് തന്നെയാണ് കാവി പാർട്ടിയുടെ അണികളും നേതാക്കളും ഒക്കെ ആഗ്രഹിക്കുന്നതും. ജെ ഡി യു വിനെപ്പോലുള്ളവരെ ഒപ്പം നിർത്തി ഭരണ ചക്രം തിരിക്കുന്നതിലും ഭേതം, പ്രതിപക്ഷത്തിരിക്കുന്നതാണ്.

കാവിപാർട്ടിക്കാരും, ദേശീയ വാദികളും മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വികാരം ഇന്ത്യയുടെ ഭരണം ശേഷിയും ശേമുഷിയും ഉള്ള ആരെങ്കിലും കയ്യാളണം എന്നാണ്. നിവർന്നു നിൽക്കുന്ന നട്ടെല്ലും നട്ടെല്ല് മുട്ടെ നേരും നെറിയും ഉള്ള ഒരാളെ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖജനാവ് ചോര്ത്തി സ്വിസ്സ് ബാങ്ക് നിരക്കുന്ന കള്ളന്മാരെയും, മുണ്ടാപ്പൂച്ചകളായ നൂൽപ്പാവകളേയും കണ്ടു ഇന്ത്യ മടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി ഉയർന്നു വരുന്നത്. പാരമ്പര്യത്തിന്റെ ജാഡകളോ, പണക്കൊഴുപ്പിന്റെ ഗന്ധമോ ഇല്ലാത്ത ഒരു മുഖ്യ മന്ത്രി. ലോക പൊലീസായ അമേരിക്കയും അവരുടെ സാമന്ത രാജ്യങ്ങളും വിസ നിഷേധിച്ചിട്ടും, പത്ര മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞു നാട് മുഴുവൻ പാടിയിട്ടും, ജനങ്ങള് അദ്ദേഹത്തെ കൈവിട്ടില്ല. കലാപങ്ങളിൽ നിന്നും കലാപരഹിത ഗുജറാത്തിലെക്കുള്ള ദൂരം 'നമോ' എന്നരണ്ടക്ഷരം ആണെന്ന് ഗുജറാത്തികൾ പറയാതെ പറഞ്ഞു.

അന്ധമായ മത വാദത്തിൻറെ തോഗാഡിയൻ ഉത്പന്നമല്ല മോദി. മതത്തിന്റെ പേരില് ജനത്തെ ഇളക്കിവിടാത്ത നേതാവ് എന്ന വിശേഷണം താമരപ്പാർട്ടിയിൽ നരേന്ദ്ര മോദിക്കായിരിക്കും ഏറ്റവും യോജിക്കുക. അയോദ്ധ്യയിലെ ശ്രീ രാമന്റെ മന്ദിരത്തെക്കുറിച്ചല്ല മോദി സംസാരിക്കുന്നത് തന്റെ നാട്ടിലെ ദരിദ്ര രാമന്മാരുടെ കൂരകളേക്കുറിച്ചാണ്. താമരപാർട്ടിയിലെ വൻ 'ജി'മാരുടെ പാദ സേവകനോ വിനീത വിധേയനോ അല്ല മോദി, നാഗ്പൂരിലെ നീണ്ട വിസിലിനൊഴികെ മോദിയെ അനുസരിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന തിരിച്ചറിവ് താമരപ്പാർട്ടിയിൽ വൻ' ജി' കൾക്ക് വ്യക്തമായ് അറിയുകയും ചെയ്യാം എന്നിട്ടും മോദി ഒരു ജനതയുടെ വികാരമായ് തീർന്നു. ഭരണ പക്ഷത്തിന്റെ കൊള്ളരുതായ്മകൾ കാണുമ്പോൾ ജനം ചെവി കൂർപ്പിച്ചത് പ്രതിപക്ഷ നേതാവിലെക്കോ പ്രതിപക്ഷ പാര്ട്ടിയുടെ ദേശീയ നേതാക്കളിലെക്കോ അല്ല. ഗുജറാത്തിൻറെ മുഖ്യമന്ത്രിയുടെ ശബ്ദത്തിനായാണ്. ലോക പരിചയമില്ലാത്ത ഐ.ടി യുവ ജനതയുടെ പാതിരാ സ്വപ്നമല്ല മോദി, ഇന്ത്യൻ ഗ്രാമങ്ങളിലെ അന്ധമായ വീരാരാധനയുടെ ഉൽപ്പന്നവുമല്ല. മറിച്ച് സ്വപ്രയത്നത്തിലൂടെ ജനങ്ങളുടെ വിശ്വാസവും, സ്നേഹവും ആർജ്ജിച്ച ഭാരതത്തിന്റെ നേതാവാണ്‌.. രാജാവായ നേതാവല്ല. പ്രജയായ നേതാവ്.

മോദി എന്ന നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ആരൊക്കെ മറുകണ്ടം ചാടും എന്ന വ്യക്തമായ കണക്കുകൂട്ടൽ ഡൽഹിയിലെ 'തല'ക്കും, നാഗ്പൂരിലെ 'മസ്തിഷ്ക'ത്തിനും ഉണ്ടായിരുന്നിരിക്കണം. തരാതരം പയറ്റു മാറ്റുന്ന പ്രാദേശിക കക്ഷികൾ കാലും കൂറും മാറാം, പിന്നെ 'വർഗ്ഗീയ ശക്തികൾ' അധികാരത്തിൽ വരാതിരിക്കാൻ വിപ്ലവ പാർട്ടി ബൂർഷ്വാ മേഡത്തിനു പാദ സേവചെയ്യാം, എങ്കിലും നിധീഷ് എന്ന ഭാരം പേറി ഭരണത്തിന്റെ മുകളിളിരിക്കുകയും അതൃപ്ത തീരുമാനങ്ങൾ ഒരു നെടുവീർപ്പോടെ എടുക്കുകയും ചെയ്യുന്ന ഒരു അൽപ ജീവനായ എൻ ഡി എയെ മസ്തിഷ്കം ആഗ്രഹിക്കുന്നില്ല ഉണ്ടെങ്കിൽ നല്ലൊരു ഭരണം ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷം. അത് കൊണ്ട് തന്നെ കളിക്ക് പുതിയ രൂപവും ഭാവവും കൈവരുന്നു. ഇന്ദ്ര പ്രസ്ഥത്തിലെ ജനപഥങ്ങൾ ഇനി ഉറങ്ങില്ല. ശക്തനായ ഒരു ഭരണാധികാരിക്കായ് രാജവീഥി ഒരുങ്ങുമോ ?

അറിയില്ല ഇത് ഇന്ത്യയാണ്, സ്ഥിതിഗതികൾ മാറുവാനും മറിയുവാനും നിമിഷാർത്ഥങ്ങൾ പോലും ആവശ്യമില്ലാത്ത ഇന്ത്യ..

Monday, April 22, 2013

മതേതര ഗുരു..




     ശ്രീ നാരായണ ഗുരു ഒരു മതേതര ഗുരുവും ശിവഗിരി ഒരു മതേതര മഠവും ആണെന്ന് മാത്രമല്ല അവയെ ഹൈന്ദവവത്കരിക്കാൻ 'കുത്സിത' ശ്രമം നടക്കുന്നതായും ആണ് പിണറായി സഖാവിന്റെ നിരീക്ഷണം. സഖാവ് പറഞ്ഞത് തിരുത്തി പറയാൻ അരൂപി ആളല്ല. പ്രത്യേകിച്ചും ഇതിൽ പറഞ്ഞ രണ്ടു വാക്കുകളും അരൂപിക്ക് ഇനിയും വ്യക്തമായ് മനസ്സിലാക്കാൻ കഴിയാത്തവയാണ്: മതേതരത്വവും ഹൈന്ദവവും. മതേതരത്വം എന്നാൽ മതം ഇല്ലാത്ത അവസ്ഥയാണോ ? അതോ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന അവസ്ഥയാണോ ? നാരായണ ഗുരുദേവൻ ഇതിൽ എന്തായാലും ഒന്നാമത്തേതല്ല തീർച്ച. "ശങ്കരൻറെയും നമ്മുടെയും മതം ഒന്നുതന്നെ" എന്ന് പ്രഖ്യാപിച്ച ആളാണ്‌ നാരായണ ഗുരുദേവൻ(മേല്പ്പറഞ്ഞ ശങ്കരൻ സാക്ഷാൽ ശങ്കരാചാര്യർ തന്നെ അല്ലാതെ ഏലംകുളം മനക്കലെ ശങ്കരനല്ല)
അപ്പോൾ ഗുരുദേവൻ അദ്വൈത മതത്തെ തന്റെ മതമായി സ്വീകരിച്ചിരുന്നു എന്ന് ചുരുക്കം. പിന്നെ മതങ്ങളെ എല്ലാം തുല്യമായ് കാണ്ട് ബഹുമാനിക്കുന്ന മതേതരത്വം ആണെങ്കിൽ മറ്റെല്ലാ 'ഹൈന്ദവ' ആചാര്യന്മാരെയും പോലെ നാരായണ ഗുരുവും അങ്ങനെ ഉള്ള മതേതരൻ ആയിരുന്നു. ഇനി ഇത് രണ്ടുമല്ല അഭിനവ സത്വബോധ പാർട്ടി പ്രവർത്തനം പോലെ 'മതം' കൊണ്ട് വല്ലതും 'തരം' ആക്കുന്നതാണ് മതേതരത്വം എങ്കിൽ ഗുരുസ്വാമിയും അവിടുത്തെ മഠവും അതല്ല എന്ന് നിസ്സംശയം പറയാം.

     പിന്നെ രണ്ടാമത്തെ വാക്ക് 'ഹൈന്ദവം' ഈ കാവി നിറവും, ഭഗവത് ഗീതയും. സംന്യാസ പാരമ്പര്യവും, ക്ഷേത്രവും, സംസ്കൃതവും, വേദാന്തവും ഒക്കെയാണ് ഹൈന്ദവം എന്ന പദം കൊണ്ട് അഭിവന്ദ്യ സഘാവ് ഉദ്ദേശിച്ചതെങ്കിൽ ഹിന്ദു ദൈവതങ്ങളെക്കുറിച്ച് സംസ്കൃത കീർത്തനങ്ങളെഴുതുകയും, ക്ഷേത്രങ്ങളിൽ വിഗ്രഹ പ്രതിഷ്ഠ ചെയ്യുകയും, എല്ലാ മതങ്ങളും ഹിന്ദു ധർമത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് പറയുകയും ചെയ്ത നാരായണ ഗുരുവും, ഭാരതീയ സംന്യാസി പാരമ്പര്യവും, കാവിയും സമാധിയും, ദേവീപൂജയും ഒക്കെ പിന്തുടരുന്ന ശിവഗിരി മഠവും നല്ല ഒന്നാന്തരം ഹൈന്ദവ ബിംബങ്ങൾ തന്നെയാണ്.

"നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും"

     എന്ന് ദൈവദശകത്തിലൂടെ ഗുരുദേവൻ പാടിയത് ആ ആർഷ ദർശനം തന്നെയായിരുന്നു. ഇത് മതെതരമല്ല. ഇസ്ലാമിന്റെയൊ ക്രിസ്തുമതത്തിൻറെയോ, ഇടതുപക്ഷ തത്വ ചിന്തയുടെയോ ദര്ശനം ഇതല്ല. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് പറയുന്നത് മഹാപാപമായും ദൈവ നിന്ദയായും ആണ് ഇസ്ലാമും ക്രിസ്തുമതവും വീക്ഷിക്കുന്നത്. ഇടതുപക്ഷ തത്വ ചിന്ത സൃഷ്ടിയും സ്രഷ്ടാവും എന്നാ സങ്കല്പത്തിനെ തന്നെ എതിര്ക്കുന്നു. ഇത് തികച്ചും വേദാന്ത തത്വ ചിന്തയാണ്. ശങ്കരന്റെ, മധുസൂദന സരസ്വതിയുടെ, ചട്ടമ്പിസ്വാമികളുടെ, വിവേകാനന്ദന്റെ, അരവിന്ദരുടെ തത്വ ചിന്ത.
ഈ തത്വ ചിന്ത മതേതരമെങ്കിൽ വേദാന്തവും, സനാതന ധർമവും മതേതരമാണ് എന്ന് സമ്മതിക്കാതെ നിവൃത്തി ഉണ്ടാവില്ല.

     മാത്രമല്ല 'ഹിന്ദുത്വ-കാവി' അജണ്ട എന്ന് മൂത്ത സഖാക്കൾ ആക്ഷേപിക്കുന്ന, ഗോസംരക്ഷണവും, സസ്യാഹാരവും ഒക്കെ ഗുരുദേവന് നല്ല പഥ്യമുള്ള സംഗതികൾ തന്നെയായിരുന്നു. നിരീശ്വര വാദത്തിനെതിരെ പരിഹാസ ചിരി തോടുക്കാനും സ്വാമി തൃപ്പാദങ്ങൾ മറന്നിട്ടില്ല. കൂടാതെ മതപരിവര്ത്തന രസവാദം എഴുതിയത് ഗുരു തൃപ്പാദങ്ങളുടെ അനുഗ്രഹത്തോടെ ആയിരുന്നു എന്നതും വസ്തുതയാണ്.

     പിന്നെ മോഡി വരുന്ന കാര്യം, മറ്റാരെക്കാൾ അവിടെ ചെല്ലാൻ യോഗ്യൻ മോഡി തന്നെയാണ്.പല ഹിന്ദു സംഘടനകളും എതിര്ത്തിട്ടും ക്ഷേത്രങ്ങൾ അടക്കമുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയ മോഡി മതം അല്ല നോക്കിയത് ധര്മം ആണ്. അഴിമതി പുരളാത്ത കൈകളും, മത-സാമുദായിക നേതാക്കളെ കാണുമ്പോൾ കൂട്ടിയിടിക്കാത്ത്ത കാല്മുട്ടുകളും ഉള്ള മോഡി തന്നെയാണ് അറിവിപ്പുറത്തിന്റെ മണ്ണിൽ ഈഴവ ശിവനെ പ്രതിഷ്ടിച്ച തൻറേടിയായ ഗുരുദേവന്റെ സമാധി ഭൂമിയിൽ കടന്നു ചെല്ലാൻ യോഗ്യൻ.

     ശിവഗിരി മഠം, മതേതരം അല്ല ഹൈന്ദവം ആയി എന്ന് കരുതി വരാത്തവർ വരണ്ട. കാന്തപുരത്തും,അൻവാറശ്ശെരിയിലും, പോട്ടയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലും ഒക്കെ സഖാവ് പോയത് അതൊക്കെ മതേതരത്വത്തിന്റെയും, സാർവ ലൌകിക സ്നേഹത്തിന്റെയും അൾത്താരകൾ ആയതു കൊണ്ടല്ലല്ലോ ? ക്രൈസ്തവ മഹാരാജ്യത്തിന്റെ രാജകുമാരനായ് അഭിഷിക്തനായ കർദ്ദിനാൾ തിരുമേനിയുടെ വലം കൈ മുത്താൻ, പുരോഹിത- മുതലാളി വർഗ വിരുദ്ധ പാര്ട്ടിയുടെ അമ്പിനും വില്ലിനും അടുക്കാത്ത സമാരാധ്യരായ രണ്ടു നേതാക്കൾ ഒരേ മനമോടെ നട്ടെല്ല് കുനിച്ചു നിന്ന ആ കാഴ്ച ഇപ്പോളും കേരള ജനതയുടെ മനസ്സിൽ നിന്നുംമാറിയിട്ടില്ല. കത്തോലിക്കാ സഭയും ഇനി മതേതരം ആയോ എന്ന് അരൂപി പോലും സംശയിച്ചു പോയി

     ശിവഗിരി ഗുരുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും ശരീര ത്യാഗത്തിനു സാക്ഷിയായ ഭൂമിയാണ്, ശ്രീ ശാരദയെ പ്രതിഷ്ടിച്ച പുണ്യ ഭൂമി. കാവിയുടുത്ത തപോധനൻമാർ വൈദിക മന്ത്രങ്ങളാൽ പവിത്രമാക്കിയ ഭൂമി, ഗുരുവിനെ ഈശ്വരനായ് കണ്ടു ആരാധിക്കുന്ന ഭൂമി, അവിടം ആർഷ സംസ്കൃതിയുടെ, സനാതന ധർമത്തിൻറെ പുണ്യ ശ്രീ കോവിലാണ്. അയോധ്യയും ദ്വാരകയും പോലെ കാശിയും ഗയയും പോലെ, കന്യാകുമാരിയും കൈലാസവും പോലെ സനാതന ധർമത്തിന്റെ പുണ്യ തീർത്ഥാടന കേന്ദ്രം. അവിടെ ആരെങ്കിലും വരാതിരുന്നത് കൊണ്ട് ശിവഗിരി കണ്ണീർ പോഴിക്കില്ല. ആരെങ്കിലും വന്നത് കൊണ്ട് ഹർഷാരവം മുഴക്കുകയുമില്ല. ചെന്നവന്റെ ഭാഗ്യത്തിനും ചെല്ലാത്തവൻറെ ഭാഗ്യക്കെടിനെയും നോക്കി അർത്ഥ ഗർഭമായ് ഒന്ന് ചിരിച്ച് ശിവഗിരി തന്റെ മൌന തപസ്സു തുടരും..